തൃണമൂല്‍ കോണ്‍ഗ്രസ് വേദിയില്‍ മുസ്ലിം ലീഗ് എംഎല്‍എമാരും; കത്തോലിക പിന്തുണ, അന്‍വര്‍ ലക്ഷ്യത്തിലേക്ക്
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം വിവിധ രാഷ്ട്രീയ-മത നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പിവി അന്‍വറിന്റെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യുഡിഎഫ് പ്രവേശനത്തിന് കാത്തിരിക്കുന്ന അന്‍വറിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്നത്തെ പരിപാടി.
മുസ്ലിം ലീഗ് എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, യുഎ ലത്തീഫ് എന്നിവര്‍ തൃണമൂല്‍ വേദിയിലെത്തി, പിവി അന്‍വര്‍ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ലീഗ് എംഎല്‍എമാരും കത്തോലിക്കാ സഭയുടെ നേതാക്കളും ആവശ്യപ്പെട്ടു. അന്‍വറിന്റെ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് താരമശേരി, ബത്തേരി രൂപതകള്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ അംഗം മഹുവ മൊയ്ത്ര, രാജ്യസഭാ അംഗം ഡെറിക് ഓബ്രിയന്‍ എന്നിവര്‍ മഞ്ചേരിയിലെ സമ്മേളനത്തില്‍ എത്തിയിരുന്നു. കേരളത്തിലെ വന്യമൃഗ ശല്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഓബ്രിയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് സാധ്യമായ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് മഹുവ മൊയ്ത്ര ചോദിച്ചു.
കത്തോലിക സഭയുടെ രണ്ട് രൂപതയുടെ ആശംസാ വിഡിയോകള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. യുഡിഎഫിന്റെ വോട്ട് ബാങ്കാണ് സഭയുടേത്. ഇവര്‍ അന്‍വറിനൊപ്പം നില്‍ക്കുന്നു എന്നത് എടുത്തു പറയണം. കഴിഞ്ഞ ദിവസം തൃണമൂല്‍ എംപിമാര്‍ കത്തോലിക സഭാ നേതാക്കളെയും പാണക്കാട്ടെ തറവാടും സന്ദര്‍ശിച്ചിരുന്നു. ഇനിയും കൂടുതല്‍ തൃണമൂല്‍ നേതാക്കളെ കേരളത്തിലെത്തിച്ച് കളം നിറയാനാണ് പിവി അന്‍വറിന്റെ ആലോചന.

ഒരു പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തില്‍ മറ്റൊരു പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുക അപൂര്‍വമാണ്. എന്നാല്‍ തൃണമൂല്‍ സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ എത്തിയത് പിവി അന്‍വറിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വരുംനാളുകളില്‍ അദ്ദേഹം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ലക്ഷ്യം കാണുമെന്നാണ് അന്‍വറുമായി ബന്ധമുള്ളവരും പറയുന്നത്.
മൂന്ന് കാര്യത്തിലാണ് പിവി അന്‍വറിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യമാണ് ഒന്ന്. കത്തോലിക രൂപതകളുടെ പിന്തുണയാണ് മറ്റൊന്ന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ പങ്കാളിത്തമാണ് മൂന്നാമത്തേത്. മെയ് മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോഴിക്കോട് കൂറ്റന്‍ സമ്മേളനം നടത്തുമെന്നാണ് മറ്റൊരു വിവരം.
മലബാര്‍ മേഖലയില്‍ പിവി അന്‍വര്‍ കൂടി യുഡിഎഫില്‍ എത്തുന്നതോടെ വോട്ടുകളുടെ ചോര്‍ച്ച പൂര്‍ണമായി തടയാന്‍ സാധിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം വിശ്വസിക്കുന്നു. കോണ്‍ഗ്രസിലും അന്‍വറിനെതിരായ എതിര്‍പ്പ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതോടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകുമെന്നാണ് കരുതല്‍.












Click it and Unblock the Notifications