സംഭാലിലേക്ക് പുറപ്പെട്ട ലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്: അങ്ങേയറ്റം ഭീകരമായ നടപടിയെന്ന് നേതൃത്വം
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ സംഭാല്‍ മേഖല സന്ദർശിക്കാനെത്തിയ മുസ്ലിം ലീഗ് എംപിമാരെ തടഞ്ഞതില്‍ വ്യാപക പ്രതിഷേധം. ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, പി വി അബ്ദുള്‍ വഹാബ്, കെ നവാസ് കനി, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരായിരുന്നു സംഘർഷ സ്ഥലം സന്ദർശിക്കാനായി പുറപ്പെട്ടത്. ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച ഇവരെ ഗാസിയബാദില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പുറത്തുനിന്നുള്ളവർക്ക് മുന്‍കൂർ അനുമതിയില്ലാതെ സംഭാലിലേക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പൊലീസ് നടപടി.
പള്ളിസർവ്വേയെ ചൊല്ലിയുണ്ടായ സംഘർഷത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊറാദാബാദിലെത്തി ലീഗ് പ്രവർത്തകരും പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി സംഭാലിലേക്ക് പോകാനായിരുന്നു എംപിമാരുടെ തീരുമാനം. എന്നാല്‍ സംഭാലില്‍നിന്ന് 135 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗാസിയാബാദിലെ ടോള്‍ പ്ലാസയില്‍ വെച്ച് സംഘത്തെ യുപി പൊലീസ് തടയുകയായിരുന്നു.

പാർലമെന്റ് അംഗങ്ങളായ അഞ്ചുപേർ മാത്രമാണ് പോകുന്നതെന്നും ഇരകളെ സഹായിക്കാനാണ് പോകുന്നതെന്ന് പൊലീസിനോട് വ്യക്തമാക്കിയെങ്കിലും മുന്നോട്ടുള്ള യാത്രക്ക് അനുമതി ലഭിച്ചില്ല. പൊലീസുമായി ഏറെ നേരം തർക്കത്തിലേർപ്പെട്ടെങ്കിലും ഒടുവില്‍ എംപിമാർ ഡല്‍ഹിയിലേക്ക് മടങ്ങി. സംഘർഷ കേസിൽ സമാജ്വാദി പാർട്ടി എംപി സിയ ഉർ റഹ്മാന് യു പി പൊലീസ് നോട്ടീസ് നല്‍കിയതായുള്ള വാർത്തകളും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, എംപിമാരെ തടഞ്ഞ നടപടി ഭീകരമാണെന്ന് മുസ്ലിം ലീഗ് നേതൃത്വം പ്രതികരിച്ചു. 'കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പൊലീസ് വെടിവയ്പിൽ അഞ്ച് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ട സംഭാല്‍ പ്രദേശം സന്ദർശിക്കാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ സംഭവം അങ്ങേയറ്റം ഭീകരമാണ്.' ലീഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രദേശത്തെ പ്രയാസപ്പെടുന്ന ജനങ്ങളെയും നേരിൽ കാണാനും ആശ്വാസങ്ങൾ പകരാനുമായിരുന്നു നേതാക്കൾ പുറപ്പെട്ടത്. എന്നാൽ സംഭവ സ്ഥലത്തിന് 130 കിലോമീറ്റർ ഇപ്പുറത്ത് ഗാസിയാബാദ് സജറാബി ചെക്പോസ്റ്റ് പരിസരത്ത് വൻ പൊലീസ് സംഘം എംപിമാരെ തടയുകയായിരുന്നു. ഏറ്റവും അടുത്ത മുറാദാബാദിൽ നേതാക്കളെ കാത്ത് നിന്ന പാർട്ടി പ്രവർത്തകരെപ്പോലും കാണാൻ അനുവദിക്കാത്ത കിരാത നടപടിയാണ് പൊലീസ് സ്വീകരിച്ചത്.
സംബലിലെ ഷാഹി മസ്ജിദിൽ കയറാനെത്തിയ പൊലീസുകാരാണ് അഞ്ച് യുവാക്കളെ വെടിവച്ച് കൊന്നത്. പൊലീസിനും യുപിയിലെ യോഗി സർക്കാറിനും എന്താണ് ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാനുള്ളത്. ജനപ്രതിനിധകളോട് പോലും ജനാധിപത്യവിരുദ്ധമായി പെരുമാറുന്ന ഭീകരാവസ്ഥ തിരുത്തണം. പൊലീസുമായി സംഘർഷത്തിന് മുതിരുന്നില്ലെന്നും തങ്ങൾ തിരിച്ച് പോവുകയാണെന്നും അറിയിച്ച ഇടി മുഹമ്മദ് ബഷീർ അടുത്ത ദിവസം യു പിയിലെ മുസ്‌ലിം ലീഗ് നേതാക്കളോട് നിയമ നടപടികളെ കുറിച്ച് സംസാരിക്കാനും മറ്റുമായി ഡൽഹിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി വ്യക്തമാക്കി.












Click it and Unblock the Notifications