ലീഗ് വർണകടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സൈനേഡ്, തൊട്ടാൽ ചത്ത് പോകും'; വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് വർഗീയ പാർട്ടിയാണെന്നും വർണകടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സൈനേഡ് ആണെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു. മുസ്ലീം ലീഗ് സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഇവിടെ മതരാഷ്ട്രം സൃഷ്ടിക്കുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇവിടെ മുസ്ലീം ലീഗ് ഭരണത്തിലേറിയാൽ നമ്മൾ നാട് വിടേണ്ടി വരും. ഇവിടെ അവർ ഭരണത്തിൽ ഇല്ലാതിരുന്നിട്ടും നമ്മൾ കണ്ടതല്ലേ, ഒമ്പത് കൊല്ലം നഷ്ടട്ടതെല്ലാം ഇപ്പോൾ തിരിച്ചെടുക്കണമെന്ന്. അവരൊക്കെ പറഞ്ഞത് നടന്നാൽ നമ്മളൊക്കെ ആത്മഹത്യ ചെയ്യേണ്ടി വരും. മുസ്ലീം ലീഗ് എന്നാണ് പാർട്ടിയുടെ പേര്. പേര് തന്നെ മുസ്ലീം എന്നാണ്. എന്നിട്ട് മതേതര പാർട്ടി എന്നാണ് പറയുന്നത്. എല്ലാവരും മതേതര പാർട്ടിയെന്നാണ് ലീഗിനെ വിളിക്കുന്നത്.

മുസ്ലീം ലീഗിൽ ഏതെങ്കിലും ഒരു എംഎൽഎ മതേതരനായിട്ടുണ്ടോ? അവർ വർഗീയ പാർട്ടിയാണ്. അവർക്ക് ഭരണം വന്നാൽ നമ്മുടെ സ്ഥിതി എന്താകും. അവർ ഇരുന്ന കാലത്ത് ചെയ്തത് എന്താണ്. അവരുടെ താതപര്യം ഇവിടെ മതരാഷ്ട്രം സാധ്യമാകണമെന്നാണ്.വർണക്കടലാസിൽ പൊതിഞ്ഞിരിക്കുന്ന പൊട്ടാസ്യം സൈനേഡ് ആണവർ. അത് തൊട്ടാൽ തന്നെ നമ്മൾ മരിച്ച് പോകും. അവർക്ക് മനുഷ്യത്വവും മര്യാദവും വഴിയെ പോയിട്ടില്ല', വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രി ഗണേഷ് കുമാറിനേയും വെള്ളാപ്പള്ളി വിമർശിച്ചു. ഗണേഷ് കുമാർ തറ മന്ത്രിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം.ചൂടുകാലത്ത് കുടിക്കാൻ വെച്ച വെള്ളം ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ് ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തേയും മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി അധിക്ഷേപ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്നായിരുന്നു അടുത്തിടെ വെള്ളാപ്പള്ളി പരിഹസിച്ചത്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ല,ലീഗിലെ നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.












Click it and Unblock the Notifications