Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ തുറന്നുപറച്ചില്‍ അവസരമാക്കരുത്; ആരോഗ്യരംഗത്തെ ബ്യൂറോക്രാറ്റിക് നൂലാമാലകള്‍ എങ്ങനെ കുറയ്ക്കാം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമം സംബന്ധിച്ച് യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തുകള്‍ ആരോഗ്യ രംഗത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓപ്പറേഷന്‍ പോലും മുടങ്ങുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ ഡോക്ടര്‍ ഹാരിസിനെ ഒരു വലിയ വിഭാഗം പിന്തുണയ്ക്കുമ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ യഥാര്‍ത്ഥ ചിത്രമാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ വാദിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്നും വിമര്‍ശനം ഉയര്‍ന്നു. എന്തായാലും ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ കൊണ്ട് പ്രയോജനം ഉണ്ടായി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്ന് എത്തിക്കുകയും ചെയ്തു.

tvm medical college

ഈ ഘട്ടത്തില്‍ ആരോഗ്യ രംഗത്തെ സങ്കീര്‍ണമായ ബ്യൂറോക്രാറ്റിക് രീതികള്‍ എങ്ങനെ ഒഴിവാക്കാം എന്ന നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് യുഎന്‍ ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി. കേരളത്തിലെ ആരോഗ്യ രംഗത്തെ പുരോഗതിയും മേന്മയും കാണാതെ പോകരുതെന്നും ഇപ്പോഴുള്ള ചര്‍ച്ചകള്‍ ആരോഗ്യ രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഉപകരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ഡോ. ഹാരിസിന്റെ വിമര്‍ശനങ്ങളോട് വളരെ പക്വതയോടെയാണ് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

കേരളത്തിലെ ആരോഗ്യരംഗം

കേരളത്തിലെ ആരോഗ്യരംഗം വീണ്ടും ചർച്ചയിലാണ്.
ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോക്ടർ ഹാരിസ് നടത്തിയ ചില തുറന്നു പറച്ചിലുകളുടെ സാഹചര്യത്തിലാണ് ഈ ചർച്ച വരുന്നത്.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റും അതിന് ശേഷം മാധ്യമങ്ങളുമായി നടത്തിയ ഇന്റെറാക്ഷനും ഒക്കെ ശ്രദ്ധിച്ചു. തികച്ചും ആത്മാർത്ഥത ഉള്ള ഒരാളായിട്ടാണ് തോന്നിയത്.

കേരളത്തിലെ സർക്കാർ മേഖലയിൽ ഉള്ള ആരോഗ്യരംഗവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഒരാളാണ് ഞാൻ. എന്റെ അനവധി സുഹൃത്തുക്കൾ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരായി ഉണ്ട്. എന്റെയും അടുത്ത കുടുംബത്തിന്റെയും ഉൾപ്പടെ ചികിത്സയ്ക്കായി ഞാൻ ഇപ്പോഴും സർക്കാർ ആശുപത്രികളെ ആശ്രയിക്കാറുണ്ട്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകൾ വരെ ഉള്ള സ്ഥാപനങ്ങളിൽ പലപ്പോഴും പോകാറുണ്ട്.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ഒരു വലിയ അപകടത്തിൽ പെട്ട് എന്റെ വലിയച്ഛൻ എറണാകുളം ആശുപത്രിയിൽ അബോധാവസ്ഥയിൽ മാസങ്ങളോളം കിടന്ന ഓർമ്മ എനിക്കുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ ഒരു സർജ്ജറി ഇതേ ആശുപത്രിയിൽ ആണ് നടന്നത്.

ഈ പരിചയത്തിന്റെയും അനുഭവങ്ങളുടേയും വെളിച്ചത്തിൽ ഈ വിഷയത്തിൽ എന്റെ അഭിപ്രായം പറയാം.

1. കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങളിൽ അതിശയകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളിലും ആരോഗ്യ സൂചികകളിലും വ്യക്തവുമാണ്. മുൻപും ഇപ്പോഴും സർക്കാർ ആശുപത്രികളിൽ പോയിട്ടുള്ളവർക്ക് ഇക്കാര്യം കൂടുതൽ വ്യക്തവുമാണ്.

2. ഇതിനർത്ഥം നമ്മുടെ ആരോഗ്യരംഗത്ത് പ്രശ്നങ്ങൾ ഇല്ല എന്നല്ല. കേരളത്തിന്റെ സർക്കാർ ആരോഗ്യമേഖലയിൽ ഇപ്പോഴും പരിമിതികൾ ഏറെ ഉണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ, മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയുടെ, മരുന്നിന്റെ ലഭ്യതയുടെ, ആവശ്യത്തിന് ഡോക്ടർമാരുടെ, ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിന്റെ എന്നിങ്ങനെ പലതും.

3. ഇതിന്റെ അടിസ്ഥാനമായ കാരണം സാമ്പത്തികം തന്നെയാണ്. ഒരു വികസ്വരരാജ്യ സമ്പദ്‌വ്യവസ്ഥക്ക് സാധ്യമായ ആരോഗ്യ രംഗത്തെ നിക്ഷേപവും ചിലവും കൊണ്ടാണ് വികസിത രാജ്യങ്ങളിൽ ലഭ്യമാകുന്ന ചികിത്സകൾ നൽകാനും ആരോഗ്യ സൂചികകൾ നേടാനും ആണ് നമ്മുടെ സംവിധാനം ശ്രമിക്കുന്നത്. അത് എളുപ്പമുള്ള കാര്യമല്ല. കോട്ടങ്ങളും കുറവുകളും ഉണ്ടാകും.

4. വിഷയം പക്ഷെ സാമ്പത്തികം മാത്രമല്ല. പണം ലഭ്യമായിരിക്കുമ്പോൾ തന്നെ നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ ബ്യൂറോക്രാറ്റിക് രീതികളും അത് നടപ്പിലാക്കുന്ന ബ്യൂറോക്രാറ്റുകളും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണവും സാവധാനവും ആക്കുന്നു. ആരോഗ്യ രംഗത്ത് ചിലവാക്കേണ്ട സമയം സീനിയർ ഡോക്ടർമാർ ഫയലുകൾ നീക്കാനും ഉത്തരം പറയാനും ചെലവാക്കേണ്ടി വരുന്നു. സഹി കേട്ട് ചിലരെങ്കിലും അത് പുറത്തു പറയാൻ നിർബന്ധിതരാകുന്നു.

5. ഏറ്റവും പുതിയ മെഡിക്കൽ കോളേജുകൾ അല്ലാതെയുള്ള മറ്റു സർക്കാർ മെഡിക്കൽ സ്ഥാപനങ്ങൾ ഒന്നും ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയവയല്ല, മറിച്ച് ഓർഗാനിക് ആയി വളർന്നവയാണ്. അതുകൊണ്ട് തന്നെ വിവിധ ഡിപ്പാർട്മെന്റുകൾ തമ്മിലുള്ള ഭൗതികമായ ദൂരവും പ്രൊസീജിയറുകളുടെ സംയോജനവും ഒന്നും വേണ്ടത്ര റാഷണലൈസ് ചെയ്യപ്പെട്ടിട്ടില്ല. അതിന്റെ ഭാഗമായി ആശുപത്രിയിൽ എത്തുന്നവരും, പ്രത്യേകിച്ച് കൂട്ടിരുപ്പുകാരും വലയുന്നു. മരുന്ന് വാങ്ങാനുള്ള നൂലാമാലകളെ പറ്റി ഷിബു കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതൊക്കെ ഒട്ടും അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ ഒഴിവാക്കാവുന്നതാണ്.

6. ഈ കോട്ടങ്ങളും കുറവുകളും നിലനിൽക്കുമ്പോൾ തന്നെ കേരളത്തിലെ ആരോഗ്യരംഗം നേടിയിട്ടുള്ള നേട്ടങ്ങളും, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സമീപകാലത്തുണ്ടായ വിസ്മയകരമായ പുരോഗതിയും ഞാൻ കാണുന്നുണ്ട്. നമ്മുടെ ആശുപത്രി കെട്ടിടങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ "വേറെ ലെവൽ ആണ്". പലയിടത്തും ഇത് സാധ്യമായത് കിഫ്‌ബി പദ്ധതികൾ കൊണ്ടാണ് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇതേ കിഫ്‌ബി യെ ആണ് ആളുകൾ ഏറെ വിമർശിക്കുന്നത് എന്നതൊരു വിരോധാഭാസമാണ്.

7. കെട്ടിടങ്ങളിൽ മാത്രമല്ല മാറ്റം ഉണ്ടായിരിക്കുന്നത്. ആശുപത്രികളിലെ ശുചിത്വം, ഉപകരണങ്ങൾ, രോഗികൾക്കുള്ള ഇരിപ്പടങ്ങളും ബെഡുകളും ഒക്കെ പഴയകാലത്തേക്കാൾ ഏറെ മാറിയിട്ടുണ്ട്. ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ ഇപ്പോഴും അസൗകര്യങ്ങൾ കാണാം, പക്ഷെ മൊത്തത്തിൽ നോക്കിയാൽ ഇവിടെ ഒന്നും പുരോഗതി ഇല്ല എന്ന് കാണാൻ "ഖേരളത്തിൽ" ഉള്ളവർക്കേ പറ്റൂ.

8. ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും ഇപ്പോൾ സർക്കാർ ആശുപത്രികളിൽ നടക്കുന്നുണ്ട്. അതിന്റെ ചിലവുകൾ ആകട്ടെ രോഗിക്ക് നാമമാത്രവും. ബ്രെയിൻ ഹെമറേജ് വന്നു തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ എത്തിയ ഒരു സുഹൃത്ത് എനിക്കുണ്ട്. ഒരു മാസത്തിലേറെ ചികിത്സക്ക് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇതേ ചികിത്സകൾ പുറത്തുള്ള ആശുപത്രിയിൽ ലഭിച്ച ഒരാൾക്ക് അൻപത് ലക്ഷത്തിൽ ഏറെ തുക ചിലവായി എന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്. സർക്കാർ ആശുപത്രിയിലെ ചിലവ് ഒരു ലക്ഷം പോലും ആയതുമില്ല. ഇതൊക്കെ ആർക്കും അന്വേഷിച്ചറിയാവുന്ന ദൈനം ദിന യാഥാർഥ്യങ്ങൾ ആണ്.

9. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചിലവ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണ്. പക്ഷെ സ്വകാര്യ ആശുപത്രികൾക്ക് അവരുടെ നിക്ഷേപത്തിനുള്ള റിട്ടേൺ രോഗികളിൽ നിന്നും ഈടാക്കിയേ പറ്റൂ. അതുകൊണ്ട് തന്നെ ആധുനിക ചികിത്സ ചെലവേറിയതാണ്. റോഡ് അപകടവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു മേജർ അപകടത്തിൽ പെട്ട് ഒരാൾ ആശുപത്രിയിൽ എത്തിയാൽ രണ്ടാഴ്ചക്കകം ഏതാണ്ട് ഇരുപതു ലക്ഷത്തിനും മുപ്പതുലക്ഷത്തിനും ഇടക്ക് പണം ചിലവാകും. ഏറെ ആളുകൾക്കും ഇപ്പോഴും ഹെൽത്ത് ഇൻഷുറൻസ് ഇല്ല. ഒരു മിഡിൽ ക്‌ളാസ്സ്‌ കുടുംബത്തിന് ലഭ്യമായ സാമ്പത്തിക ബഫറിന് അപ്പുറത്തേക്ക് രണ്ടാഴ്ചക്ക് അപ്പുറത്തേക്കുള്ള ചികിത്സയുടെ ചെലവ് കടക്കും. കേരളത്തിലെ സർക്കാർ ആരോഗ്യസംവിധാനങ്ങളിലെ തിരക്ക് കൂടിക്കൊണ്ടേ ഇരിക്കുന്നതിന്റെ കാരണം ആരോഗ്യ രംഗത്ത് വർധിച്ചു വരുന്ന ചിലവാണ്.

10. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ആയി അനവധി നാടുകളിലെ ആരോഗ്യസംവിധാനം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അതി സമ്പന്നമായ ബ്രൂണേയും സ്വിറ്റ്‌സർലാൻഡും പോലുള്ള രാജ്യങ്ങളിൽ ജീവിച്ചിട്ടുമുണ്ട്. ജർമ്മനിയിലെ ആരോഗ്യ രംഗവും പൊതുവെ മെച്ചപ്പെട്ടതാണ്. പക്ഷെ പൊതുമേഖലയിലെ സ്വകാര്യമേഖലയിലും ഉള്ള ആരോഗ്യസംവിധാനങ്ങൾ കോർത്തിണക്കി ഏതൊരു സാധാരണക്കാരനും ആധുനിക ചികിത്സ സാധ്യമാക്കുന്നൊരു സംവിധാനം ഇത്രയും കുറഞ്ഞ വിഭവങ്ങൾ ഉള്ള സമ്പദ്‌വ്യവസ്ഥയുടെ പരിമിതികളിൽ വച്ച് സാധ്യമാക്കുന്ന മറ്റൊരു സ്ഥലം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. അതിന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ മുതൽ അതിന് മുകളിൽ ഉള്ള വകുപ്പും മന്ത്രിയും ഒക്കെ അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്.

11. ഇതെനിക്ക് ഒരു തത്വശാസ്ത്രം മാത്രമല്ല. ലോകത്തെവിടെയും ഉള്ള ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങൾ ഉപയോഗിക്കാനുള്ള ഇൻഷുറൻസ് പരിരക്ഷ എനിക്കുണ്ട്. പക്ഷെ ആരോഗ്യപരിപാലനത്തിനുള്ള ചെക്കപ്പിനും ചികിത്സക്കും ഞാൻ ഇപ്പോഴും ആശ്രയിക്കുന്നത് കേരളത്തിലെ സർക്കാരിലും സ്വകാര്യത്തിലും ഉള്ള ആരോഗ്യസംവിധാനങ്ങളെ തന്നെയാണ്. എന്റെ സുഹൃത്തുക്കൾ അവിടെ ഉള്ളതോ, അവിടെ എനിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതോ ഒന്നുമല്ല അതിന് കാരണം. ന്യായമായ വേഗതയിൽ ഡോക്ടർമാരെ കാണാൻ സാധിക്കുന്നു എന്നതും, ടെസ്റ്റുകളും സ്കാനിങ്ങുകളും ഒക്കെ നടത്താൻ ആഴ്‌ചകൾ കാത്തിരിക്കേണ്ട എന്നതും, മറ്റു രാജ്യങ്ങളെക്കാൾ പതിന്മടങ്ങ് രോഗികളെ കാണുന്നതിനാൽ അതിവേഗതയിൽ നമ്മുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കേരളത്തിലെ ഡോക്ടർമാർക്ക് സാധിക്കുന്നു എന്നതുമാണ് ഇതിന് അടിസ്ഥാന കാരണം. ഇതെന്റെ മാത്രം അനുഭവമല്ല. ആയിരക്കണക്കിന് രോഗികൾ ആഫ്രിക്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നും നമ്മുടെ ഏറ്റവും ചിലവേറിയ ആശുപത്രികളിൽ പോലും എത്തുന്നത് മറ്റൊന്നുകൊണ്ടുമല്ല.

12. നമ്മുടെ ആരോഗ്യ രംഗത്തിന്റെ മേന്മയും നമ്മൾ നടത്തുന്ന പുരോഗതിയും കാണാനും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കാനും അഭിനന്ദിക്കാനും ഒന്നും നമ്മൾ പൊതുവെ സമയം കണ്ടെത്താറില്ല. അതേ സമയം ഇവിടുത്തെ ചെറിയ കുറ്റങ്ങൾ പോലും പർവ്വതീകരിച്ചു ആരോഗ്യ സംവിധാങ്ങളെ താറടിക്കാൻ തിരക്കാണ് താനും. ഇപ്പോൾ ആത്മാർത്ഥതയുള്ള ഒരു ഡോക്ടർ സഹികെട്ട് നടത്തിയ ഒരു തുറന്നു പറച്ചിൽ അവസരമാക്കി കേരളത്തിലെ ആരോഗ്യരംഗത്തെ മൊത്തം മോശമാക്കി ചിത്രീകരിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ഏറെ ആളുകളെ നമുക്ക് കാണാം. ഇതിൽ യഥാർത്ഥത്തിൽ നമ്മുടെ ആരോഗ്യരംഗം നന്നാകണമെന്ന് ആഗ്രഹിക്കുന്നവർ മുതൽ കേരളത്തെ പറ്റി എന്തെങ്കിലും കുറ്റം പറയാൻ നോക്കിയിരിക്കുന്നവർ വരെ ഉണ്ട്.

13. വിമർശകരുടെ ഉദ്ദേശം എന്തായാലും ഇപ്പോൾ നടക്കുന്ന ചർച്ചകൾ നമ്മുടെ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്താനാണ് നമ്മൾ ഉപയോഗിക്കേണ്ടത്. ഇതിനെ ഒരു ഡോക്ടറിലേക്കോ, ഒരാശുപത്രിയിലേക്കോ, രാഷ്ട്രീയത്തിലേക്കോ ചുരുക്കുന്നത് ഒരു വലിയ അവസരം നഷ്ടപ്പെടുത്തലാണ്.

14. നമ്മുടെ ആരോഗ്യരംഗത്തെ മരുന്നുകൾ ആയാലും ഉപകരണങ്ങൾ ആയാലും വാങ്ങുന്നതിന് ഉള്ള ബ്യൂറോക്രാറ്റിക് നൂലാമാലകൾ എങ്ങനെയാണ് കുറക്കാൻ സാധിക്കുന്നത് ?. ചട്ടങ്ങൾ പാലിക്കാതിരുന്നാൽ ഡോക്ടർമാരും ഉദ്യോഗസ്ഥന്മാരും അഴിമതി ആരോപണങ്ങൾ നേരിടുകയും പെൻഷൻ വാങ്ങാൻ ബുദ്ധിമുട്ടുകയും ചെയ്യും. അതെ സമയം ചട്ടങ്ങൾ സങ്കീർണ്ണമാക്കിയാൽ പണമുണ്ടെങ്കിലും കാര്യം നടക്കാതെ വരും. എങ്ങനെയാണ് ഇത് മാറ്റാൻ സാധിക്കുന്നത് ?.
സർക്കാറിനകത്തുള്ളവർക്കുള്ള ഒരു നല്ല ബിസിനസ്സ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ് പ്രോജക്റ്റ് ആണിത്. യുവ ഐ എ എസ് - കെ എ എസ്സുകാർക്ക് ഒരു കൈ നോക്കാവുന്നതാണ്.
15. നമ്മുടെ ആശുപത്രികളിൽ എത്തുന്നവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ എങ്ങനെയാണ് നല്കാൻ സാധിക്കുന്നത് ?. മുന്ന ഭായ് എം ബി ബി എസ് എന്ന ചിത്രത്തിൽ മകൻ മരിച്ചതറിയാതെ ആശുപത്രിയിൽ എത്താൻ പോകുന്ന അമ്മയോട് 'ഫോം ഫിൽ ചെയ്യാൻ പറയരുത്" എന്ന് മുന്നാ ഭായ് പറയുന്ന ഒരു രംഗം ഉണ്ട്. ഒരു വശത്ത് നമ്മുടെ ഓരോ ആശുപത്രിയിലും വിവിധ വകുപ്പുകളുടെ പ്രൊസീജിയറുകൾ സംയോജിപ്പിക്കുന്ന ഒരു റാഷണലൈസേഷൻ വരണം. ഇതിൽ കംപ്യൂട്ടറൈസേഷൻ ഉൾപ്പടെയുള്ള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സാദ്ധ്യതകൾ ആലോചിക്കണം. ഇതൊക്കെ നമ്മുടെ മാനേജ്‌മെന്റ് പഠിപ്പിക്കുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ ആക്കി കൊടുക്കാവുന്നതേ ഉള്ളൂ.

16. ആശുപത്രികളിൽ ആദ്യമായി എത്തുന്നവരെ സഹായിക്കാൻ ആശുപത്രിയുടെ ലെ ഔട്ടും ചട്ടങ്ങളും ഒക്കെ അറിയാവുന്ന ഒരു സന്നദ്ധ സേന ഉണ്ടായാൽ ഏറെ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെ സഹായിക്കാൻ ഓരോ ആശുപത്രികൾക്കും വേണ്ടി ഒരു ആപ്പ് ഉണ്ടാക്കാം. നമ്മുടെ വിദ്യാർത്ഥികളിൽ ഇപ്പോൾ ഏറെ സന്നദ്ധ മനോഭാവം ഉണ്ട്. കേരളത്തിലെ നാഷണൽ സർവീസ് സ്‌കീം മുഖാന്തിരമോ അല്ലെങ്കിൽ മറ്റു സന്നദ്ധ സംഘടനകളുമായി ചേർന്നോ ഇത്തരം ഒരു വളണ്ടീയർ സംവിധാനം നമ്മുടെ മേജർ ആശുപത്രികളിൽ എങ്കിലും ഉണ്ടാക്കിയാൽ ആളുകൾക്ക് ഏറെ സഹായകരമാകും, ആരോഗ്യപ്രവർത്തകരുടെ സമയം കൂടുതൽ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കാം, ആശുപത്രിയുടെ നടത്തിപ്പ് കൂടുതൽ എളുപ്പത്തിലാക്കാം. പരാതികൾ ഏറെ കുറയുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് നമ്മുടെ ആരോഗ്യ രംഗത്തെ പറ്റി മനസിലാക്കുക മാത്രമല്ല നാട്ടിലും വിദേശത്തും ഉന്നത പഠനത്തിന് പോകുമ്പോൾ അവരുടെ ബയോഡേറ്റയിൽ ചേർക്കാൻ നല്ല ഒരു എക്സ്പീരിയൻസും ആയി.

17. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചിലവ് ഏറെ കുറവാണെന്ന് പറഞ്ഞുവല്ലോ. പക്ഷെ ചികിത്സ ലഭിക്കുന്നവരിൽ ഒരു നല്ല ശതമാനത്തിനെങ്കിലും ന്യായമായ പണം കൊടുക്കാനുള്ള വരുമാനവും താല്പര്യവും ഉണ്ടാകും. പക്ഷെ ഇപ്പോൾ അത്തരത്തിൽ പണം കൊടുക്കുന്നത് എളുപ്പമല്ല. ഇത്തരത്തിൽ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിൽ പോലും ആശുപത്രികൾക്ക് പണം നൽകാനുള്ള സംവിധാനവും അത് കാര്യക്ഷമമായി ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള രീതികളും ഉണ്ടാക്കിയാൽ ഏറെ സഹായകരമാകും. ഇത്തരത്തിൽ ഒരു സംവിധാനം ഒരിക്കൽ ബജറ്റിൽ നിർദ്ദേശിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ, പക്ഷെ ഇത് വേണ്ടത്ര വ്യാപകമായി നടപ്പിലാക്കിയിട്ടില്ല. എങ്ങനെയാണ് ഇത് ഫാസ്റ്റ് ട്രാക്ക് ചെയ്യുന്നത്?

18. രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരിൽ ഏറ്റവും കൂടുതൽ ഓഡിറ്റ് ചെയ്യപ്പെടുന്നത് ആരോഗ്യമന്ത്രിയായ ശ്രീമതി വീണ ജോർജ്ജ് ആണ്. അതിന് പല കാരണങ്ങൾ ഉണ്ട്, പക്ഷെ മാധ്യമരംഗത്ത് നിന്നും ഒരാൾ വളർന്നു വന്നതിനാൽ ആ രംഗത്തുള്ളവരുടെ "സൂക്ഷ്മപരിശോധന" അതിനൊരു കാരണമാണ്. പക്ഷെ ഈ വിമർശനങ്ങൾക്ക് നടുവിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ മുന്നിൽ നിന്നും നയിക്കുന്നതിനോടൊപ്പം ഈ വിഷയത്തിൽ ഉൾപ്പടെ വളരെ പക്വമായ നിലപാടാണ് ബഹുമാനപ്പെട്ട മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഡോക്ടർ ഉയർത്തിയ വിഷയത്തിന് പരിഹാരം കണ്ടതിനോടൊപ്പം ഇത്തരം സാഹചര്യങ്ങളെ പറ്റി പഠിക്കാൻ ആളുകളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നമ്മുടെ ആരോഗ്യ രംഗം കൂടുതൽ മെച്ചപ്പെട്ടതാകുക തന്നെ ചെയ്യും.
ഈ വിഷയത്തിൽ വിമർശനങ്ങൾ നമ്മൾ ഏറെ കേട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യ രംഗം, പ്രത്യേകിച്ച് സർക്കാർ സംവിധാനങ്ങൾ, എങ്ങനെ കൂടുതൽ ഫലപ്രദം ആക്കാം എന്ന് നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.

മുരളി തുമ്മാരുകുടി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+