വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു
പാലക്കാട്: കോടതിയിലേക്ക് കൊണ്ടുപോകും വഴി അജ്ഞാതരുടെ വെട്ടേറ്റ് പരിക്കേറ്റ കൊലക്കേസ് പ്രതി മരിച്ചു. കുഴല്‍മന്ദം ശിവദാസന്‍ വധക്കേസിലെ പ്രതി പ്രകാശനാണ് മരിച്ചത്.
2013 നവംബര്‍ 18 ന് രാവിലെയാണ് പ്രകാശന് നേരെ ആക്രമണം ഉണ്ടായത്. പാല്ക്കാട്ടെ ജില്ലാ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴി കോട്ടമൈതാനത്ത്് വച്ചായിരുന്നു സംഭവം. ജയിലില്‍ നിന്ന് പുറത്തിറങ്ങി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയപ്പോഴേക്കും അക്രമികള്‍ ബൈക്കിലെത്തി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. അതിവേഗത്തില്‍ ബൈക്ക് ഓടിച്ച് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു.

പോലീസ് അകമ്പടിയോടെ തന്നെയായിരുന്നു പ്രകാശനെ കൊണ്ടുപോയിരുന്നത്. പക്ഷേ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ ഭയന്നുപോയി. പ്രകാശനൊപ്പം കേസിലെ മറ്റൊരു പ്രതിയായ പ്രശാന്തനും ഉണ്ടായിരുന്നു. രണ്ട് പേരേയും ചേര്‍ത്ത് ഒരു വിലങ്ങിലാണ് ബന്ധിച്ചിരുന്നത്. പ്രകാശന്റെ കഴുത്തിലാണ് വെട്ടേറ്റിരുന്നത്.
ആക്രമണം നടന്ന ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംഭവത്തില്‍ കുറ്റക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 2013 ജൂണ്‍ 3 ന് കുഴല്‍മന്ദം സ്വദേശിയായ ശിവദാസനെ കൊലപ്പെടുത്തി എന്നാണ് പ്രകാശനെതിരെയുളള കേസ്.












Click it and Unblock the Notifications