'മുല്ലപെരിയാർ തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആകണം'; 'പുതിയ ഡാം വേണ്ട'; നിരാഹാര സമരം നടത്തി കർഷകർ
ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തണമെന്ന ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ കർഷകരുടെ സമരം. ആറ് ജില്ലകളിലെ കർഷകരാണ് ജലനിരപ്പ് സംബന്ധിച്ച് നിരാഹാര സമരം നടത്തിയത്. മധുരയിലാണ് സമരം സംഘടിപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കുന്ന കർഷകരാണ് സമരവുമായി രംഗത്തെത്തിയത്.
കർഷക കൂട്ടായ്മ നേതാവ് പി ആർ പാണ്ഡ്യൻ കർഷകരുടെ സമരം ഉദ്ഘാടനം ചെയ്തിരുന്നു. മുല്ലപെരിയാർ ഡാം തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആകണമെന്ന് സമരം ഉദ്ഘാടനം ചെയ്യവെ പാണ്ഡ്യൻ വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ എഞ്ചിനീയർമാരുടെ വിദഗ്ധ സംഘം കൃത്യമായ പരിശോധന നടത്തണം. ബേബി ഡാം ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിന് വിദഗ്ധസംഘം മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമേ ബേബി ഡാം ബലപ്പെടുത്താനായി മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, കേരളത്തിന്റെ ആവശ്യങ്ങളെ ശക്തമായി എതിർത്താണ് കർഷകർ മധുരയിൽ സമരം സംഘടിപ്പിച്ചത്. പുതിയ അണക്കെട്ട് കെട്ടാനുള്ള കേരളത്തിന്റെ ആവശ്യത്തെ തള്ളി കൊണ്ടായിരുന്നു കർഷകരുടെ പ്രതികരണം. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുത്. അണക്കെട്ടിന് സിഐഎസ്എഫ് സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായി മുന്നോട്ട് വരണം. റൂൾ കർവ് എന്ന സമ്പ്രദായം അനുവദിക്കാൻ പാടില്ല എന്നിങ്ങനെ നിരവധി ആവിശ്യങ്ങൾ കർഷകർ സമരത്തിലൂടെ വ്യക്തമാക്കി. നിരാഹാര സമരത്തിൽ തമിഴ്നാടിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ അഞ്ഞൂറിലേറെ കർഷകരാണ് സമരത്തിൽ പങ്കാളികളായി വന്നത്.
അതേസമയം, മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാൻ സുപ്രീം കോടതിയിൽ നോട്ടീസ് നൽകി ഇടുക്കി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. സേവ് കേരള ബ്രിഗേഡ് നൽകിയ കേസിൽ കക്ഷി ചേരാൻ ആണ് ഇദ്ദേഹം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. മുല്ലപ്പെരിയാർ കേസുകൾ അടുത്ത ആഴ്ച സുപ്രീംകോടതി അന്തിമ വാദം കേൾക്കാൻ ഇരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
മുല്ലപ്പെരിയാർ പണിത സമയത്ത് എൻജിനീയർമാർ നിർദ്ദേശിച്ച കാലയളവ് 50 വർഷമാണ്. എന്നാൽ, ഇതിനെക്കാൾ ഇരട്ടി വർഷം നാം പിന്നിട്ടു കഴിഞ്ഞു . അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കാൻ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് അപേക്ഷയിൽ ആവശ്യപ്പെടുന്നു. അണക്കെട്ട് തകർന്നേക്കാം എന്ന ആശങ്കകൾ സാങ്കല്‍പ്പികമാണ്. ഇത്തരം വാദങ്ങൾ ഉയർത്തി ആർക്കും ഇക്കാര്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും അദ്ദേഹം നോട്ടിസീൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications