താനൂരില്‍ മുസ്ലിംലീഗ് - ബിജെപി ബാന്ധവം!! പരസ്യ പ്രചാരണവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍
മലപ്പുറം: താനൂര്‍ നഗരസഭയിലെ മുസ്ലിംലീഗ് - ബി.ജെ.പി ബാന്ധവത്തെക്കുറിച്ച് പരസ്യ പ്രചാരണവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. കോണ്‍ഗ്രസ് മുസ്ലിംലീഗിന് കീഴ്‌പ്പെടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ലാമിഹ് റഹ്മാനാണ് ലീഗിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്.
തനിക്കെതിരെ നിരന്തരം പോസ്റ്റുകളിടുന്നവരും താനൂരിലും, കേരളത്തിലും കേന്ദ്രത്തിലും ഉണ്ടാക്കിത്തരാന്‍ നില്‍ക്കുന്നവരുമായവരോട് ഒരു ചോദ്യം എന്നാണ് പോസ്റ്റിന്റെ തുടക്കം. കഴിഞ്ഞ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ എത്ര സീറ്റുകള്‍ കോണ്‍ഗ്രസിനു തന്നു എന്നതാണ് അടുത്ത ചോദ്യം. മുസ്ലിം ലീഗിന് അടിമപ്പെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ നിസ്സഹായ അവസ്ഥയാണ് ലാമിഹ് തന്റെ പോസ്റ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെയും, ബിജെപിക്ക് വോട്ട് മറിക്കാതെയും എവിടെയെല്ലാം കോണ്‍ഗ്രസിനെ വിജയിപ്പിച്ചെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ബിജെപിക്ക് സീറ്റ് ഉണ്ടാക്കി കൊടുക്കാന്‍ മുസ്ലിംലീഗ് കാണിക്കുന്ന ശ്രദ്ധ താനൂരുകാര്‍ക്ക് പച്ചവെള്ളം പോലെ അറിയാമെന്നുള്ള ആരോപണം ഏറെ ഗുരുതരമാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന സീറ്റ് തരാം എന്ന് പറഞ്ഞു മണ്ഡലം പ്രസിഡന്റിനെ പറഞ്ഞു പറ്റിക്കുക പതിവാണന്നെന്നും, എന്നാല്‍ അവിടങ്ങളില്‍ മുസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച ആറ് സീറ്റില്‍ മൂന്ന് ഇടങ്ങളില്‍ ബിജെപിക്ക് വോട്ടു മറിച്ചു കൊടുത്തത് ലീഗിന്റ സജീവ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്, വേറെ പല ഡിവിഷനുകളിലും പരസ്യമായി ബിജെപിയെ സഹായിച്ച് ജയിപ്പിച്ചതും ലീഗ് തന്നെ ആണെന്നും, അതിനുള്ള നന്ദിയായിട്ടാണ് മുനിസിപ്പാലിറ്റിയില്‍ ഒരു സമര പരിപാടികള്‍ പോലും നടത്താതെ ഒത്തുകളിക്കുന്നതെന്നും, മുസ്ലിംലീഗിന്റെ ബി ടീം ആയാണ് ബിജെപി മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ പറയുന്നു. ഡിസിസി പ്രസിഡന്റിന്റെ കത്ത് നല്കിയിട്ടും മുന്നണി മര്യാദ അനുസരിച്ച് മുനിസിപ്പല്‍ ഭരണത്തില്‍ കോണ്‍ഗ്രസിന് കിട്ടേണ്ട പ്രാധിനിത്യം എന്തുകൊണ്ടാണ് ലീഗ് നല്‍കാത്തതെന്നും, താനൂരിലെ മുസ്ലിംലീഗ് നെറികേട് ചോദ്യം ചെയ്യാനുള്ള നേതൃത്വം താനൂരില്‍ ഇല്ലാതായതാണ് കോണ്‍ഗ്രസിന്റെ വീഴ്ചയെന്നും ലാമിഹ് പറയുന്നു.












Click it and Unblock the Notifications