ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ? പ്രതീക്ഷ നല്‍കുന്നത് ഇത്തരം ഉത്തമമാതൃകള്‍
ജനങ്ങളുടെ സ്‌നേഹത്തിനൊപ്പം രാഷ്ട്രീയ എതിരാളികളുടെയും ബഹുമാനം നേടിയിട്ടുള്ള നേതാവാണ് അന്തരിച്ച വിഎസ് അച്യുതാനന്ദന്‍. അതിനു കാരണം അദ്ദേഹം പിന്നീട്ട കനല്‍ വഴികളും അടിസ്ഥാന ജന വിഭാഗത്തിന്റെ ഉന്നമനത്തിനായി നടത്തിയ ആത്മാര്‍ത്ഥമായ ശ്രമങ്ങളുമാണ്. അദ്ദേഹത്തിന്റെ ശൈലികളെയും നിലപാടുകളെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ് രാഷ്ട്രീയ ഭേദമന്യേ ഇവിടുത്തെ ഭൂരിപക്ഷം നേതാക്കളും.
രാഷ്ട്രീയത്തിനപ്പുറം വിഎസിനെ കേരളം എത്രത്തോളം സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് കേരളത്തില്‍ ഉടനീളം കണ്ടത്. ഹരിപ്പാട് വഴിയരികില്‍ കാത്തുനിന്ന അനേകായിരം ജനങ്ങള്‍ക്കൊപ്പം ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നു. രമേശ് ചെന്നിത്തലയായിരുന്നു അത്. സ്വന്തം നിയോജക മണ്ഡലമായ ഹരിപ്പാടാണ് അദ്ദേഹം മഴയെ അവഗണിച്ച് ഏറെനേരം വിലാപയാത്രയ്ക്കായി കാത്തുനിന്നത്.

വിലാപയാത്ര എത്തിയപ്പോള്‍ ബസിനുള്ളില്‍ കയറി രമേശ് ചെന്നിത്തല തന്റെ പ്രിയ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. വ്യക്തിപരമായി ഞങ്ങള്‍ വളരെ അടുപ്പം ഉള്ളവരാണെന്നും ഹരിപ്പാട് വരുമ്പോള്‍ വിഎസിനെ സ്വീകരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നുമാണ് അരികിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് രമേശ് ചെന്നിത്തല പ്രതികരിച്ചത്
വഴിയരികില്‍ സാധാരണക്കാര്‍ക്കൊപ്പം കാത്തുനിന്ന രമേശ് ചെന്നിത്തലയുടെ ദൃശ്യങ്ങള്‍ വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതേക്കുറിച്ച് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ച ഹൃദ്യമായ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
ഇങ്ങനെ ഒരു കാഴ്ച കേരളത്തില്‍ അല്ലാതെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും കാണാന്‍ ആകുമോ എന്നാണ് മുരളി തുമ്മാരുകുടി ചോദിക്കുന്നത്. ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ടാണ് കേരളം പ്രതീക്ഷ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്ങനെയാണ് ഒരു മനുഷ്യന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത്രയും പ്രിയങ്കരന്‍ ആകുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
കണ്ണേ കരളേ വി എസ്സേ
ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ
സഖാവ് വി എസ് അച്ചുതാനന്ദൻ്റെ അന്ത്യയാത്ര കാണുന്നു. ഇന്നലെ രാത്രി പലവട്ടം പലയിടത്ത് കണ്ടു. ബോണിൽ ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവസാനയാത്ര ഹരിപ്പാട് എത്തുന്നതേ ഉള്ളൂ
എവിടെയും ജനസമുദ്രമാണ്. ഉയരുന്ന മുദ്രാവാക്യങ്ങളാണ്.
എങ്ങനെയാണ് ഒരു മനുഷ്യൻ ദശലക്ഷേക്കണക്കിന് ആളുകൾക്ക് ഇത്രയും പ്രിയങ്കരനാകുന്നത്?
താൻ ജനിച്ചു വീണ സമൂഹത്തിലെ പാവങ്ങളുടെ കൂടെ നിന്ന്, അനീതികളെ എതിർത്ത് തോൽപ്പിച്ച് കൂടുതൽ നല്ലൊരു സമൂഹവും ജീവിതവും പിൻതലമുറകൾക്ക് നൽകി ഒരാൾ കടന്നുപോകുമ്പോൾ ആ തലമുറയുടെ പ്രതികരണമാണ് നാം കാണുന്നത്.
വഴിയരികിൽ കാത്തുനിന്ന ലക്ഷങ്ങളിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത് ഒരു സാധാരണക്കാരനെപ്പോലെ വിഎസ്സിൻ്റെ ഭൗതിക ശരീരവുമായി എത്തുന്ന വാഹനം കാത്തുനിൽക്കുന്ന ശ്രീ രമേഷ് ചെന്നിത്തലയെ ആണ്. ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ? കേരളം പ്രതീക്ഷ നൽകുന്നത് ഇത്തരം ഉത്തമമാതൃകകളിൽ കൂടിയാണ്
മുരളി തുമ്മാരുകുടി.
കഴിഞ്ഞ ദിവസം ദര്‍ബാര്‍ ഹാളിലെത്തി വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ -
സഖാവ് വിഎസിന് അന്ത്യാഭിവാദനങ്ങള്‍!
ഇന്ന് കെ.പി.സിസി പ്രസിഡന്റിനും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം ദര്‍ബാര്‍ ഹാളിലെത്തി
അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ - സമാനതകളില്ലാത്ത ഇതിഹാസം - കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ ഒരാള്‍!
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ഒരു തലമുറ അവസാനിക്കുന്നു. എന്റെ ബാല്യം മുതല്‍ കേട്ടുതുടങ്ങിയ പേരാണത്. ഞാന്‍ കെഎസ്‌യു പ്രവര്‍ത്തകനായി ചെന്നിത്തലയില്‍ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുന്‍പേ അദ്ദേഹം പുന്നപ്ര-വയലാര്‍ സമരനായകനെന്ന നിലയില്‍ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.
ഞാന്‍ പാര്‍ലമെന്റംഗമായി പോയപ്പോഴാണ് അച്യുതാനന്ദനുമായി അടുത്തിടപഴകാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. യാദൃശ്ചികമായി പലവട്ടം ഒന്നിച്ച് വിമാനത്തിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടായി. പക്ഷേ, അതെല്ലാം അദ്ദേഹത്തെ അടുത്തു കാണാനും അറിയാനുമുള്ള അവസരങ്ങളായി മാറ്റി. രാഷ്ട്രീയമായി വളരെ അകലമുള്ളവരാണ് ഞങ്ങള്‍ രണ്ടു പേരും. വളരെ വിഭിന്നമായ ചേരിയില്‍ നിന്നുകൊണ്ട് പരസ്പരം അടരാടുമ്പോഴും സാധാരണ വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചുനിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ ഒരു വലിയ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ എന്റെ അശ്രുപൂജ!












Click it and Unblock the Notifications