വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം മുനമ്പത്തുകാര്‍ക്ക് നീതി കിട്ടില്ല; തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി
കൊച്ചി: വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാര്‍ക്ക് നീതി ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു. വഖഫ് ഭൂമി വിഷയത്തില്‍ മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമവഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. മുനമ്പം പ്രശ്‌നം പരിഹരിക്കുന്നത് വരെ കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'നിയമഭേദഗതി വഴി വഖഫ് ബോര്‍ഡിന്റെ അധികാരത്തിലും ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാം. വഖഫ് നിയമം മുസ്ലീങ്ങള്‍ക്കെതിരല്ല. മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും വോട്ട് ബാങ്ക് ആകരുത്. വഖഫ് നിയമം ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ല,' റിജിജു പറഞ്ഞു.

ബിജെപിയുടെ പേരുപറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നും കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകും എന്നും അദ്ദേഹം ചോദിച്ചു. വഖഫ് ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരായ നീക്കമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ നിഷ്പക്ഷതക്കും നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കളക്ടര്‍ക്ക് നല്‍കിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം എന്നും ഈ സാഹചര്യം കണക്കിലെടുത്താണ് അമുസ്‌ലിംകളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്നും മന്ത്രി വിശദീകരിച്ചു. വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് എന്നും സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
'നിയമ ഭേദഗതി വന്നില്ലെങ്കില്‍ ഏത് ഭൂമിയും വഖഫ് ഭൂമിയാകുന്ന അവസ്ഥയായിരുന്നു. മുനമ്പത്തെ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ മുനമ്പത്തുകാര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടറോട് മുനമ്പത്തെ രേഖകള്‍ പുനഃപരിശോധിക്കാന്‍ ഉത്തരവിടണം,' അദ്ദേഹം പറഞ്ഞു.
മുനമ്പം പ്രശ്നം തന്നെ അസ്വസ്ഥതപ്പെടുത്തിയ വിഷയമാണ് എന്നും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത് എന്നും റിജിജു അവകാശപ്പെട്ടു. അതിനിടെ ചര്‍ച്ച് ആക്ട് പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പത്ത് 'നന്ദി മോദി' എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
അതേസമയം 404 ഏക്കറില്‍ താമസിക്കുന്ന 200 ഓളം പേര്‍ക്ക് അവരുടെ ഭൂമി റവന്യൂ അധികാരങ്ങളോടെ തിരിച്ചുകിട്ടാന്‍ ഈ നിയമത്തില്‍ ഏത് വകുപ്പാണ് ഉള്ളതെന്ന ചോദ്യത്തോട് മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.












Click it and Unblock the Notifications