'വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയർത്തിയ നേതാവ്', മുലായത്തിന് മുഖ്യമന്ത്രിയുടെ ആദരാജ്ഞലി
തിരുവനന്തപുരം: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ മരണത്തിൽ അനുശോചന പ്രവാഹം. വിശാല മതനിരപേക്ഷ പ്രസ്ഥാനങ്ങളോട് ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ച നേതാവാണ് മുലായം സിംഗ് യാദവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനുശോചനക്കുറിപ്പിൽ കുറിച്ചു. മതനിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ് : ' മുലയം സിംഗ് യാദവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ദേശീയ തലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. മൂന്നര പതിറ്റാണ്ട് യു പി നിയമസഭാംഗമായും മൂന്നു തവണ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശക്തമായ ജനകീയാടിത്തറയുടെ തെളിവാണ്.

മൂന്നു തവണ യു പി മുഖ്യമന്ത്രിയായും യുണൈറ്റഡ് ഫ്രണ്ട് മന്ത്രിസഭയിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു. എന്നും ജനങ്ങളോടും ഇടതുപക്ഷമുൾപ്പെടുന്ന വിശാല മതനിരപേക്ഷപ്രസ്ഥാനങ്ങളോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു. ദേശീയതലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം വീണ്ടും ശക്തമാകുന്ന ഈ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ്'.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുലായത്തിന് ആദരാജ്ഞലി അർപ്പിച്ചു. 'ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ടി സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഉത്തർപ്രദേശിന്റെ മണ്ണിൽ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കുന്നതിൽ മുന്നിൽ നിന്ന നേതാവായിരുന്നു അദ്ദേഹം. ആറര പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിലുടനീളം പുലർത്തിയ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള അചഞ്ചലമായ കൂറാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികനീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ ചലനാത്മകമാക്കുവാൻ സാധിച്ച സോഷ്യലിസ്‌റ്റ് നേതാവ് കൂടിയായിരുന്നു മുലായം സിങ്. ഇടതുപക്ഷ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലി '.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുശോചനക്കുറിപ്പ്: 'ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകനുമായ മുലായം സിങ് യാദവിന് ആദരാഞ്ജലികൾ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകനായിരുന്നു മുലായം സിംഗ് യാദവ്. രാജ്യത്തിന് മുലായം സിംഗ് യാദവ് നൽകിയ സംഭാവനകൾ നിർണായകമായിരുന്നു. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. മുലായം സിംഗ് യാദവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ'.












Click it and Unblock the Notifications