സഖാക്കളെല്ലാം കൊല്ലത്ത്; സ്ഥലം എംഎല്‍എ മുകേഷിനെ മാത്രം കാണാനില്ല: 'സമ്മേളന പരിസരത്ത് കണ്ടുപോകരുതെന്ന്'
കൊല്ലം: സി പി എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ സ്ഥലം എം എല്‍ എ മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. സി പി എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് പാർട്ടി നേതൃത്വം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നടി നല്‍കിയ ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കി പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളന വേദിയില്‍ എത്തേണ്ടതെന്ന നിർദേശം സി പി എം സ്ഥലം എം എല്‍ എയ്ക്ക് നല്‍കിയത്.
പരിപാടികളില്‍ മുകേഷിനെ പങ്കെടുപ്പിക്കേണ്ടെന്നും പോസ്റ്ററുകള്‍ പടം വെക്കേണ്ടതില്ലെന്നും പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു. സാധാരണ ഗതിയില്‍ പാർട്ടി സമ്മേളനം നടക്കുമ്പോള്‍ ജില്ലയില്‍ നിന്നുള്ള എം എല്‍ എമാരെല്ലാം വേദിയിലോ സദസ്സിലോ ഉണ്ടാകാറുള്ളതാണ്. എന്നാല്‍ കൊല്ലത്ത് സമ്മേളനം നടക്കുമ്പോള്‍ മുകേഷ് ജില്ലയിലില്ല. അദ്ദേഹം തിരുവനന്തപുരത്തോ എറണാകുളത്തോ ആണെന്നാണ് സൂചന. ലൈംഗിക ആരോപണ കേസ് വന്നപ്പോള്‍ മുകേഷിന്റെ രാജിക്കായി സമ്മർദ്ദം ഉയർന്ന് വന്നപ്പോള്‍ പാർട്ടി അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു ചെയ്തത്.

പരാതിക്കാരി ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. ഡിജിറ്റില്‍ തെളിവ് ഉള്‍പ്പെടേയുള്ളവ എം എല്‍ എക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്നാണ് പൊലീസ് വാദം. വാട്സാപ്പ് ചാറ്റ്, ഇ-മെയില്‍ സന്ദേശം എന്നിവയ്ക്ക് പുറമെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എം എല്‍ എക്കെതിരായ പീഡന പരാതിയിലെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. താരസംഘടനയായ അമ്മയിലെ അംഗത്വം വാഗ്ധാനം ചെയ്ത് പല സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിക്കുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു. കേസില്‍ നേരത്തെ നടന് മുന്‍കൂർ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, സി പി എം സംസ്ഥാന സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പോരാട്ടങ്ങളിലൂടെയും ഐതിഹാസികമായ സമരത്തിലൂടെയുമാണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടി നയം നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരള ഘടകമാണ്. സീതാറാം യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മരണം പാര്‍ട്ടിക്ക് നികത്താനാകാത്ത നഷ്ടമാണ്. സി പി എം കേരള ഘടകം രാജ്യത്തെ തന്നെ കരുത്തുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications