യുഡിഎഫ് ബഹിഷ്കരണത്തിനിടെ ലീഗ് നേതാവ് നവകേരള സദസ്സില്‍: കാരണം പറഞ്ഞ് അബൂബക്കർ
കാസർകോട്: സർക്കാറിന്റെ നവകേരള സദസ്സില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ്. പാർട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ എ അബൂബക്കറാണ് മുഖ്യമന്ത്രിയോടൊപ്പം നവകേരള സദസ്സ് വേദി പങ്കിട്ടത്. സർക്കാർ പരിപാടിക്ക് യു ഡി എഫ് വിലക്ക് നിലനില്‍ക്കുമ്പോഴാണ് മുസ്ലിം ലീഗിന്റെ ഉന്നത നേതാവ് തന്നെ നവകേരള സദസ്സിന്റെ ഭാഗമായതെന്നാണ് ശ്രദ്ധേയം. യു ഡി എഫ് നേതാക്കള്‍ ആരും തന്നെ നവകേരള സദസ്സിന്റെ ഭാഗമാകേണ്ടതില്ലെന്ന നിർദേശവും കോണ്‍ഗ്രസ് നല്‍കിയിരുന്നു.
എന്നാല്‍ യു ഡി എഫ് നിർദേശം മറികടന്ന് ജില്ലയിലെ പ്രമുഖ വ്യവസായി കൂടിയായ ലീഗ് നേതാവ് അപ്രതീക്ഷിതമായി വേദിയിലെത്തുകയായിരുന്നു. വേദിയിലെത്തിയ എന്‍ എ അബൂബക്കറിന് മുഖ്യമന്ത്രിയുടെ തൊട്ടരികില്‍ തന്നെ ഇരിപ്പിടം ലഭിക്കുകയും ചെയ്തു. രണ്ടാം ദിവസത്തെ പ്രഭാത യോഗത്തില്‍ കലാ-സാംസ്‌കാരിക-വ്യവസായ രംഗങ്ങളിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു. ഇവിടേക്കാണ് ലീഗ് നേതാവും എത്തിയത്.

ലീഗ് നേതാവിന്റെ സാന്നിധ്യം സി പി എമ്മിനും സർക്കാറിനും മുതല്‍ക്കൂട്ടാവുകയും ചെയ്തു. വിദ്യാഭ്യാസം അടക്കമുള്ള പൊതുവിഷയങ്ങള്‍ പറയുന്നതിന് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് അബൂബക്കർ വ്യക്തമാക്കുന്നത്. പാർട്ടി വിലക്കുമായി എനിക്ക് ബന്ധമില്ല. ഞങ്ങളുടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. അത് മാത്രമാണ് ചെയ്തത്. അല്ലാത്ത തരത്തിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാനഗർ-നായന്മാർ മൂല എന്ന് പറയുന്നത് എന്റെ നാടാണ്. അവിടെ ദേശീയപാതയുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടേയുള്ള നിരവധി വിഷയങ്ങളുണ്ട്. അതെല്ലാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. കളക്ടറാണ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് പറഞ്ഞത്. നാടിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് വന്നത്. അല്ലാതെ ഇതില്‍ രാഷ്ട്രീയമില്ലെന്നും അബൂബക്കർ വ്യക്തമാക്കി.
അതേസമയം, മുസ്‌ലിംലീഗിനെയും യു ഡി എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും പാർട്ടി മുന്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി എം എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. കെ പി എ മജീദിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി എം എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗിലെ ഒരുപറ്റം ആളുകൾ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗർഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങൾ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം. തങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ്.
''അതിന് എന്നെ കിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.''
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുത്.












Click it and Unblock the Notifications