തലപ്പാവ് അണിയിച്ച പ്രതി മോഹന്‍ലാലിന്റെയും 'സുഹൃത്ത്'
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ തലപ്പാവണിയിച്ച് വാര്‍ത്തകളില്‍ സ്ഥാനം നേടിയ കൊലക്കേസ് പ്രതി സന്തോഷ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. രാജ്‌നാഥ് സിംഗിനെ തലപ്പാവ് അണിയിച്ച് വിവാദ നായകനാവുകയും തൊട്ടുപിന്നാലെ വിഎസ്സിനൊപ്പമുള്ള ചിത്രം പുറത്തുവരികയും ചെയ്തതിന് ശേഷമാണ് പുതിയ ചിത്രം വെളിച്ചം കാണുന്നത്.
മോഹന്‍ലാല്‍ മാത്രമല്ല, സംവിധായകന്‍ പ്രിയദര്‍ശന്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പവും കൊലക്കേസ് പ്രതി സന്തോഷ് ചിത്രമെടുത്തിട്ടുണ്ട്. സന്തോഷിന്റെ രാജ്‌നാഥ് സിംഗ് ചിത്രം വിവാദമായതിനുശേഷമാണ് മറ്റു ചിത്രങ്ങളും പ്രതിയുടെ ഫേസ്ബുക്കില്‍ നിന്നും ചിലര്‍ പുറത്തുവിട്ടത്. സന്തോഷിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്കില പ്രധാന ചര്‍ച്ചാവിഷയം.

2008ല്‍ സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിനെ പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് സന്തോഷ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു കൊലപ്പെടുത്തിയത്. കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സന്തോഷ്. തിരുവനന്തപുരം സംഭവത്തിനുശേഷം സന്തോഷ് കണ്ണൂരില്‍ മനോജിന്റെ സംരക്ഷണയിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകം കൂടാതെ പല ക്രിമിനല്‍ കേസുകളിലും സന്തോഷ് പ്രതിയാണ്. കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് തലപ്പാവണിയിക്കുക എന്ന ഗുരുതരമായ തെറ്റാണ് ബിജെപി ചെയ്തിരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. സെഡ് പ്ലസ് വിഭാഗം സുരക്ഷയുള്ള മന്ത്രിക്ക് കൊലക്കേസ് പ്രതി തലപ്പാവണിയിച്ചത് എന്‍എസ്ജിയുടെ പിഴവാണെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.












Click it and Unblock the Notifications