ലോറി മോഷ്ടിക്കാന്‍ ഡ്രൈവറെമയക്കുമരുന്നു നല്കി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
മലപ്പുറം: ലോറി മോഷ്ടിക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി പുത്തന്‍പറമ്പില്‍ സിജി തോമസ് വധക്കേസിലാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വിധി പറഞ്ഞത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി പുത്തന്‍പറമ്പില്‍ സിജി തോമസ് (45) കൊല്ലപ്പെട്ട കേസില്‍ കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപ്പാറ വരയനാട്ട് ജെറിന്‍ മാത്യു എന്ന ജോബി (36), ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി നിരപ്പയില്‍ അരുണ്‍ ഫിലിപ് (28) എന്നിവരാണ് പ്രതികള്‍.
ഇവര്‍ക്കെതിരായ കുറ്റം കണ്ടെത്തിയ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവും 1,75000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും, തെളിവു നശിപ്പിച്ചതിന് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും, വസ്തു തട്ടിയെടുക്കലിന് 3 വര്‍ഷം തടവും 25,000 പിഴയും എന്നിങ്ങനെയാണ് ശിക്ഷ. തടവു ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍മതി.

പ്രതി ജെറിന്‍ മാത്യു
പിഴയൊടുക്കാത്തപക്ഷം 11 മാസം അധിക തടവനുഭവിക്കണമെന്നും ജഡ്ജി എ വി നാരായണന്റെ വിധിന്യായത്തില്‍ പറയുന്നു. 2015 സെപ്തംബര്‍ ഏഴിനാണ് സംഭവം. കെ എല്‍ 54 സി 8909 നമ്പര്‍ ലോറി ഡ്രൈവറായിരുന്നു ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി പുത്തന്‍പറമ്പില്‍ സിജി തോമസ്. എറണാകുളത്ത് നിന്ന് ഹോര്‍ളിക്‌സ് ലോഡുമായി കോഴിക്കോടെത്തിയതായിരുന്നു സിജി തോമസ്. എറണാകുളത്തേക്ക് മടക്ക ലോഡുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികള്‍ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചു വരുത്തി ലോറിയില്‍ കിനാലൂര്‍ എസ്റ്റേറ്റ് മുക്കിലെത്തുകയും മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി കുടിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.
താമരശ്ശേരി ചുരത്തില്‍ തകരപ്പാടി ഒമ്പതാം വളവില്‍ നിന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് കേസ്. തുടര്‍ന്ന് സിജിയുടെ മൊബൈല്‍ ഫോണ്‍, 2130 രൂപ എന്നിവ കവര്‍ന്നതായും നമ്പര്‍ പ്ലേറ്റ് മാറ്റിയ ലോറി പൊളിച്ചു വില്‍ക്കാനായി കക്കാടംപോയില്‍ എത്തിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. സിജി തോമസിന്റെ സഹോദരി ഭര്‍ത്താവായ തിരുവമ്പാടി ഓണാട്ട് റോയിയുടെ പരാതിയില്‍ 2015 സെപ്തംബര്‍ 14ന് ഒന്നാം പ്രതിയെയും 20ന് രണ്ടാം പ്രതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊണ്ടോട്ടി സി ഐയായിരുന്ന ബി അനില്‍ അറസ്റ്റ് ചെയ്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിര്‍ണ്ണായകമായത്.
പ്രോസിക്യൂഷനു വേണ്ടി മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അനസ് വരിക്കോടന്‍, അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന്‍ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ ബാബുരാജ്, എ പി ഇസ്മായില്‍ എന്നിവരും ഹാജരായി. കേസില്‍ 63 സാക്ഷികളില്‍ 43 പേരെ കോടതി വിസ്തരിച്ചു. എട്ടു തൊണ്ടി മുതലുകളും ഹാജരാക്കി. സിജിയുടെ മാതാവ് കോട്ടയം ചങ്ങനാശ്ശേരി പുത്തന്‍പറമ്പില്‍ മേരി തോമസ് (84) നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേസിന്റെ വിചാരണ ഏഴു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി 2016ല്‍ നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications