മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉടൻ
മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉടൻ
മുല്ലപ്പെരിയാരിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കുന്നതിനായി തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ വനം വകുപ്പിന്റെ ഉത്തരവ് കേരളം മരവിപ്പിച്ചു. വാർത്താ സമ്മേളനത്തിലൂടെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. അനുമതി നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അസാധാരണമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഐ എഫ് എസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിക്ക് നേരിട്ട് നടപടി എടുക്കാനാവില്ല. എന്നാൽ, ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ മരംമുറി ഉത്തരവ് മന്ത്രി മരവിപ്പിക്കുകയാണെന്നും വ്യക്തമാക്കി.

സംഭവത്തിൽ മരം മുറി ഉത്തരവിനെ കുറിച്ച് മാധ്യമ വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി താൻ ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ അടിയന്തര റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഉത്തരവ് മരവിപ്പിക്കാൻ മന്ത്രി തീരുമാനിച്ചത്. തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നുവെന്നും തുടർ നടപടികൾ മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉന്നത നിർദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണു തീരുമാനമെടുത്തത്. എന്നാൽ, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്നലെയാണ് ഈ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ, ചാനൽ വാർത്ത കണ്ടപ്പോഴാണ് വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച് വിവരമറിഞ്ഞതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്.

തമിഴ്നാട് ജല വിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ച് മാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനം വകുപ്പിന്റെ അറിയിപ്പ് ലഭിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്ന സന്ദർഭത്തിലാണ് ഈ സംഭവവികാസം. ഇതോടെയാണ് തിടുക്കത്തിൽ ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.
Recommended Video

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് സ്റ്റാലിന്‍ കത്തയക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications