ജാതി സെന്‍സസ്, പലസ്തീന്‍... നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്, സമ്മേളനം മാറ്റിവച്ചു
മലപ്പുറം: കോണ്‍ഗ്രസിന് പിന്നാലെ ജാതി സെന്‍സസിനെ അനുകൂലിച്ച് മുസ്ലിം ലീഗ് രംഗത്ത്. രാജ്യത്തുടനീളം ജാതി സെന്‍സസ് വേണമെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഖാദര്‍ മൊയ്തീന്‍. പലസ്തീന്‍ വിഷയത്തിലും മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കി.
പ്രതിപക്ഷ ഇന്ത്യ സംഖ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയമാണ് ജാതി സെന്‍സസ്. ബിഹാറില്‍ സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ട പിന്നാലെ കര്‍ണാടകയിലും രാജസ്ഥാനിലും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. അതിനിടെയാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത മാസം നടക്കേണ്ടിയിരുന്ന ദേശീയ സമ്മേളനം മുസ്ലിം ലീഗ് മാറ്റിവച്ചതായി ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മറ്റൊരു തിയ്യതിയില്‍ ദേശീയ സമ്മേളനം നടക്കും. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പേരില്‍ ഒരുക്കുന്ന ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമ്മേളനം നടത്താനാണ് തീരുമാനിച്ചിരുന്നത്.
അടുത്തമാസം എഴ് മുതല്‍ 30 വരെയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മിസോറാം, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടിങ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാന തിരഞ്ഞെടുപ്പാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കാണുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
അതേസമയം, മുസ്ലിം ലീഗ് പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്ത്യ പരമ്പരാഗതമായി സ്വീകരിക്കുന്ന നിലപാട് പലസ്തീനൊപ്പമാണ്. ഇപ്പോള്‍ മറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത തീരുമാനത്തോട് യോജിപ്പില്ല. ഇസ്രായേലിന്റെ കടന്നുകയറ്റമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണവും അതുതന്നെയാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പലസ്തീനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകം ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണം. വളരെ ക്രൂരമായ നടപടിയാണ് പലസ്തീന്‍ക്കാര്‍ക്കെതിരെ ഇസ്രായേല്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിനും ജാതി സെന്‍സസിനും ഞങ്ങള്‍ നേരത്തെ അനുകൂലമാണ്. ഇപ്പോള്‍ എല്ലാവരും അതിനോട് യോജിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ജാതി സെന്‍സസിനെതിരെ എന്‍എസ്എസ് രംഗത്തുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കത്തിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാമെണന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ജാതി സെന്‍സസിന് എന്‍എസ്എസ് നേരത്തെ എതിരാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരെ അവര്‍ നിലപാട് എടുത്തിരുന്നു. സാമ്പത്തിക സംവരണം വേണമെന്നാണ് എന്‍എസ്എസ് നിലപാട്.












Click it and Unblock the Notifications