മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്: അർഹരായ 87 ഗുണഭോക്താക്കളുടെ പട്ടിക കൂടി പുറത്തുവിട്ട് സർക്കാർ
കല്‍പ്പറ്റ: രാജ്യത്തെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് പുനരധിവാസത്തിന് അർഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ (അന്തിമ ലിസ്റ്റ്) പട്ടിക പ്രസിദ്ധീകരിച്ച് സർക്കാർ. 87 ഗുണഭോക്താക്കളാണ് അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ടാംഘട്ട കരട് 2-എ ലിസ്റ്റിലുൾപ്പെട്ട 81 ഗുണഭോക്താക്കളും കരട് പട്ടിക പ്രകാരം ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും ഗുണഭോക്തൃ പട്ടികയിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡ പ്രകാരം കണ്ടെത്തിയ ആറ് പേരെ ഉൾപ്പെടുത്തി തയ്യാറാക്കിയ അന്തിമ പട്ടികയിലാണ് 87 ഗുണഭോക്താക്കളുള്ളത്.
ദുരന്ത പ്രദേശത്ത് വിദഗ്ധ സമിതി രേഖപ്പെടുത്തിയ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ സ്ഥല പരിശോധന നടത്തിയാണ് 81 പേരുൾപ്പെട്ട കരട് 2-എ ലിസ്റ്റ് തയ്യാറാക്കിയത്. കളക്ടറേറ്റ്, മാനന്തവാടി സബ് കളക്ടറുടെ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്തിലും ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും പൊതുജനങ്ങൾക്ക് അന്തിമ പട്ടിക പരിശോധിക്കാം. അന്തിമ പട്ടികയിൽ ആക്ഷേപം, പരാതി ഉള്ളവർക്ക് ദുരന്ത നിവാരണ (എ) വകുപ്പിൽ നൽകാമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

അതേസമയം, ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ കളക്ടർ കഴിഞ്ഞ ദിവസം നേരില്‍ കണ്ടിരുന്നു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കിയത്. 107 പേരാണ് കളക്ടറേറ്റില്‍ എത്തിയത്. ഇതില്‍ 12 പേര്‍ വീടിനായി സമ്മതപത്രം നല്‍കി. ഒരാള്‍ സാമ്പത്തിക സഹായത്തിന് സമ്മതപത്രം നല്‍കി.
ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സംബന്ധിച്ച് സമ്മതപത്രം സ്വീകരിക്കുന്നതിനായി നടത്തിയ ആദ്യ ദിന കൂടിക്കാഴ്ചയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 107 ആളുകളെയാണ് കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷനിൽ നേരില്‍ കണ്ടത്.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നതെന്നും കളക്ടർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications