കേരള ബാങ്കിലേക്ക് അബ്ദുള്‍ ഹമീദ് എംഎല്‍എ: ലീഗിനെ ചാക്കിട്ട് പിടിക്കാനുള്ള സിപിഎം തന്ത്രമോ?
തിരുവനന്തപുരം: മുസ്ലിം ലീഗ് എം എല്‍ എ അബ്ദുള്‍ ഹമീദ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാവും. കേരള ബാങ്കിനെതിരെ യു ഡി എഫ് സമര രംഗത്തുള്ള സമയത്താണ് മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ വ്യക്തി ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാകുന്നതെന്നാണ് ശ്രദ്ധേയം. കേരള ബാങ്ക് ഭരണസമിതിയിൽ ആദ്യമായാണ് ഒരു യു ഡി എഫ്, എം എൽ എ അംഗമാകുന്നത്. അഗത്വം ഏറ്റെടുക്കുന്നതിന് മുസ്ലിം ലീഗും യു ഡി എഫും അംഗീകാരം നല്‍കി.
കണ്ണൂരില്‍ ചേർന്ന കേരള ബാങ്ക് ഭരണ സമതി യോഗത്തിലായിരുന്നു ലീഗ് നേതാവിനെക്കൂടി ഭരണ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. യു ഡി എഫ് നേതൃത്വവുമായി ആലോചിച്ചാണ് തീരുമാനമെന്നും സഹകരണത്തില്‍ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും അബ്ദുള്‍ ഹമീദ് വ്യക്തമാക്കി. സഹകരണ വിഷയത്തില്‍ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. യു ഡി എഫ് നേതാക്കളുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. പാർട്ടി പറയാതെ ഭരണ സമിതി സ്ഥാനം ഏറ്റെടുക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

കേരള ബാങ്ക് രൂപീകരിക്കുന്നത് വരെ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്ന വ്യക്തിയാണ് അബ്ദുള്‍ ഹമീദ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുല്‍ ഹമീദ്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. യോഗത്തില്‍ ലീഗ് എം എല്‍ എയുടെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യു ഡി എഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്. മറ്റ് ജില്ലാ ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിച്ചപ്പോള്‍ യു ഡി എഫ് നേതൃത്വത്തിലുള്ള ബാങ്ക് ഇതിന് തയ്യാറായിരുന്നില്ല. പിന്നീട് സർക്കാർ ഉത്തരവിലൂടെ ജില്ലാ ബാങ്കിലെ കേരള ബാങ്കില്‍ ലയിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് യു ഡി എഫ് കോടതിയെ സമീപിച്ചത്.
അതേസമയം, സി പി എം സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിനെ ഉൾപ്പെടുത്തുന്നതെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ മുസ്ലിം ലീഗുമായുള്ള അടുപ്പം കൂട്ടാനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് എം എല്‍ എയുടെ നിയമനമെന്ന വാദവും ശക്തമാണ്.












Click it and Unblock the Notifications