മണിയന്‍പിള്ള രാജുവിന്റെ വാദം പൊളിച്ച് മ്യൂസിയം പൊലീസ്; പലതും നുണ; സ്റ്റേഷനില്‍ അറിയിച്ചിട്ടില്ല
വഴുതക്കാട് നടന്ന വാഹനാപകടത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ വാദങ്ങള്‍ പൊളിച്ച് മ്യൂസിയം പൊലീസ്. കഴിഞ്ഞ ദിവസം രാത്രി വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നില്‍ മണിയന്‍പിള്ള രാജുവിന്റെ കാറില്‍ ബൈക്ക് യാത്രക്കാര്‍ ഇടിച്ചതിനെതുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയിരുന്നു. ഇതു വലിയ വിവാദമാവുകയും ചെയ്തു. ഇതിനു പിന്നാലെ കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജു വിശദീകരണവുമായി രംഗത്ത് വന്നു. ഭയന്നതു കൊണ്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നും അപകടം ഉണ്ടായ ഉടനെ പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നുവെന്നുമാണ് മണിയന്‍പിള്ള രാജു അവകാശപ്പെട്ടത്.
അപകട വിവരം ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നുവെന്ന നടന്റെ വാദമാണ് മ്യൂസിയം പൊലീസ് തള്ളിയത്. മണിയന്‍പിള്ള രാജു പറഞ്ഞത് കള്ളമാണെന്ന് മ്യൂസിയം പൊലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍ പറഞ്ഞു. ഇതു സംബന്ധിച്ച് തനിക്കോ സ്റ്റേഷനിലേക്കോ ഒരു കോള്‍ പോലും ലഭിച്ചിട്ടില്ലെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്ന ഡിസിപി വിനോദിനാണ് മ്യൂസിയം പൊലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍ മൊഴി നല്‍കിയത്.

പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് നമ്പറില്‍ അപകട വിവരം വിളിച്ച് അറിയിച്ചെന്നാണ് വിവിധ മാധ്യമങ്ങളോട് മണിയന്‍പിള്ള രാജു പറഞ്ഞിരുന്നത്. എന്നാല്‍ ഇത് മുഴുവന്‍ കള്ളമാണന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലോ തന്നെയോ എമര്‍ജന്‍സി നമ്പറിലോ ബന്ധപ്പെട്ടിട്ടില്ല. ഭാര്യ ഒറ്റയ്ക്കായതു കൊണ്ട് രാത്രി പൊലീസ് സ്‌റ്റേഷനില്‍ വരാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ പിറ്റേ ദിവസം രാവിലെ ഒമ്പതരയ്ക്ക് സ്റ്റേഷനില്‍ ഹാജരായാല്‍ മതിയെന്ന് പൊലീസ് മറുപടി നല്‍കിയെന്നും രാജു പറഞ്ഞിരുന്നു. ഇതും കള്ളമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അപകടം നടന്ന വ്യാഴാഴ്ച രാത്രി തന്നെ കാര്‍ കണ്ടെത്താന്‍ കഴിയാത്തത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ്. രാത്രി ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ച ശേഷം ഒരു മണിക്കാണ് അന്വേഷണം ആരംഭിക്കുന്നത്. ആ സമയത്ത് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണ്. രാജുവിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടു തവണയോളം മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ പോയെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഏഴരയ്ക്കാണ് രാജു പൊലീസിനെ വിളിച്ചതെന്ന് വിമല്‍ മൊഴി നല്‍കി. അപ്പോഴാണ് രാവിലെ ഒന്‍പതരയ്ക്ക് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറഞ്ഞത്. ഹാജരായില്ലെങ്കില്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കിയെന്നും മൊഴിയില്‍ ഉണ്ട്. അപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറും.












Click it and Unblock the Notifications