ഹിന്ദുത്വ ശക്തികള്‍ക്കും സിപിഎമ്മിനും പൊതുശത്രു കോണ്‍ഗ്രസ്, അന്തര്‍ധാര തുടരുകയാണെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: കാസര്‍കോട് ബി ജെ പി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനം ഉപരോധിച്ച സംഭവത്തില്‍ പ്രതികരിച്ച് കെ പി സി സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സംസ്ഥാനത്ത് സി പി എം- ബി ജെ പി അന്തര്‍ദ്ധാര തുടരുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇതു യാദൃശ്ചികമെല്ലന്നും മുഖ്യമന്ത്രിയും ബി.ജെ.പി. നേതൃത്വവും തമ്മില്‍ കോണ്‍ഗ്രസ്സ് വിമുക്ത കേരളം ലക്ഷമാക്കി നടത്തിയ രഹസ്യ ധാരണയാണ് ഇതൊക്കെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കും സി.പി.എമ്മിനും പൊതു ശത്രു കോണ്‍ഗ്രസ്സ് തന്നെയാണ്. കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭൂമികയി ലൂടെയാണ് ഇരു പാര്‍ട്ടികളും സഞ്ചരിക്കുന്നതു. കോണ്‍ഗ്രസ്സ് നിതാന്ത ജാഗ്രത പുലര്‍ത്തിയേപറ്റു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,
സി .പി. എം. - ബി .ജെ. പി. അന്തര്‍ദ്ധാര തുടരുന്നു ....
കുമ്പള പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്ഥാനങ്ങള്‍ സി പി എം സഹായത്തോടെ ബി. ജെ.പി. കരസ്ഥമാക്കിയതിനെ തുടര്‍ന്നു, ബി ജെ പി പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് ജില്ലാ ബി. ജെ . പി.ഓഫീസ് താഴിട്ടുപൂട്ടി പ്രതിഷേധിച്ചിരിക്കുന്നു. ഇത് അസാധാരണമായ ഒരു സംഭവമേയല്ല. സംസ്ഥാന വ്യാപകമായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എം. ഉം ബി. ജെ. പി.യും ധാരണയിലേര്‍പ്പെട്ട കാര്യം വസ്തുതകളും കണക്കുകളും വെച്ച്, കെ. പി. സി. സി അദ്ധ്വക്ഷന്‍ എന്ന നിലയില്‍ അന്ന് തന്നെ ഞാന്‍ ചൂണ്ടി കാണിക്കുകയുണ്ടായി. ഇതു യാദൃശ്ചികമെല്ലന്നും മുഖ്യ മന്ത്രിയും ബി ജെ പി നേതൃത്വവും തമ്മില്‍ കോണ്‍ഗ്രസ്സ് വിമുക്ത കേരളം ലക്ഷമാക്കി നടത്തിയ രഹസ്യ ധാരണയായിരുന്നുവെന്നും ഞാന്‍ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ധാരണ തുടരാനാണ് തീരുമാനമെന്നും ഞാന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഞ്ചേശ്വരത്ത് മത്സരിച്ച സംസ്ഥാന ബി ജെ പി. അദ്ധ്യക്ഷന്‍ ശ്രീ കെ.സുരേന്ദ്രനെ നിയമ സഭയിലെത്തിച്ച് അക്കൗണ്ട് തുറക്കാന്‍ ധാരണയുറപ്പിച്ചെന്ന എന്റെ പ്രസ്താവനയെ ബി ജെ പിയോ സി പി എം ഓ ശക്തമായി എതിര്‍ക്കാന്‍ രംഗത്തു് വന്നില്ല. ബോധപൂര്‍വം അത് കേട്ടില്ലെന്ന് ധരിക്കുകയായിരുന്നു ഇരുവരും . എന്നാല്‍ കോണ്‍ഗ്രസ്സിലെ ഉത്തരവാദപ്പെട്ട പലരും അതിശക്തമായ പരസ്യ പ്രസ്താവനയിലൂടെ എന്നെ അധിക്ഷേപിക്കുകയായിരുന്നു. അവസാനം വോട്ടെണ്ണിയപ്പോള്‍ സി.പി.എം. സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടു കുറയുന്ന കാഴ്ചയാണ് കേരളം കണ്ടത്.
വ്യക്തമായ വിവരങ്ങളുടെ പിന്‍ ബലത്തിലായിരുന്നു ഞാന്‍ സി. പി .എം. - ബി ജെ പി. അന്തര്‍ദ്ധാരയുടെ പിന്നാമ്പുറങ്ങള്‍ പലവട്ടം പറയാനിടയായത്. സി.പി.എം. നോ ബി ജെ പി യ്‌ക്കോ രാഷ്ട്രീയ അസ്പൃശ്യതയില്ലെന്ന് ദേശീയ പ്രസ്ഥാന കാലം മുതല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ഹിന്ദു തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ച നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ പല ഘട്ടങ്ങളിലും എടുത്തു പറഞ്ഞിട്ടുണ്ട്. പിണറായി കൂത്തുപറമ്പില്‍ നിന്ന് 1977ല്‍ മത്സരിച്ചപ്പോള്‍ ജനസംഘിന്റെ പിന്‍ തുണയില്‍ നേരിയ വോട്ടിന് വിജയിച്ച കാര്യവും കേരളത്തിനറിയാം. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കും സി.പി.എം. നും പൊതു ശത്രു കോണ്‍ഗ്രസ്സ് തന്നെയാണ്. കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭൂമികയി ലൂടെയാണ് ഇരു പാര്‍ട്ടികളും സഞ്ചരിക്കുന്നതു്. കോണ്‍ഗ്രസ്സ് നിതാന്ത ജാഗ്രത പുലര്‍ത്തിയേപറ്റു.












Click it and Unblock the Notifications