• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജൂത ഉന്മൂലനത്തെ പ്രകീർത്തിച്ച ഗോൾവാൾക്കറിന്റെയല്ല, ചരിത്രം തിരുത്തിക്കുറിച്ച ഡോ പൽപ്പുവിന്റെ പേര് നല്‍കണം- മുല്ലക്കര

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക് രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിട്ട് കേന്ദ്രമന്ത്രി

ജര്‍മനിയിലെ ജൂത ഉന്മൂലനം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന നല്ലൊരു പാഠമാണെന്ന് പറഞ്ഞ ആളാണ് ഗോള്‍വാള്‍ക്കര്‍ എന്നാണ് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറയുന്നു. ജാതിവ്യവസ്ഥയോട് പോരടിയ്ക്കുന്നതിനൊപ്പം ആരോഗ്യമേഖലയിലും മികവുറ്റ പ്രകടനം കാഴ്ചവച്ച ഡോ പല്‍പ്പുവിന്റെ പേരാണ് ഏറ്റവും ഉചിതമെന്നും മുല്ലക്കര ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

വെറുപ്പ് പ്രചരിപ്പിച്ച വ്യക്തി

വെറുപ്പ് പ്രചരിപ്പിച്ച വ്യക്തി

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാക്കറിന്‍റെ പേര് നല്‍കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. രാജ്യത്തിൻ്റെ ചരിത്രത്തിൽത്തന്നെ ഇത്രയധികം വെറുപ്പ് പ്രചരിപ്പിച്ച മറ്റൊരു വ്യക്തിയുണ്ടാകാൻ വഴിയില്ല.

 ജൂത കൂട്ടക്കൊല

ജൂത കൂട്ടക്കൊല

"ജർമ്മനി അതിന്റെ വംശത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി അവിടുത്തെ സെമിറ്റിക്‌ വംശങ്ങളെ- ജൂതൻമാരെ- ഉൻമൂലനം ചെയ്തുകൊണ്ട്‌ ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. ഹിന്ദുസ്ഥാനിലെ നമുക്ക്‌ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണിത്‌." എന്നായിരുന്നു അറുപത് ലക്ഷം ജൂതന്മാരെ വംശഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ഗോൾവൾക്കർ തൻ്റെ 'നമ്മൾ അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു' (We or Our Nationhood Defined) എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചത്. മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും രാജ്യത്തിൻ്റെ ശത്രുക്കളാണെന്നും അഹിന്ദുക്കൾക്ക് രണ്ടാം തരം പദവിയേ കൊടുക്കാൻ പാടുള്ളൂവെന്നും തുറന്നു പറഞ്ഞ ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമായിരുന്നു അയാൾ.

കേരളത്തിലെ വർണസങ്കലനം

കേരളത്തിലെ വർണസങ്കലനം

1960 ഡിസംബർ 17-ന് ഗോൾവൾക്കർ ഗുജറാത്ത് സർവ്വകലാശാലയിലെ സാമൂഹ്യശാസ്ത്ര വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കേരളത്തിൽ തൻ്റെ പൂർവ്വികരായ നമ്പൂതിരി ബ്രാഹ്മണർ നടത്തിയ " വർണ്ണസങ്കലന പരീക്ഷണത്തെക്കുറിച്ച്" ഊറ്റം കൊള്ളുന്നുണ്ട്. കേരളത്തിലെ മറ്റ് "അധഃസ്ഥിത വിഭാഗങ്ങൾ"ക്കിടയിൽ മികച്ച ഒരു മനുഷ്യവർഗത്തെ സൃഷ്ടിക്കാനുള്ള പരീക്ഷണമായിരുന്നു അതെന്നാണ് ഗോൾവൾക്കർ അവിടെ അഭിമാനത്തോടെ പറഞ്ഞത്.

കേരളത്തിലെ ജനങ്ങളെയൊന്നാകെ അപമാനിച്ച ഈ മനുഷ്യനെ നമ്മുടെ തലസ്ഥാനത്ത് കെട്ടിയിറക്കാനുള്ള സംഘപരിവാറിൻ്റെ ശ്രമം തീർച്ചയായും ചെറുക്കപ്പെടേണ്ടതുണ്ട്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വൈകുണ്ഠ സ്വാമിയുമെല്ലാം നവോത്ഥാനത്തിൻ്റെ ആശയങ്ങൾ പാകി അത് പുഷ്പിച്ച് നിൽക്കുന്ന ഈ മണ്ണിലേയ്ക്ക് ഇത്തരം വിഷവിത്തുകൾ പാകാൻ ആരെയും അനുവദിക്കരുത്.

ഡോ പൽപ്പുവിന്റെ പേര്

ഡോ പൽപ്പുവിന്റെ പേര്

കേരളത്തിൻ്റെ തലസ്ഥാനത്ത് ഒരു ശാസ്ത്രഗവേഷണ സ്ഥാപനമുണ്ടെങ്കിൽ അതിന് നൽകാൻ വേണ്ടത്ര പേരുകൾ ഇന്നാട്ടിൽത്തന്നെയുണ്ട്. കേരളത്തിൽ ക്യാൻസറിനെയും വൈറൽ രോഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിന് നൽകാൻ ഏറ്റവും അനുയോജ്യമായത് ഡോക്ടർ പല്പുവിൻ്റെ പേരാണ്. മെഡിക്കൽ പഠനം കഴിഞ്ഞുവന്നപ്പോൾ ജോലി കൊടുക്കാതെ തെങ്ങുചെത്താനായിരുന്നു പൽപ്പുവിനോട് അന്നത്തെ ജാതീയ ഭരണകൂടം പറഞ്ഞത്.

ഡോ പൽപ്പുവിന്റെ സംഭാവന

ഡോ പൽപ്പുവിന്റെ സംഭാവന

പക്ഷേ പൽപ്പു തെങ്ങുചെത്തിയില്ല. മൈസൂരിലെ വാക്സിൻ നിർമ്മാണശാലയുടെ മേൽനോട്ടക്കാരനായി. ഗോവസൂരിക്കെതിരായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ പൽപ്പു നിർമ്മിച്ചു. 1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും വിലവെയ്ക്കാതെ അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. പിന്നീട് മൈസൂരിൽ പ്ലേഗ് പടർന്നപ്പോഴും അദ്ദേഹം സേവനം നൽകി. മൈസൂരിലെ ലിംഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.

മെഡിക്കൽ രംഗത്തെ തൻ്റെ സേവനങ്ങൾ തുടരുന്ന കാലത്ത് തന്നെ തിരുവിതാംകൂറിൽ താൻ നേരിട്ട ജാതിവിവേചനത്തിനെതിരെ പോരാടി അധഃസ്ഥിതർക്ക് അവസരം നേടിക്കൊടുക്കാൻ അശ്രാന്തം പരിശ്രമിക്കുകയും ചെയ്ത മഹാനുഭാവനായിരുന്നു അദ്ദേഹം. ഡോ പൽപ്പുവിൻ്റെ പേരിൽ ഒരു ആരോഗ്യഗവേഷണ സ്ഥാപനം ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആവശ്യമാണ് .

നാം അതിനായി നിലകൊള്ളണം.

(മുല്ലക്കര രത്നാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്)

cmsvideo
  Farmer's announced bharath bandh on december | Oneindia Malayalam

  English summary
  Mullakkara Ratnakaran demands to Name RGCB second campus with Dr Palpu, instead of Golwalkar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X