മുനമ്പം മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ പരിഹരിക്കേണ്ട വിഷയം അല്ല; എംവി ഗോവിന്ദന്‍
തിരുവനന്തപുരം: മുനമ്പത്തിന്റെ പേരില്‍ ക്രിസ്ത്യാനികളെ അനുകൂലമാക്കി മാറ്റാമെന്ന ബി ജെ പിയുടെ സ്വപ്നം അവസാനിച്ചു എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുനമ്പം പ്രശ്നം യഥാര്‍ഥത്തില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ പരിഹരിക്കേണ്ട വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ മതനിരപേക്ഷ ഉള്ളടക്കം മുന്‍നിര്‍ത്തി മതസൗഹാര്‍ദത്തിലൂന്നിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് എന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു. ഇന്ന് മുസ്ലീങ്ങള്‍ക്ക് എതിരായിട്ടാണെങ്കില്‍ നാളെ ക്രൈസ്തവര്‍ക്കെതിരെയാണ് എന്ന പ്രഖ്യാപനമാണ് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനം എന്നും അദ്ദേഹം വിമര്‍ശിച്ചു.

ഓര്‍ഗനൈസറുടെ ലേഖനം പുറത്തു വന്നതോടെ ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് ഇക്കാര്യം മനസിലായി. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് പള്ളിക്ക് എന്നാണ് ലേഖനം പറയുന്നത്. അതില്‍ നിന്ന് തന്നെ അവരുടെ അടുത്ത ലക്ഷ്യം ക്രിസ്തീയ വിഭാഗങ്ങള്‍ ആണ് എന്ന് മനസിലാക്കാം എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഇടതുപക്ഷം മുന്നോട്ട് വച്ച കാഴ്ചപ്പാട് ആണ് ശരി എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നത് എന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളെ കവര്‍ന്നെടുത്തു രണ്ടാം പൗരന്മാരായി തരംതാഴ്ത്തുകയാണ് ലക്ഷ്യമിടുന്നത്. വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ ഒളിച്ചോടിയെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.
'വയനാട് എംപി വന്നതേയില്ല. കണ്ണൂരില്‍ നിന്നുള്ള എം പിയുടെ പേര് മൂന്നു തവണ വിളിച്ചു. എന്നിട്ടും സംസാരിച്ചില്ല. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ഇടയിലും സി പി എം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു,' അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ക്ക് ആരെയും കാത്തിരിക്കേണ്ട കാര്യമില്ല. രാഷ്ട്രീയ സാഹചര്യം നോക്കി മുന്നോട്ടുപോകും. യു ഡി എഫില്‍ വലിയ കുഴപ്പമുണ്ട്. കോണ്‍ഗ്രസില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ട് എന്നതല്ലേ പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. നിലമ്പൂരില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അവിടത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല,' ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അവിടെ ഇടതുമുന്നണി നല്ല രീതിയിലുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടം ആയാണ് കാണുന്നത്. പി വി അന്‍വര്‍ നില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല എന്നും അന്‍വറിന്റെ സ്ഥാനാര്‍ഥി ആരാകണം യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആരാകണം എന്ന പ്രശ്നമാണ് അവിടെ നടക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു.












Click it and Unblock the Notifications