• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയും ഇറ്റലിയും തമ്മില്‍ ചില സാമ്യങ്ങളുണ്ട്, ചില പാഠങ്ങള്‍ പഠിക്കേണ്ടതുമുണ്ട്; വൈറലായി കുറിപ്പ്

തിരുവനന്തപുരം: ലോകം മുഴുവന്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തില്‍ തന്നെ ഇത്രയധികം ആളുകള്‍ ലോക്ക് ഡൗണിലേക്ക് വരുന്നത് ഇത് ആദ്യത്തെ സംഭവമായിരിക്കും. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ പോലും ചില ഭാഗങ്ങള്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുള്ളൂ. 21 ദിവസം ജനം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ 21 ദിവസത്തെ ലോക്കഡൗണില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഇറ്റലിയില്‍ നിന്നും പഠിക്കേണ്ട ചില പാഠങ്ങളും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വിശദാംശങ്ങളിലേക്ക്.

പ്രധാനമന്ത്രിയുടെ കഴിവ് അതിശയകരം

പ്രധാനമന്ത്രിയുടെ കഴിവ് അതിശയകരം

പ്രധാനമന്ത്രിയുടെ ദേശത്തോടുള്ള സന്ദേശം കേള്‍ക്കുകയായിരുന്നു. സാധാരണ ജനങ്ങളോട് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയകരമാണ്. 'നിങ്ങളുടെ കുറച്ച് ആഴ്ചകള്‍ എനിക്ക് വേണം' എന്ന് അദ്ദേഹം കഴിഞ്ഞ ദിവസത്തെ സംസാരത്തില്‍ പറഞ്ഞപ്പോള്‍ തന്നെ രണ്ടാഴ്ച ലോക്ക് ഡൌണ്‍ മണത്തതാണ്. ഇന്നലെ അദ്ദേഹം കൂടുതല്‍ കൃത്യമായി പറഞ്ഞു. 'ഒന്നുകില്‍ ഇരുപത്തി ഒന്ന് ദിവസം ഇപ്പോള്‍ കഷ്ടപ്പെടുക, അല്ലെങ്കില്‍ നമ്മുടെ സ്ഥിതി ഇരുപത്തി ഒന്ന് വര്‍ഷം പുറകിലേക്ക് പോകും.'

ചരിത്രമില്ല

ചരിത്രമില്ല

ലോകത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ മുപ്പത് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു രാജ്യം, 125 കോടി ജനങ്ങള്‍ ഉള്ള രാജ്യം, പൂര്‍ണ്ണമായി ലോക്ക് ഡൌണ്‍ ചെയ്ത ചരിത്രമില്ല. അതും ലോകത്തെ മറ്റുള്ള രാജ്യങ്ങളെല്ലാം തന്നെ ഇതേ വെല്ലുവിളി നേരിടുന്ന കാലത്ത്. ലോകരാജ്യങ്ങള്‍ തമ്മില്‍ ചരിത്രമുണ്ടായതിന് ശേഷം ഏറ്റവും കൂടുതല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന കാലമാണിത്. ഓരോയിടത്തെയും ഉല്പാദന രംഗങ്ങള്‍ ഏതാണ്ട് നിശ്ചലമാവുകയും പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അത്യാവശ്യ വസ്തുക്കള്‍ മാത്രമായി ചുരുങ്ങുകയും ചെയ്യുന്ന ഒരു ലോകം എങ്ങനെയാണ് ഈ വെല്ലുവിളിയില്‍ നിന്നും രക്ഷപ്പെടുന്നതെന്ന് ആര്‍ക്കും അറിയില്ല. അതേസമയം അതെല്ലാം അറിഞ്ഞിട്ട് തീരുമാനം എടുക്കാമെന്ന് തീരുമാനിക്കാനുള്ള സാവകാശവുമില്ല. ഒന്നുകില്‍ ഇപ്പോള്‍ ഇരുപത്തി ഒന്ന് ദിവസം അല്ലെങ്കില്‍ ഇരുപത്തി ഒന്ന് വര്‍ഷം എന്ന തരത്തിലുള്ള സാമാന്യ കണക്കുകൂട്ടലുകള്‍ അങ്ങനെ ഉണ്ടാകുന്നതാണ്, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതും.

ഒന്നില്‍ കൂടുതല്‍ അടി നല്‍കുക

ഒന്നില്‍ കൂടുതല്‍ അടി നല്‍കുക

എല്ലാവര്‍ക്കും ഒറ്റയടിക്ക് കാര്യങ്ങള്‍ മനസ്സിലാകില്ല എന്നാണ് ഇന്നലത്തെ കേരളത്തിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. സന്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷവും അനവധി പേര്‍ 'ചുമ്മാ' റോഡിലിറങ്ങി . ഇവര്‍ക്ക് 'ഒറ്റയടി'ക്ക് മനസ്സിലാവാത്ത കാര്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ അടി നല്‍കി മനസ്സിലാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.ഇറ്റലിയിലെ അനുഭവ പാഠങ്ങള്‍ ഇവിടെ പ്രസക്തമാണ്. യൂറോപ്പില്‍ യാത്ര ചെയ്യുന്‌പോള്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നുന്ന ആളുകളാണ് ഇറ്റലിയിലുള്ളത്. കാരണം, ഇന്ത്യക്കാര്‍ക്ക് ഏറെ പരിചയം തോന്നുന്ന രാജ്യമാണത്. സ്വിറ്റ്‌സര്‍ലണ്ടിലും ജര്‍മ്മനിയിലും ആളുകള്‍ എപ്പോഴും എവിടെയും നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ ഇറ്റലിയില്‍ റോഡിലും റയില്‍വെ സ്റ്റേഷനിലും ഏതാണ്ട് നമ്മുടേതു പോലെയാണ് സ്ഥിതി.

കാര്യങ്ങളുടെ കിടപ്പ് മനസിലായി

കാര്യങ്ങളുടെ കിടപ്പ് മനസിലായി

ഇറ്റലിയിലെ ഏറ്റവും സമ്പന്നമായ വടക്കുഭാഗത്താണ് കൊറോണയുടെ കൂടുതല്‍ വ്യാപകമായ താണ്ഡവം ഉണ്ടായത്. ആട്ടോമൊബൈലുകളുടെയും ലക്ഷ്വറി വസ്തുക്കളുടെയും നിര്‍മ്മാണ കേന്ദ്രം, ദശലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലം ഇതൊക്കെയായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ ലോകവുമായി എപ്പോഴും ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലം. ആരോഗ്യ സംവിധാനങ്ങള്‍ അത്യുത്തമം.ഈ പ്രദേശത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ തന്നെ വൈകി. പ്രഖ്യാപിച്ച ആദ്യ ദിനങ്ങളില്‍ ഇന്ന് നമ്മള്‍ പെരുമാറുന്ന പോലെയാണ് ആളുകള്‍ പെരുമാറിയിരുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിന് വലിയ മാറ്റം വരുത്താതെ, അത്യാവശ്യം പുറത്തു പോയി, കൂട്ടുകൂടി വര്‍ത്തമാനം പറഞ്ഞാലൊന്നും കുഴപ്പം വരില്ല എന്നാണ് അവര്‍ കരുതിയത്. പക്ഷെ മരണം ആയിരം കവിയുകയും പ്രതിദിനം അസുഖബാധിതരുടെ എണ്ണം ആയിരത്തിലേറെ കൂടുകയും ചെയ്തതോടെ ആളുകള്‍ക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലായി.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

'ഇപ്പോള്‍ ഇവിടെ ആളുകള്‍ക്ക് മൂന്നു കാര്യങ്ങള്‍ മാത്രമാണ് മനസ്സില്‍ ഉള്ളത്, ഭക്ഷണം, ആരോഗ്യം, കുടുംബം' എന്നാണ് ലോക്ക് ഡൌണ്‍ രണ്ടാഴ്ച പിന്നിട്ട ഇറ്റാലിയന്‍ പ്രദേശങ്ങളില്‍ നിന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ആളുകള്‍ സന്പൂര്‍ണ്ണമായി സഹകരിക്കുന്നു.

ഇത്രയുമേയുള്ളൂ കാര്യം. കാര്യങ്ങളുടെ ഗൗരവം ആളുകള്‍ മനസ്സിലാക്കണം. ഒന്നുകില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ പറയുന്നത് കേട്ട് മനസിലാക്കാം, അല്ലെങ്കില്‍ മരണസംഖ്യ വായിച്ചും ആംബുലന്‍സിന്റെ ഒച്ച കെട്ടും മനസിലാക്കാം. മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ സഹകരിക്കും. ഇറ്റലിയില്‍ കഴിഞ്ഞ മൂന്നു ദിവസമായിട്ട് കാര്യങ്ങള്‍ ശരിയായ ദിശയിലാണ്. സുരക്ഷിതമായി എന്ന് പറയാന്‍ വയ്യെങ്കിലും സര്‍ക്കാരുമായി പൂര്‍ണ്ണമായി ജനങ്ങള്‍ സഹകരിച്ചാല്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാം എന്നൊരു പ്രതീക്ഷയെങ്കിലും അത് നല്‍കുന്നുണ്ട്.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

ഇവിടെയാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. ആളുകളുടെ ആവശ്യം ഭക്ഷണം, ആരോഗ്യം, കുടുംബം എന്നീ മൂന്നു വിഷയത്തിലേക്ക് ചുരുങ്ങുന്‌പോള്‍ രാജ്യത്ത് എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്നുണ്ടെന്നും ഇനിയും കിട്ടുമെന്നും ഏറ്റവും വേഗത്തില്‍ ഉറപ്പുവരുത്തണം. ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനവും ചരക്കു നീക്കവും സുഗമമാക്കണം, കടകളില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും അമിത വിലയില്ലെന്നും ഉറപ്പു വരുത്തണം, ഭക്ഷണം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് അതിനുള്ള സഹായം നല്‍കണം. ഇത്രയും ഉറപ്പാക്കിയാല്‍ തൊണ്ണൂറു ശതമാനം ആളുകളെയും ലോക്ക് ഡൗണുമായി സഹകരിപ്പിക്കാന്‍ പറ്റും. പ്രധാനമന്ത്രിയുടെ ബ്രീഫിംഗില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല, ഔദ്യോഗിക തലത്തില്‍ ഈ കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്ന് ജനങ്ങളോട് പറയുമെന്നും പ്രതീക്ഷിക്കാം.

ആരോഗ്യവും കുടുംബവും

ആരോഗ്യവും കുടുംബവും

രണ്ടാമത്തേത് ആരോഗ്യ സംവിധാനങ്ങള്‍ ആണ്. സാധാരണഗതിയില്‍ പോലും ആവശ്യത്തിന് ആരോഗ്യ സംവിധാനമുള്ള രാജ്യമല്ല നമ്മുടേത്. അതുകൊണ്ടു തന്നെ കേസുകളുടെ എണ്ണം കൂടിയാല്‍ വളരെ വേഗം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതിക്ക് പുറത്തു പോകും. ലോക്ക് ഡൌണ്‍ കൊണ്ട് കിട്ടുന്ന സമയം ഏറ്റവും വേഗത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കാനും അത്യാവശ്യമുള്ളവരെ മാത്രം ആശുപത്രിയില്‍ ചികിത്സക്കെത്തിക്കാനുമുള്ള പ്രോട്ടോക്കോള്‍ ഉണ്ടാക്കാനും നമ്മള്‍ ശ്രമിക്കണം. ഇതിനായി പ്രധാനമന്ത്രി പതിനയ്യായിരം കോടി രൂപയാണ് വകയിരുത്തിയത്. കൂടുതല്‍ വരും ദിവസങ്ങളില്‍ വകയിരുത്തും എന്ന് കരുതാം. പിന്നെ ബാക്കിയുള്ളത് കുടുംബത്തിന്റെ കാര്യമാണ്. ഇത് വ്യക്തികള്‍ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യമാണ്. ഇനി വരുന്ന ഇരുപത്തി ഒന്ന് ദിവസങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും ക്ലേശത്തിന്റെ കാലമാണ്. എങ്ങനെയാണ് ഓരോ കുടുംബവും അത് കൈകാര്യം ചെയ്യുന്നതെന്നത് ആ കുടുംബങ്ങളുടെ കെട്ടുറപ്പിനെയും കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ മനസികാരോഗ്യത്തെയും ബാധിക്കും.

English summary
Muralee Thummarukudy Facebook Post About Lock Down India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X