Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷിതമായ വിമാനം ഏത്?ഏത് സീറ്റിൽ ഇരിക്കണം?വിമാന യാത്രയിൽ ശ്രദ്ധിക്കേണ്ടത്';മുരളി തുമ്മാരകുടി പറയുന്നു

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമാന യാത്രയും യാത്രയിലെ സുരക്ഷിതത്വവും സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഏത് വിമാനമാണ് ഏറ്റവും സുരക്ഷിതം, ഏത് സീറ്റിലാണ് ഇരിക്കേണ്ടത്, വിമാന യാത്രയെ ഭയക്കേണ്ടതുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആളുകൾ ഉയർത്തുന്നത്. ഇപ്പോഴിതാ അതിനെല്ലാം വിശദമായ മറുപടി നൽകുകയാണ് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'സുരക്ഷിതമായ വിമാനയാത്ര
വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്.
ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ വിഷയം എനിക്ക് പ്രൊഫഷണൽ ആയിട്ട് മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്.

muraleethummarakudy

വിമാനാപകടം ഉണ്ടായ ഉടൻ ഒറ്റയടിക്ക് അതിന്റെ കാരണങ്ങൾ ഒക്കെ വിശദീകരിക്കുന്ന വിദഗ്ദ്ധന്മാരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുകയാണ് സുരക്ഷക്ക് വേണ്ട ആദ്യത്തെ നടപടി. കാരണം ഒരു വിമാനാപകടത്തിന്റെ കാരണം കണ്ടുപിടിക്കുക എന്നത് അതീവ സങ്കീർണ്ണമായ ഒരു വിഷയമാണ്. വരും ദിവസങ്ങളിൽ വിമാനാപകടം പല തരത്തിൽ അന്വേഷിക്കപ്പെടും. വിമാനത്തിന്റെ സുരക്ഷ (security) സംബന്ധിച്ചുള്ള പോലീസ് ഇൻവെസ്റ്റിഗേഷൻ നടക്കും. സേഫ്റ്റിയെപ്പറ്റിയുള്ള ഡി ജി സി എ യുടെ അന്വേഷണങ്ങൾ ഉണ്ടാകും. ഇതിൽ നിന്നും പാഠങ്ങൾ പഠിക്കാൻ വിമാനക്കമ്പനിയുടെ പഠനങ്ങൾ ഉണ്ടാകും. വിമാനം ജനവാസ മേഖലയിൽ വീഴുകയും അനവധി ആളുകളുടെ മരണം സംഭവിക്കുകയും ചെയ്തതിനാൽ ഒരു ജുഡീഷ്യൽ അന്വേഷണം ഒക്കെ ഉണ്ടായി എന്ന് വരും. ഈ അന്വേഷണങ്ങളും അവയുടെ ഫലങ്ങളും ഒക്കെ പരസ്പരബന്ധിതവും ആയിരിക്കും.
ഇതിനൊക്കെ മാസങ്ങൾ എടുക്കും. ഇതിൽ സേഫ്റ്റി വിദഗ്ധർ നടത്തുന്ന അന്വേഷണം ആണ് ഞാൻ ഏറ്റവും ശ്രദ്ധിക്കാറുള്ളത്, കാരണം ഈ വിമാനത്തിന്റെ കാര്യം മാത്രമല്ല ഇത്തരം വിമാനങ്ങളുടെ ഒക്കെ, മൊത്തം വിമാനയാത്രയുടെ കാര്യം ഇവയൊക്കെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ഇത്തരം പഠനങ്ങളിൽ നിന്നും ലഭിക്കും. അങ്ങനെയാണ് വിമാനയാത്ര ഇതുപോലെ സുരക്ഷിതമായത്. ഇനിയും കൂടുതൽ സുരക്ഷിതമാകും.

രണ്ടായിരത്തി പതിനെട്ടിലും പത്തൊമ്പതിലും ഇന്തോനേഷ്യയിലും എത്യോപ്യയിലും ഉണ്ടായ അപകടത്തിന്റെ സാഹചര്യത്തിൽ ബോയിങ്ങിന്റെ 737 max വിമാനങ്ങൾ ഏറെക്കാലം ഗ്രൗണ്ട് ചെയ്തിരുന്നല്ലോ. പക്ഷെ ഏത് എയർ ക്രാഫ്റ്റ് നിർമ്മാണ കമ്പനിയുടെ വിമാനത്തിൽ ആണ് നാം കയറാൻ പോകുന്നതെന്ന് നമുക്ക് മുൻകൂട്ടി തീരുമാനിക്കാൻ സാധിക്കില്ല. മിക്കവാറും വലിയ എയർ ലൈനുകൾക്ക് ഒക്കെ പല വിമാനക്കമ്പനികൾ നിർമ്മിച്ച പല സീരിസിൽ ഉള്ള പല പ്രായത്തിൽ ഉള്ള വിമാനങ്ങൾ സർവീസിൽ ഉണ്ടാകും. ഒരു പ്രത്യേക സീരീസ് വിമാനം അല്ലെങ്കിൽ ഒരു പ്രത്യേക കമ്പനി നിർമ്മിക്കുന്ന വിമാനം ഒഴിവാക്കി യാത്ര പ്ലാൻ ചെയ്യുക എന്നത് സാധ്യമല്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളിൽ വിശ്വസിക്കുക മാത്രമേ നിവർത്തിയുള്ളൂ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല.

പക്ഷെ ഏതു വിമാനക്കമ്പനിയിൽ (എയർ ലൈൻ) ആണ് യാത്ര ചെയ്യുന്നത് എന്ന് കൂടുതൽ ശ്രദ്ധിക്കാറുണ്ട്. വിമാനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി കൊണ്ടുനടക്കുന്ന കാര്യത്തിൽ ആഗോളമായ നിർദ്ദേശങ്ങൾ ഒക്കെ ഉണ്ടെങ്കിലും ലോകത്തിലെ പല വിമാനക്കമ്പനികളും ഇക്കാര്യത്തിൽ എടുക്കുന്ന ശ്രദ്ധ വ്യത്യസ്തമാണ്. ചില രാജ്യങ്ങളിൽ ആഭ്യന്തര യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ സുരക്ഷാ വിഭാഗം ചില എയർ ലൈൻ ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകാറുണ്ട്. പല രാജ്യങ്ങളും പല വെബ്‌സൈറ്റുകളും സുരക്ഷ കുറഞ്ഞ വിമാനക്കമ്പനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. യൂറോപ്യൻ യൂണിയന്റെ എയർ സേഫ്റ്റി ലിസ്റ്റ് ആണ് ഞാൻ സാധാരണ ശ്രദ്ധിക്കാറുള്ളത്. ലിസ്റ്റ് ഒന്നാമത്തെ കമന്റിൽ കൊടുത്തിട്ടുണ്ട്.

വിമാനത്തിൽ കയറുമ്പോൾ എവിടെയാണ് കൂടുതൽ സുരക്ഷിതം എന്നൊരു ചോദ്യവും എപ്പോഴും ചോദിക്കപ്പെടാറുണ്ട്. അനവധി വിമാനാപകടങ്ങളിൽ രക്ഷപെട്ടവരുടെ പഠനം നടത്തിയതിൽ നിന്നും വിമാനത്തിന്റെ പിൻഭാഗത്ത് ഇരിക്കുന്നവർക്കാണ് കൂടുതൽ രക്ഷാ സാധ്യത എന്ന് സ്റ്റാസ്റ്റിറ്റിക്കൽ ആയി പലയിടത്തും വായിച്ചിട്ടുണ്ട്. പക്ഷെ നമ്മൾ സഞ്ചരിക്കുന്ന വിമാനം അപകടത്തിൽ പെട്ടാൽ പിന്നെ രക്ഷപെടാനുള്ള സാധ്യത പൊതുവിൽ വളരെ കുറവാണ്. പോരാത്തതിന് വിമാനത്തിൽ നമുക്ക് എവിടെ സീറ്റ് കിട്ടും എന്നത് അത്ര എളുപ്പത്തിൽ തിരഞ്ഞെടുക്കാവുന്ന ഒന്നല്ലല്ലോ. ബിസിനസ്സ് ക്‌ളാസിൽ യാത്ര ചെയ്യുമ്പോൾ വിമാനത്തിന് മുന്നിലാണ് എപ്പോഴും സീറ്റ് കിട്ടുന്നത്. അത് നമ്മുടെ നിയന്ത്രണത്തിൽ അല്ല. അത് കൊണ്ട് തന്നെ ഇക്കാര്യത്തിലും ഞാൻ അത്ര ശ്രദ്ധ കാണിക്കാറില്ല. രാത്രി യാത്രയാണെങ്കിൽ വിൻഡോ സീറ്റും പകൽ യാത്ര ആണെങ്കിൽ എയിൽ സീറ്റും വേറെ മാർഗ്ഗം ഇല്ലെങ്കിൽ നടുക്കുള്ള സീറ്റും, കിട്ടുമ്പോൾ ഒക്കെ എമർജൻസി എക്സിറ്റിന് അടുത്തുള്ള സീറ്റും ആണ് ചോദിച്ചു വാങ്ങാറുള്ളത്.

പക്ഷെ ഒരു കാര്യം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഏത് സീറ്റിൽ ഇരുന്നാലും ഏറ്റവും അടുത്ത എമർജൻസി വിൻഡോ എവിടെയാണെന്നും (മുന്നിൽ/പിന്നിൽ) അതിലേക്ക് നമ്മുടെ സീറ്റിൽ നിന്നും എത്ര സീറ്റുകളുടെ വ്യത്യാസം ഉണ്ടെന്നും ഉള്ള സംഖ്യ ഞാൻ വിമാനത്തിൽ കയറുമ്പോൾ തന്നെ മനസ്സിൽ കുറിച്ച് വക്കും. അപകടം ഉണ്ടായാൽ ഇരുട്ടും പുകയും ഒക്കെയായിട്ടാണ് പുറത്തിറങ്ങേണ്ടി വരിക. അപ്പോൾ ഈ വിവരത്തിന് വളരെ വിലയുണ്ട്.

വിമാനത്തിൽ ഇരിക്കുമ്പോൾ പൈലറ്റും ക്രൂവും നൽകുന്ന നിർദ്ദേശങ്ങൾ അതുപോലെ നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ളത്. സീറ്റ് ബെൽറ്റ് ഇടാൻ നിർദ്ദേശം ഉള്ളപ്പോൾ തീർച്ചയായും അത് ഉപയോഗിക്കണം. അങ്ങനെ നിർദ്ദേശം ഇല്ലെങ്കിൽ തന്നെ സീറ്റ് ബെൽറ്റ് ലൂസ് ആയി ഇടുന്നതാണ് ബുദ്ധി. എമർജൻസി ആയി പുറത്തിറങ്ങാൻ പറഞ്ഞാൽ അച്ചാറെടുക്കാൻ നോക്കരുത് (പാസ്സ്പോർട്ട് ഞാൻ എപ്പോഴും പോക്കറ്റിലാണ് സൂക്ഷിക്കാറുള്ളത്). വിമാനം ഗേറ്റിൽ എത്തി ക്രൂ നിർദ്ദേശിച്ചാൽ മാത്രം എഴുന്നേറ്റ് നിൽക്കുക. ഇതൊക്കെ നമുക്കും മറ്റുള്ളവർക്കും സുരക്ഷ കൂട്ടും.

പേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല. വിമാന യാത്രകൾ ഏറ്റവും സുരക്ഷിതമാണെന്ന ബോധമാണ് അതിന് പിന്നിൽ. വിമാനത്തിൽ നിന്നിറങ്ങി റോഡിലോ വെള്ളത്തിലോ ഒക്കെ യാത്ര ചെയ്യുന്നതാണ് കൂടുതൽ ദുരന്ത സാധ്യത ഉണ്ടാക്കുന്നത്. ആ യാത്രകൾ ആണ് എപ്പോഴും ഒഴിവാക്കാൻ നോക്കുന്നത്.
സുരക്ഷിതമായിരിക്കുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+