പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
മലപ്പുറം: 2019ല്‍ ലഭിച്ച ഭൂരിപക്ഷം മറികടക്കണം എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളത്തിലിറങ്ങിയത്. മലപ്പുറം, പൊന്നാനി സ്ഥാനാര്‍ഥികളെ വച്ചുമാറി പോരിനിറങ്ങിയ മുസ്ലിം ലീഗിന് ഒരു പണി കൊടുക്കണം എന്ന അഭിപ്രായം സമസ്തയിലെ ചിലര്‍ക്കുണ്ട് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
ആരോടും മമതയോ വിരോധമോ ഇല്ല എന്നാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മുശാവറ അംഗം മുക്കം മുഹമ്മദ് ഫൈസി ഇതിന് വിരുദ്ധമായി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ ചര്‍ച്ച വഴിമാറി. മുക്കം ഫൈസിയുടെ പ്രതികരണത്തിന്റെ വീഡിയോ ഇടതു പ്രൊഫൈലുകള്‍ പരമാവധി പ്രചരിപ്പിക്കുന്നുണ്ട്.

മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കുറയണം എന്നാണത്രെ സമസ്തയിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യം. ഇവര്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു എന്നും ആരോപണമുണ്ട്. പലവിധത്തില്‍ ഇടതുപക്ഷത്തിന് വേണ്ടി വോട്ട് സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. വിഷയം സജീവ ചര്‍ച്ചയാക്കേണ്ടെന്നാണ് ലീഗ് തീരുമാനം.
സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ലെന്നു മുക്കം ഫൈസി തിരഞ്ഞെടുപ്പ് വേളയില്‍ തുറന്നടിച്ചത് മുസ്ലിം ലീഗിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സമസ്തയുടെ മുഴുവന്‍ വോട്ടുകളും ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീഴില്ലെങ്കിലും ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടി. പൊന്നാനിയും മലപ്പുറവും തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തതല്ല എന്നാണ് മന്ത്രി വി അബ്ദുറഹ്മാന്‍ കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞത്.
മലപ്പുറം മണ്ഡലം മഞ്ചേരി ആയിരുന്ന കാലത്ത് സിപിഎം നേതാവ് ടികെ ഹംസ ചെങ്കൊടി പറത്തിയിട്ടുണ്ട്. സുന്നി വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് ചോര്‍ന്നതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. ശക്തി കേന്ദ്രത്തില്‍ അടിപതറിയ ചരിത്രമുള്ളതിനാല്‍ മുസ്ലിം ലീഗ് ഇത്തവണ കരുതലോടെയാണ് നീങ്ങുന്നത്. കെഎസ് ഹംസയെ ഇടതുപക്ഷം പൊന്നാനിയില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച വേളയില്‍ നിസാരമായി കണ്ടിരുന്ന ലീഗ് നേതാക്കളുടെ സ്വരം ഇപ്പോള്‍ അല്‍പ്പം മാറിയിട്ടുണ്ട്.
സമസ്തയുടെ നിലപാട് നേരത്തെ പറഞ്ഞതാണെന്നും ഒരു പാര്‍ട്ടിയോടും പ്രത്യേക താല്‍പ്പര്യമില്ലെന്നും ജിഫ്രി തങ്ങള്‍ ഇന്നും ആവര്‍ത്തിച്ചു. മുക്കം ഫൈസിയുടെ പ്രതികരണം വ്യക്തിപരമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ജയിച്ചാല്‍ ഏത് സമയവും കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ആ അവസരം സൃഷ്ടിക്കരുത് എന്നുമാണ് സമസ്തയുടെ പോഷക സംഘടനയുടെ നേതാവായ നാസര്‍ ഫൈസി കൂടത്തായിയുടെ പ്രതികരണം.
സംഘടനയുടെ പേരില്‍ ഒരുപാട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും അതില്‍ വഞ്ചിതരാകരുതെന്നും എസ്‌കെഎസ്എസ്എഫിന്റെ മലപ്പുറം ജില്ലാ നേതാക്കള്‍ പറഞ്ഞു. പൊന്നാനിയില്‍ ഇത്തവണ വാശിയേറിയ മല്‍സരമാകുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ വ്യക്തമാകുന്നത്. തുടക്കത്തില്‍ മുസ്ലിം ലീഗിനുണ്ടായിരുന്ന ഈസി വാക്കോവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്താവുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.












Click it and Unblock the Notifications