'പട്ടാമ്പി' ഉടക്കില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും; കൊടുക്കരുത് എന്ന് ഒരു വിഭാഗം, നേതൃത്വം കുഴങ്ങും
പാലക്കാട്: ജില്ലയില്‍ സീറ്റുകള്‍ വച്ചുമാറാന്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ചര്‍ച്ചയില്‍. കോണ്‍ഗ്രസിന്റെ കൈവശമുള്ള പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് കൊടുത്ത് ലീഗ് മല്‍സരിക്കുന്ന കോങ്ങാട് മണ്ഡലം കോണ്‍ഗ്രസിന് കൊടുക്കാമെന്ന ഫോര്‍മുലയാണ് ചര്‍ച്ചയില്‍. മുസ്ലിം ലീഗ് ആണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമാണുള്ളത്.
വികെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ പട്ടാമ്പി സീറ്റ് ലീഗിന് കൊടുത്ത് കോങ്ങാട് ഏറ്റെടുക്കാമെന്ന അഭിപ്രായമുള്ളവരാണ്. എംപിയുമായി അടുപ്പമുള്ള ആരെങ്കിലും മല്‍സരിപ്പിച്ചേക്കും എന്നു ചില നേതാക്കള്‍ സൂചന നല്‍കി. എന്നാല്‍ സിപി മുഹമ്മദ്, ടിപി ഷാജി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പട്ടാമ്പി വിട്ടുകൊടുക്കരുത് എന്ന് ശക്തമായി വാദിക്കുന്നു.

മുസ്ലിം ലീഗിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണ് പട്ടാമ്പി. കഴിഞ്ഞ തവണ സിപിഐയിലെ മുഹ്‌സിന്‍ ആണ് ജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി ഇത്തവണയും മണ്ഡലത്തില്‍ സജീവമാണ്. ഇദ്ദേഹം തന്നെ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുമോ അതോ മറ്റേതെങ്കിലും നേതാക്കളെ ഇറക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
പാലക്കാട് ജില്ലയില്‍ രണ്ട് സീറ്റിലാണ് മുസ്ലിം ലീഗ് മല്‍സരിക്കുന്നത്. എന്‍ ഷംസുദ്ദീന്‍ പതിവായി ജയിക്കുന്ന മണ്ണാര്‍ക്കാടും കോങ്ങാടും. ഷംസുദ്ദീന്‍ തന്നെയാകും ഇത്തവണയും മണ്ണാര്‍ക്കാട് മല്‍സരിക്കുക എന്ന് ചില ലീഗ് നേതാക്കള്‍ സൂചിപ്പിച്ചു. മറ്റാരെങ്കിലും മല്‍സരിച്ചാല്‍ ജയസാധ്യത കുറവാണ് എന്നും ഇവര്‍ പറയുന്നു. അതേസമയം, പട്ടാമ്പി കൂടി കിട്ടിയാല്‍ ജില്ലയിലെ മറ്റു നേതാക്കള്‍ക്കും പ്രതീക്ഷ കൂടും.
പാലക്കാട് ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളായ സമദ്, മരയ്ക്കാര്‍ റഷീദ് എന്നിവരാണ് ചര്‍ച്ചയിലുള്ളത്. ഡിസിസി വച്ചുമാറല്‍ ചര്‍ച്ച നടത്തിയെങ്കിലും പട്ടാമ്പി കൈവിടേണ്ട എന്ന അഭിപ്രായമാണ് ഒരു വിഭാഗം ശക്തമായി ഉന്നയിച്ചത്. എന്നാല്‍ നാളെ നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയായേക്കും. യുഡിഎഫിലെ ആദ്യവട്ട ചര്‍ച്ചയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ആവശ്യങ്ങള്‍ പങ്കുവച്ചു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് രണ്ടാംവട്ട യോഗം
ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളുമായി വച്ചുമാറല്‍ ആലോചന ആദ്യം നടന്നെങ്കിലും ജില്ലയില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് നേതൃത്വം നല്‍കിയ നിര്‍ദേശം. അതുകൊണ്ടാണ് കോങ്ങാടും പട്ടാമ്പിയും വച്ചുമാറല്‍ ചര്‍ച്ചയിലേക്ക് എത്തിയത്. മുസ്ലിം ലീഗിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങിയില്ലെങ്കില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.












Click it and Unblock the Notifications