രാഹുല്‍ റായ്ബറേലിയില്‍ ജയിച്ചാല്‍ ആഘോഷം വയനാട്ടില്‍; ഭൂരിപക്ഷം കൂടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ കൂടി പത്രിക സമര്‍പ്പിച്ചത് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതര പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും രംഗത്തുവന്നപ്പോള്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്തു. രാഹുല്‍ ഉത്തര്‍ പ്രദേശിലും മല്‍സരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
മറ്റു മണ്ഡലത്തില്‍ കൂടി മല്‍സരിക്കാനുള്ള തീരുമാനം വോട്ടര്‍മാരില്‍ നിന്ന് മറച്ചുവച്ചത് ശരിയായില്ലെന്ന് വയനാട്ടിലെ ഇടതുസ്ഥാനാര്‍ഥി ആനി രാജ പ്രതികരിച്ചു. രാഹുല്‍ ഭീരുവാണെന്നും രാഹുല്‍ വയനാടിനെ വഞ്ചിച്ചുവെന്നുമായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ മറുപടി. എന്നാല്‍ കെസി വേണുഗോപാലിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു....

ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാ കേന്ദ്രമാകാന്‍ ഉത്തര്‍ പ്രദേശിലും രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഇന്നാണ് രാഹുല്‍ റായ്ബറേലിയില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. ഇതുവരെ സോണിയ ഗാന്ധിയായിരുന്നു റായ്ബറേലി എംപി.
നെഹ്രു കുടുംബത്തില്‍ നിന്നുള്ള പ്രമുഖരെല്ലാം മല്‍സരിച്ച മണ്ഡലമാണ് റായ്ബറേലി. 2004 മുതല്‍ സോണിയ ഗാന്ധിയാണ് ഇവിടെ ജയിച്ചത്. സോണിയ രാജ്യസഭയിലേക്ക് മാറിയതോടെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലി സ്ഥാനാര്‍ഥിയാകുന്നത്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും രാഹുല്‍ വീണ്ടും അമേഠിയിലും മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പ്രിയങ്ക മല്‍സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായി എന്ന് പറയുന്നവര്‍, രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ ജയിക്കുമെന്നല്ലേ വ്യക്തമാക്കുന്നത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കും. നാലും അഞ്ചും ലക്ഷം ഭൂരിപക്ഷം കിട്ടുന്നിടത് മറിച്ചൊന്നും സംഭവിക്കില്ല. റായ്ബറേലിയില്‍ രാഹുല്‍ ജയിച്ചതിന്റെ സന്തോഷത്തില്‍ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റായ്ബറേലിയില്‍ രാഹുല്‍ ജയിച്ചാല്‍ ആഘോഷം വയനാട്ടില്‍ നടക്കും. ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം കിട്ടും. 2014ല്‍ നിന്ന് വലിയ വ്യത്യാസമാണ് 2024ലുള്ളത്. ജനങ്ങള്‍ ബോധവാന്മാരാണ്. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ വേണ്ടത് ജനങ്ങള്‍ ചെയ്യും. ഈ നിലപാട് പറയാന്‍ ഒരാളെ കൂടി അയക്കാന്‍ അവസരം കിട്ടിയാല്‍ ജനങ്ങള്‍ അത് ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
''കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. ദേശീയ അധ്യക്ഷനെ അന്തിമ തീരുമാനമെടുക്കാന്‍ നിയോഗിച്ചു. പാര്‍ട്ടിയുടെ തീരുമാനം രാഹുല്‍ അംഗീകരിക്കുകയാണുണ്ടായത്. റായ്ബറേലിയും അമേഠിയുമെല്ലാം കോണ്‍ഗ്രസിന് പ്രധാനമാണ്. എന്നാല്‍ ഇന്ദിര ഗാന്ധി പ്രതിനിധീകരിച്ച മണ്ഡലമായതിനാല്‍ റായ്ബറേലിയുമായി പ്രത്യേക വൈകാരിക ബന്ധം കോണ്‍ഗ്രസിനുണ്ട്''- കെസി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications