കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചപ്പാത്തിച്ചോലയെന്ന് പിണറായി! എമ്പിളൈ എരുമയെന്ന് തിരുവഞ്ചൂര്‍!! രാജിവയ്ക്കുന്നെന്ന് മാണി

പ്രമുഖ നേതാക്കളുടെ സഭയിലെ നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ സമരക്കാരും മന്ത്രി മണിയും കൈയേറ്റവുമെല്ലാം കീഴടക്കിയ നിയമസഭയിലെ ചൊവ്വാഴ്ചത്തെ ചര്‍ച്ചകളില്‍ പ്രമുഖര്‍ക്കെല്ലാം നാക്കുപിഴച്ചു. മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ചയും വാഗ്വാദങ്ങളും കൊടുമ്പിരി കൊള്ളുമ്പോഴാണ് നേതാക്കളുടെ നാക്കുപിഴ.

മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ വാക്കുകള്‍ തെറ്റിച്ചതോടെ വാഗ്വാദങ്ങള്‍ക്കിടയിലും നിയമസഭയില്‍ ചിരിപടര്‍ത്തി. ഇതോടെ പോരിന്റെ ചൂട് അല്‍പ്പമൊന്ന് കുറഞ്ഞെങ്കിലും പ്രതിപക്ഷം വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു.

തെറ്റ് പറ്റാത്തവര്‍ ആരുണ്ട്

മൂന്നാര്‍ ഭൂമി കൈയേറ്റം, മന്ത്രി മണിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശം തുടങ്ങിയ കാര്യങ്ങളില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് നേതാക്കളുടെ വാക്കുകള്‍ മാറിയത്. മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനും പുറമെ, കെഎം മാണിക്കും നാക്കുപിഴച്ചതോടെ ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും പ്രാതിനിധ്യം ഉറപ്പിച്ചു.

മുഖ്യന്റെ തമാശ

പാപ്പാത്തിച്ചോലയിലെ വിവാദ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്ക് നാക്ക് പിഴച്ചത്. നേതാക്കള്‍ക്കിടയില്‍ ആദ്യം നാക്ക് പിഴ സംഭവിച്ചതും മുഖ്യമന്ത്രിക്ക് തന്നെ. പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയെന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞത്.

ചിരി തുടങ്ങി

രണ്ടുമൂന്നു തവണ മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം ചപ്പാത്തിച്ചോല വിട്ട് പാപ്പാത്തിച്ചോലയിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും പ്രതിപക്ഷ നിരയില്‍ അടക്കം പറച്ചില്‍ തുടങ്ങിയിരുന്നു.

പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂര്‍

എന്നാല്‍ പ്രതിപക്ഷ നിരയില്‍ നിന്നു സംസാരിച്ച മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോശമാക്കിയില്ല. മണിക്കെതിരേ കത്തിക്കയറിയ അദ്ദേഹം പൊമ്പിളൈ ഒരുമൈ എന്ന മൂന്നാറിലെ വനിതാ സംഘടനയെ എമ്പിളൈ എരുമയെന്നാണ് പറഞ്ഞത്. ഇതേ വാക്ക് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു.

തിരുവഞ്ചൂര്‍ പരിചയസമ്പന്നന്‍

ഏറെ നേരത്തിന് ശേഷമാണ് തിരുവഞ്ചൂര്‍ പൊമ്പിളൈ ഒരുമൈയിലേക്ക് തിരിച്ചെത്തിയത്. ഇതാദ്യമല്ല തിരുവഞ്ചൂരിന് നാക്കുപിഴക്കുന്നത്. മന്ത്രി ആയിരിക്കെ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം വാക്കുകള്‍ തെറ്റിച്ചതു സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇപ്പോഴും തമാശയാണ്.

കെഎം മാണി ഞെട്ടിച്ചു

മന്ത്രി മണി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുമ്പോഴാണ് കെഎം മാണി കാര്യങ്ങള്‍ തകിടം മറിച്ചത്. സഭയില്‍ നിന്നു ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, മണി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നുവെന്നാണ് പറഞ്ഞത്.

നാക്കുപിഴ വൈറല്‍

പ്രമുഖ നേതാക്കളുടെ സഭയിലെ നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തെറ്റാര്‍ക്കും പറ്റുമെന്ന വാദവുമായി നേതാക്കളുടെ അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും നിയമസഭയിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ ഉണ്ടാവുന്ന ഇത്തരം തെറ്റുകളിലെ തമാശകളും ആസ്വദിക്കുന്നവര്‍ കുറവല്ലെന്ന് സാരം.

മൂന്നാര്‍ സമരം കത്തുന്നു

അതേസമയം, അശ്ലീല ചുവയുള്ള പ്രസംഗത്തിലൂടെ സ്ത്രീകളെ അപമാനിച്ച വൈദ്യുതി മന്ത്രി എം എം മണിക്കെതിരായ സമരത്തില്‍ മൂന്നാര്‍ ജ്വലിക്കുകയാണ്. പൊമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നിരാഹാര സമരം തുടങ്ങി. മണി നേരിട്ടെത്തി മാപ്പ് പറയണമന്നാണ് ആവശ്യം.

മണിക്ക് കരിങ്കൊടി

പൊമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ തങ്കമണിയും ഗോമതിയുമാണ് നിരാഹാര സമരം തുടങ്ങിയത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മണി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും സമരത്തിലാണ്. മന്ത്രി എംഎം മണിയുടെ വീടിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേരാണ് സമരം നടത്തിയത്. മന്ത്രിയുടെ വാഹനം കടന്നു പോകുമ്പോള്‍ ഇവര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് പിടിച്ചുമാറ്റി. തിരുവനന്തപുരത്തും മണിക്ക് കരിങ്കൊടി കാണിച്ചു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പിന്തുണ

മൂന്നാറിലെ സ്ത്രീ സമരത്തിന് കോണ്‍ഗ്രസും ബിജെപിയും പിന്തുണ നല്‍കുന്നുണ്ട്. ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും കൂട്ടരും കഴിഞ്ഞദിവസം സമരപ്പന്തലിലെത്തിയിരുന്നു. വിവി രാജേഷ്, ബിനു ജെ കൈമള്‍ തുടങ്ങിയവരും ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ, കൊച്ചുത്രേസ്യ പൗലോസ്, ആം ആദ്മി പാര്‍ട്ടി നേതാവ് സിആര്‍ നീലകണ്ഠന്‍ എന്നിവരും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. അതേസമയം, സമരത്തിന് തോട്ടം തൊഴിലാളികളുടെ കാര്യമായ പിന്തുണ നേടാന്‍ ഗോമതിക്കും കൗസല്യക്കും സാധിച്ചിട്ടില്ല.

English summary
Munnar Pombillai Orumai Protest to 3rd day, women leaders starts hunger strike, But Leaders including Chief Minister said it wrongly at Assembly,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X