ആളെ നിങ്ങളും കണ്ടിട്ടുണ്ടാകാം!ബംഗാളിൽ വർഗീയ കലാപമുണ്ടാക്കിയ കൊലക്കേസ് പ്രതി മിഠായിത്തെരുവിൽ പിടിയിൽ
സുന്ദർപൂർ വില്ലേജിലെ വീടിന് തീയിട്ട് സഹോദരന്റെ ഭാര്യയെയും രണ്ട് മക്കളെയും ചുട്ടു കൊന്ന കേസിലെ പ്രതിയാണ് ഇസ്മായിൽ.
കോഴിക്കോട്: ബംഗാളിലെ വർഗീയ കലാപത്തിന് കാരണക്കാരനായ കൊലക്കേസ് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി. വെസ്റ്റ് മിഡ്നാപൂരിലെ വർഗീയ സംഘർഷത്തിന് കാരണക്കാരനായ ഖാസി ഇസ്മായിലിനെ(28)യാണ് തിങ്കളാഴ്ച കോഴിക്കോട് ടൗൺ പോലീസിന്റെ സഹായത്തോടെ ബംഗാൾ പോലീസ് പിടികൂടിയത്.
സുന്ദർപൂർ വില്ലേജിലെ വീടിന് തീയിട്ട് സഹോദരന്റെ ഭാര്യയെയും രണ്ട് മക്കളെയും ചുട്ടു കൊന്ന കേസിലെ പ്രതിയാണ് ഇസ്മായിൽ. 2016 ജൂൺ 16നായിരുന്നു സംഭവം. ഇതിനുശേഷം നാടുവിട്ട ഇസ്മായിൽ കോഴിക്കോടെത്തി മിഠായിത്തെരുവിലെ ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

വീടിന് തീയിട്ട് മൂന്നു പേരെ ചുട്ടു കൊന്നതിന് ശേഷം ഇസ്മായിൽ നാടുവിട്ടതോടെ സംഭവത്തിന് പിന്നിൽ മറ്റ് മതസ്ഥരാണെന്ന അഭ്യൂഹം പരന്നു. ഇതിനു പിന്നാലെയാണ് വെസ്റ്റ് മിഡ്നാപൂരിലും സുന്ദർപൂരിലും വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് ഇസ്മായിൽ സഹോദരന്റെ ഭാര്യയെയും മക്കളെയും കൊന്നതെന്നാണ് പോലീസ് പറയുന്നത്.
ബംഗാളിൽ നിന്നും കോഴിക്കോടെത്തിയ ഇസ്മായിൽ മിഠായിത്തെരുവിലെ എംബ്രോയ്ഡറി കടയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ചെറൂട്ടി റോഡിലെ എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചതോടെയാണ് ഇസ്മായിൽ കോഴിക്കോടുണ്ടെന്ന് ബംഗാൾ പോലീസിന് മനസിലായത്.
തുടർന്ന് കോഴിക്കോടെത്തിയ ബംഗാൾ പോലീസ് ടൗൺ പോലീസിന്റെ സഹായത്തോടെയാണ് ഇസ്മായിലിനെ പിടികൂടിയത്. ഘട്ടാൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുവൻ ചാറ്റർജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി ബംഗാളിലേക്ക് മടങ്ങി.












Click it and Unblock the Notifications