മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പായിരുന്നു നിര്‍ണായകം; പി രാജീവ്
കൊച്ചി: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് കരം അടയ്ക്കാന്‍ സാധിച്ചതിനാല്‍ ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്ന സമരം മുനമ്പം നിവാസികള്‍ അവസാനിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ബിജെപി അനുകൂലികളാണ് ഇവര്‍ എന്ന് മറുവിഭാഗം പറയുന്നു.
അതേസമയം, സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപന ദിവസം മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ മുനമ്പത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടാണ് വിഷയത്തില്‍ നിര്‍ണായകമായത് എന്ന് മന്ത്രി രാജീവ് പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതുമെല്ലാം അദ്ദേഹം എടുത്തു പറഞ്ഞു.

മന്ത്രി പി രാജീവ് മുനമ്പം വിഷയത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''സ്വന്തം മണ്ണില്‍ നിന്നും ഇറക്കിവിടപ്പെടുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന മുനമ്പം ജനത, സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ ഭാഗമായി കൂടി ഉണ്ടായ ഹൈക്കോടതിയുടെ അനുകൂല വിധി വന്നതോടെ സന്തോഷത്തോടെയാണ് 414 ദിവസത്തിന് ശേഷം സമരപ്പന്തലില്‍ നിന്ന് പിരിഞ്ഞുപോകുന്നത്.
ഈ വിഷയത്തിന്റെ പേരില്‍ മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പായിരുന്നു വിഷയത്തിലെ നിര്‍ണായക തീരുമാനം. ഇതിനായി എല്ലാ വഴിയും പരിശോധിക്കുമെന്നും ഞങ്ങള്‍ മുനമ്പം ജനതയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ജനങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു.
കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായിരുന്നെങ്കിലും സിംഗിള്‍ ബെഞ്ച് കമ്മീഷന്റെ ആധികാരികതയെ ചോദ്യം ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ?ഈ നിയമപരമായ തീര്‍പ്പ് തന്നെയാണ് മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ കരം അടക്കാമെന്ന നിര്‍ണായകമായ ഇടക്കാല ഉത്തരവിലേക്ക് നയിച്ചത്.
മുനമ്പത്തെ ഭൂവിഷയം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി ഒപ്പമുണ്ടെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായിട്ടുണ്ട്. ഭൂമിയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധ്യമാകുന്നതെന്തെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്. ഒരുദിവസത്തെ കൈയടിക്കുവേണ്ടിയുള്ള പ്രഖ്യാപന അല്ല സര്‍ക്കാര്‍ ലക്ഷ്യമിട്ടത്, ഈ പ്രശ്‌നത്തിലെ ശാശ്വതമായ പരിഹാരമാണ്.
കരം അടക്കാനുള്ള അവകാശം നിഷേധിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയതും സര്‍ക്കാരാണ്. അനുകൂലമായ വിധി വന്നയുടന്‍തന്നെ കരമടക്കാനുള്ള സംവിധാനവും ഞങ്ങള്‍ ഏര്‍പ്പെടുത്തി. ആദ്യം മുതലുള്ള സര്‍ക്കാര്‍ നിലപാടില്‍ ഇപ്പോഴും അണുവിട മാറ്റമില്ല. മുനമ്പത്തെ ജനതയ്ക്ക് മുഴുവന്‍ റവന്യൂ അവകാശങ്ങളും ലഭ്യമാക്കുംവരെ സര്‍ക്കാര്‍ ഒപ്പമുണ്ടാകും.''












Click it and Unblock the Notifications