Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നു, ഏകദേശ ധാരണയായി, അന്തിമ തീരുമാനം 25ന്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ ആരെ മല്‍സരിപ്പിക്കുമെന്നത് സംബന്ധിച്ച് മുസ്ലിംലീഗില്‍ ധാരണയായെന്ന് വിവരം.

കോഴിക്കോട്: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ ആരെ മല്‍സരിപ്പിക്കുമെന്നത് സംബന്ധിച്ച് മുസ്ലിംലീഗില്‍ ഏകദേശ ധാരണയായെന്ന് വിവരം. ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. 25ന് നടക്കുന്ന ദേശീയ എക്‌സിക്കുട്ടീവ് യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക.

യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ ആരെയെങ്കിലും മല്‍സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി മറ്റൊരു തലത്തില്‍ ചിന്തിക്കുന്നുവെന്നാണ് വിവരം.

അബ്ദുസമദ് സമദാനിക്ക് സാധ്യത

കോട്ടക്കല്‍ മുന്‍ എംഎല്‍എ അബ്ദുസമദ് സമദാനിയെ മല്‍സിരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. മുമ്പ് പാര്‍ലമെന്റില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പരിചയമുള്ളതും ഭാഷാ നൈപുണ്യവുമാണ് സമാദാനിയിലേക്ക് പാര്‍ട്ടി തിരിയാന്‍ കാരണം. എന്നാല്‍ സമദാനി സമ്മതിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

സിറാജ് ഇബ്രാഹീം സേട്ട്

മറ്റൊരു സാധ്യത കേള്‍ക്കുന്നത് സിറാജ് ഇബ്രാഹീം സേട്ടിനാണ്. അദ്ദേഹത്തെ ദേശീയ തലത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഭാഷ കൈകാര്യം ചെയ്യുന്നതിനും ഡല്‍ഹി കേന്ദ്രമായി അദ്ദേഹത്തിനുള്ള ബന്ധവും ദേശീയ തലത്തില്‍ സിറാജ് സേട്ടിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമോ?

കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവണമെന്നും ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ നയിക്കണമെന്നും അഭിപ്രായപ്പെടുന്ന നേതാക്കളുമുണ്ട്. എന്നാല്‍ നിലവിലെ സഭക്ക് ഇനി കഷ്ടിച്ച് രണ്ട് വര്‍ഷമേയുള്ളൂ. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് അടുത്ത പാര്‍ലമെന്റ്് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

മലപ്പുറം എന്ന പച്ചക്കോട്ട

മലപ്പുറം മണ്ഡലം ലീഗിന് ഉറച്ച സീറ്റാണ്. അതുകൊണ്ട് തന്നെ ആരെ മല്‍സരിപ്പിച്ചാലും ജയിക്കും. ഇ അഹമ്മദ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ സൈനബക്കെതിരേ 194000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ കഴിഞ്ഞതവണ ജയിച്ചത്.

അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് വേങ്ങര

കുഞ്ഞാലിക്കുട്ടിയെ മലപ്പറം മണ്ഡലത്തില്‍ മല്‍സരിപ്പിച്ചാല്‍ അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ വേങ്ങരയില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മല്‍സരിപ്പിക്കാമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

രണ്ടത്താണി നിയമസഭയില്‍ വേണം

താനൂരില്‍ ഇടതു സ്ഥാനാര്‍ഥി വി അബ്ദുറഹ്മാനോടാണ് സിറ്റിങ് എംഎല്‍എ ആയിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണി തോറ്റത്. പാര്‍ട്ടിയുടെ വിശ്വസ്ഥ മണ്ഡലത്തിലെ തോല്‍വി ലീഗിന് കനത്ത തിരിച്ചടിയായിരുന്നു. നിലവില്‍ നിയമസഭയില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ഇല്ലാത്തത് ലീഗിന് തിരിച്ചടിയാണെന്ന് വിലയിരുത്തുന്ന നേതാക്കളുമുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടത്താണിയെ വേങ്ങരയില്‍ മല്‍സരിപ്പിച്ച് നിയമസഭയിലെത്തിക്കാമെന്ന നിര്‍ദേശം വരുന്നത്.

 പാണക്കാട് കുടുംബാംഗം മല്‍സര രംഗത്തോ?

മറ്റൊരു പേര് കേള്‍ക്കുന്നത് പാണക്കാട് മുനവ്വറലി തങ്ങളുടേതാണ്. അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. കാരണം പാണക്കാട് കുടുംബത്തില്‍ നിന്ന് ഇതുവരെ ആരും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മുനവ്വറലി മല്‍സരിക്കാന്‍ സാധ്യതയില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

 കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാവും

കെഎന്‍എ ഖാദറിന്റെ പേരും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാധ്യത കുറവാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറി പദവി ഏല്‍പ്പിക്കാന്‍ ആലോചന നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം മറുപടി നല്‍കിയിട്ടില്ല.

ദേശീയ തലത്തില്‍ നേരിയ മാറ്റം വന്നേക്കും

ലീഗ് ദേശീയ അധ്യക്ഷനായിരുന്നു അന്തരിച്ച ഇ അഹമ്മദ്. തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവ് ഖാദര്‍ മൊയ്തീന് നിലവില്‍ ദേശീയ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല കൈമാറിയിട്ടുണ്ട്. ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തി കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും അഭിപ്രായമുണ്ട്. അപ്പോള്‍ ട്രഷററായി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ദേശീയ സെക്രട്ടറി ഖുറം ഹനീഫിന്റെ പേരാണ് പരിഗണനയില്‍.

വിടപറഞ്ഞത് ജനപ്രതിനിധികള്‍ക്കിടയിലെ ലക്ഷാധിപതി

ഇ അഹമ്മദിന്റെ വിയോഗം ലീഗിന് നികത്താനാവാത്ത വിടവാണെന്ന് പാര്‍ട്ടി നേതാക്കള്‍ വരെ സമ്മതിക്കുന്നു. ലീഗിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായതുകൊണ്ട് തന്നെ സുരക്ഷിത മണ്ഡലങ്ങളാണ് അഹമ്മദിന് എന്നും നീക്കിവച്ചിരുന്നത്. പകുതിയിലേറെ തവണയും ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അഹമ്മദ് ജയിച്ചത്. ജനപ്രതിനിധികള്‍ക്കിടയിലെ ലക്ഷാധിപതി എന്ന വിളിപ്പേരും അങ്ങനെയാണ് അദ്ദേഹത്തിന് വരുന്നത്. 1991ല്‍ മഞ്ചേരിയില്‍ ആദ്യം ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചപ്പോള്‍ അഹമ്മദിന്റെ ഭൂരിപക്ഷം 90000.

അഹമ്മദ് സാഹിബിന്റെ സുവര്‍ണകാലം

ഇനി അല്‍പ്പം അഹമ്മദ് സാഹിബിന്റെ മരിക്കാത്ത ഓര്‍മകളിലേക്ക്... മണ്ഡല പുനര്‍നിര്‍ണയ ശേഷം മഞ്ചേരി മലപ്പുറമായപ്പോള്‍ 2009ലെ തിരഞ്ഞെടുപ്പില്‍ മാനം കാക്കാന്‍ ലീഗ് അ്ഹമ്മദിനെ തിരിച്ചുവിളിച്ചു. മജീദിനെ മലര്‍ത്തിയടിച്ച ഹംസാക്ക എതിരാളി. എന്തു ചെയ്യാം.. ടികെ ഹംസക്കുമായില്ല അഹമ്മദ് സാഹിബിന്റെ വ്യക്തിപ്രഭാവം തകര്‍ക്കാന്‍. ഫലം വന്നപ്പോള്‍ ഹംസാക്കയേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം അഹമ്മദിനുണ്ടായിരുന്നു.

 ഒടുവില്‍ ലഭിച്ചത് രണ്ട് ലക്ഷത്തോളം വോട്ട്

ഒടുവില്‍ മല്‍സരിച്ച 2014ല്‍ വനിതയെ രംഗത്തിറക്കിയാണ് ഇടതുപക്ഷം അഹമദിനെ നേരിട്ടത്. എന്നാല്‍ ഈ തന്ത്രവും ഫലിച്ചില്ല. പികെ സൈനബയേക്കാള്‍ 194739 വോട്ട് അഹമ്മദ് സാഹിബിന് അധികം. ഇടതുപക്ഷത്തിന്റെ കണ്ണുതള്ളിയ ഫലവുമായാണ് അദ്ദേഹം ഒടുവില്‍ ലോക്‌സഭയിലെത്തിയത്.

 പ്രതിപക്ഷത്തിന്റെ കൈയടിയും നേടി

2004 മുതല്‍ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന അഹമ്മദിന്റെ പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. പലപ്പോഴും പ്രതിപക്ഷത്തിന്റെ കൈയടി അദ്ദേഹം നേടി. വിദേശകാര്യമന്ത്രി അഹമ്മദാണോ എന്നു പോലും പലര്‍ക്കും തോന്നുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

ഇന്ത്യയെ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിച്ച നേതാവ്

അറബ് ലോകവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം പലപ്പോഴും പൗരന്‍മാരുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഗുണം ചെയ്തു. ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനും ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതിനും അഹമ്മദിന്റെ പ്രവര്‍ത്തനം സഹായകരമായി. അറബ് ലീഗ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തു. ലോകരാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവും അഹമ്മദാണ്.

റെയില്‍വേ ജനകീയ വല്‍ക്കരിച്ചു

രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേയുടെയും മാനവവിഭവ ശേഷി വകുപ്പിന്റെയും മന്ത്രിയായി. റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കണ്ണൂരിന്റെയും മലപ്പുറത്തെയും റെയില്‍വേ സ്റ്റേഷനുകളുടെ മുഖഛായ അദ്ദേഹം മാറ്റി. നിലമ്പൂരിന് സ്വന്തമായി ട്രെയിന്‍ എത്തി... അനവധി നേട്ടങ്ങള്‍ അദ്ദേഹത്തിലൂടെ കേരളത്തിന് സ്വന്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+