രാഷ്ട്രപതിഭരണം വേണോ?; പിണറായിക്ക് ബിജെപിയുടെ ഭീഷണി
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വരുത്തുമെന്ന് പിണറായി വിജയന് ബിജെപിയുടെ മുന്നറിയിപ്പ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവാണ് പിണറായി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. രാഷ്ട്രപതി ഭരണം വേണമോ എന്നത് പിണറായിയുടെ ഭരണത്തെയും പക്വതയേയും ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തവെയാണ് ബിജെപി മുതിര്‍ന്ന നേതാവ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെക്കുറിച്ച് പറഞ്ഞത്. കേരളത്തില്‍ പരാജയപ്പെട്ട സര്‍ക്കാരാണ് ഇപ്പോഴുള്ളത്. കേന്ദ്ര സര്‍ക്കാരിന് ഭരണ പരാജയമുള്ളിടത്ത് ഇടപെടാനുള്ള സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയിലുള്ള എല്ലാ സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും.

സ്വന്തം ഭാഗം ദുര്‍ബലപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും പിണറായി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. രാഷ്ട്രീയ എതിരാളികളാണ് എന്നത് കൊല്ലപ്പെടാനുള്ള കാരണമാണോയെന്നും മുരളീധര്‍റാവു ചോദിച്ചു. ക്രമസമാധാനനില തകര്‍ന്ന ഒരു സംസ്ഥാനത്ത് സംസ്ഥാനത്ത് വികസനം എന്നത് മരീചികയായി മാറിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
മുരളീധര്‍റാവുവിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. സംസ്ഥാനത്ത് തകര്‍ന്ന ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications