മുസ്ലിം ലീഗ് 3 സീറ്റ് വച്ചുമാറിയേക്കും; കളമശേരി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ഏകദേശ ധാരണ
കൊച്ചി: യുഡിഎഫില്‍ സീറ്റ് ചര്‍ച്ച അന്തിമ ഘട്ടത്തില്‍. മുസ്ലിം ലീഗ്, ആര്‍എസ്പി എന്നീ കക്ഷികളുമായുള്ള കോണ്‍ഗ്രസ് ചര്‍ച്ച ഏറെകുറെ പൂര്‍ത്തിയായി. മുസ്ലിം ലീഗ് 2021ലെ പോലെ 27 സീറ്റുകളില്‍ മല്‍സരിക്കും. എന്നാല്‍ ചില സീറ്റുകള്‍ വച്ചു മാറാന്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും താല്‍പ്പര്യമുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും.
കേരള കോണ്‍ഗ്രസിനോട് നാലു സീറ്റുകള്‍ വിട്ടുതരാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് കേരള കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. രണ്ട് സീറ്റ് വിട്ടുകിട്ടുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം, ആര്‍എസ്പി അഞ്ച് സീറ്റുകളില്‍ മല്‍സരിക്കാന്‍ ധാരണയായി. കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച കൂടി പൂര്‍ത്തിയായാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കും.

27ല്‍ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചുമാറാന്‍ മുസ്ലിം ലീഗ് ഒരുക്കമാണ് എന്നാണ് വിവരം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പാലക്കാട്ടെ കോങ്ങാട്, കൊല്ലം ജില്ലയിലെ പുനലൂര്‍ എന്നീ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാനാണ് മുസ്ലിം ലീഗിന് താല്‍പ്പര്യം. തിരുവമ്പാടിയില്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് മല്‍സരിച്ചേക്കുമെന്നാണ് അനൗദ്യോഗിക വിവരം.
പുനലൂരില്‍ കഴിഞ്ഞ തവണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ് യുഡിഎഫിന് വേണ്ടി മല്‍സരിച്ചത്. എന്നാല്‍ സിപിഐയുടെ പിഎസ് സുപാല്‍ മികച്ച വിജയം നേടി. യുഡിഎഫിന് വിജയ സാധ്യത തീരെ കുറഞ്ഞ മണ്ഡലമാണിത്. മണ്ഡലത്തില്‍ ഇന്നുവരെ 90 ശതമാനവും സിപിഐ സ്ഥാനാര്‍ഥികളാണ് ജയിച്ചിട്ടുള്ളത്.
മുസ്ലിം ലീഗിന് ഏത് തിരിച്ചുകൊടുക്കും
പുനലൂര്‍ വിട്ടുകൊടുത്ത് കൊല്ലം ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലം കിട്ടിയാല്‍ നന്ന് എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. മുസ്ലിം ലീഗ് വിട്ടുകൊടുക്കാന്‍ തയ്യാറായ മൂന്ന് മണ്ഡലങ്ങള്‍ക്ക് പകരം ഏത് തിരിച്ചുകൊടുക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ടുതന്നെ ഒരുപക്ഷേ, കൈമാറ്റം നടന്നേക്കില്ല. സീറ്റുകള്‍ വച്ചുമാറലിനെതിരെ പ്രദേശിക തലത്തില്‍ കടുത്ത എതിര്‍പ്പുണ്ട്.
അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി മണ്ഡലം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുസ്ലിം ലീഗ് തയ്യാറാകുമെന്ന് തോന്നുന്നില്ല. മണ്ഡലം കിട്ടിയാല്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചന. മുസ്ലിം ലീഗിന് ജില്ലയില്‍ ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണിത്.
കേരള കോണ്‍ഗ്രസില്‍ നിന്ന് ഇടുക്കി, ഏറ്റുമാനൂര്‍, കുട്ടനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പത്ത് സീറ്റ് നല്‍കാന്‍ സാധിക്കില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സീറ്റെങ്കിലും കേരള കോണ്‍ഗ്രസ് വിട്ടുകൊടുക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ ധാരണയായാല്‍ യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാകും.












Click it and Unblock the Notifications