Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാനിയില്‍ സിപിഎമ്മിന്റെ അടവ് തെറ്റിയത് ഇവിടെ; ചരിത്ര ജയം നേടി സമദാനി, സമസ്ത ഫാക്ടറില്ല

പൊന്നാനി: കേരളത്തില്‍ എവിടെയും പരീക്ഷിക്കാത്ത ചില നീക്കങ്ങളാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം മലപ്പുറം ജില്ലയില്‍ നടത്താറുള്ളത്. പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍. കിട്ടിയാല്‍ കിട്ടി എന്ന മട്ടിലുള്ള നീക്കങ്ങള്‍ പക്ഷേ, ഇതുവരെ വിജയം കണ്ടിട്ടില്ല. ഇത്തവണയും പതിവ് പോലെ സിപിഎം തന്ത്രം പാളി. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനിയുടെ ലീഡ് രണ്ട് ലക്ഷം കടന്ന് കുതിച്ചത് ലീഗ് കേന്ദ്രങ്ങളിലും ആശ്ചര്യമുണ്ടാക്കി.

കെടി ജലീല്‍, വി അബ്ദുറഹ്മാന്‍, വി വസീഫ് തുടങ്ങി പലരുടേയും പേരുകള്‍ പൊന്നാനിയിലെ സിപിഎമ്മിന്റെ പട്ടികയില്‍ സാധ്യത കല്‍പ്പിച്ചിരുന്നു. അപ്രതീക്ഷിതമായിട്ടാണ് കെഎസ് ഹംസയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന സെക്രട്ടറി ഹംസയ്ക്ക് ലീഗ് വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു സിപിഎം കരുതല്‍.

muslimleagu-win

നേരത്തെ ഹുസൈന്‍ രണ്ടത്താണി, വി അബ്ദുറഹ്മാന്‍, പിവി അന്‍വര്‍ എന്നിവരെ വച്ച് നടത്തിയ പരീക്ഷണത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്തവണ ഹംസയെ മുന്നില്‍ നിര്‍ത്തി നടത്തിയത്. ഹംസ എത്തിയതോടെ ഞെട്ടിക്കുന്ന വിജയം നേടണമെന്ന വാശിയായി മുസ്ലിം ലീഗിന്. സമസ്തയിലെ ഒരുവിഭാഗം പാരയാകുമെന്ന് മനസിലായതോടെ ലീഗ് പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി ഇറങ്ങി.

മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയും കൂട്ടരും നടത്തുന്ന നീക്കങ്ങള്‍, പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്ത സംഭവം, ചന്ദ്രികയിലെ തിരിമറി തുടങ്ങി ലീഗില്‍ നിന്ന് പുറത്താക്കിയ വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു കെഎസ് ഹംസ പ്രചാരണ വേളയിലും ആവര്‍ത്തിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഈ വിഷയങ്ങള്‍ മതിയാകുമായിരുന്നില്ല. സമദാനിക്കെതിരെ ശക്തമായ ആയുധമില്ലാത്തതും ഇടതു കേന്ദ്രങ്ങളെ വെട്ടിലാക്കി.

ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മുസ്ലിം ലീഗും സമദാനിയും പ്രധാന ആയുധമാക്കിയതോടെ ജനം ഏറ്റെടുത്തു എന്നുവേണം കരുതാന്‍. ബിജെപിയും നരേന്ദ്ര മോദിയും ദേശീയ തലത്തില്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ മുസ്ലിം ന്യൂനപക്ഷത്തിനിടയില്‍ ആശങ്ക ശക്തമാണ്. ഇതുതന്നെയാണ് യുഡിഎഫ് പ്രചാരണ ആയുധമാക്കിയത്. ഇവിടെയാണ് ഹംസയേക്കാള്‍ കേമന്‍ സമദാനി തന്നെ എന്ന നിഗമനത്തിലേക്ക് വോട്ടര്‍മാര്‍ എത്തിയത്.

സിഎഎ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സിപിഎം പ്രചാരണ ആയുധമാക്കിയിരുന്നു. കേരളത്തില്‍ സിഎഎ നടപ്പാക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളും ഫലം കണ്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കൈകള്‍ക്ക് കരുത്ത് പകരുകയാണ് വേണ്ടത് എന്ന യുഡിഎഫ് പ്രചാരണം വോട്ടര്‍മാര്‍ ശരിവച്ചു എന്നാണ് വോട്ടെണ്ണി കഴിയുമ്പോള്‍ വ്യക്തമാകുന്നത്. സിഎഎ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് റോളില്ലെന്നും കോടതിയില്‍ പോരാടുന്നത് തങ്ങളാണെന്നുമുള്ള ലീഗ് പ്രചാരണവും ജനം വിശ്വാസത്തിലെടുത്തു.

ഏറ്റവും ഒടുവില്‍ സമസ്തയിലെ ഒരു വിഭാഗം മുസ്ലിം ലീഗിനെതിരെ തിരഞ്ഞത് ഹംസയ്ക്ക് അനുകൂലമാകുമെന്ന് കരുതപ്പെട്ടിരുന്നു. സമസ്ത നേതാക്കളുമായി ഹംസയ്ക്കുള്ള ബന്ധം ഗുണമാകുമെന്നും കരുതി. സമസ്തയിലെ ഒരു വിഭാഗം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ പ്രാചാരണം നടത്തിയത് ലീഗിന്റെ അമര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പിന്തുണ സമദാനിയുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, മലബാറില്‍ ഉടനീളം യുഡിഎഫ് വിജയിച്ചതോടെ സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഉള്‍പ്പോര് പുതിയ തലത്തിലേക്ക് കടന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+