മുസ്ലിം ലീഗ് വേറിട്ട പാതയില്‍; വനിതകള്‍ പാര്‍ലമെന്ററി ബോര്‍ഡില്‍, മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് എത്തുന്നത് പുതിയ മാറ്റങ്ങളോടെ. മൂന്നു ടേം വ്യവസ്ഥയില്‍ ചില ഇളവ് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. മൂന്ന് ടേം പൂര്‍ത്തിയായതു കൊണ്ട് കഴിഞ്ഞ തവണ ഒരു ടേം മാറി നിന്ന പ്രധാന നേതാക്കള്‍ക്കാണ് ഇളവ് നല്‍കുക. ഇവരുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ വിജയത്തിന് അനിവാര്യമാണ് എന്ന് തോന്നിയാല്‍ മല്‍സരിക്കാന്‍ അവസരം നല്‍കും.
വാര്‍ഡ് മുതല്‍ നിജോയക മണ്ഡലം വരെയുള്ള കമ്മിറ്റുകളുടെ ഏകകണ്ഠമായ ശുപാര്‍ശ ഉണ്ടെങ്കിലാണ് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുക എന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. എന്നാല്‍ മൂന്നിലധികം തവണ ജനപ്രതിനിധികള്‍ ആയവര്‍ക്ക് ഈ പരിഗണന നല്‍കില്ല എന്നും സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ട്.

മൂന്ന് ടേം വ്യവസ്ഥ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്താണ് മുസ്ലിം ലീഗ് കര്‍ശനമായി നടപ്പാക്കിയത്. ഒട്ടേറെ യുവാക്കള്‍ മല്‍സര രംഗത്തേക്ക് കടക്കാന്‍ ഇത് സഹായിച്ചിരുന്നു. ഇത്തവണയും ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചില ഇളവുകള്‍ നല്‍കിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം.
എല്ലാ പാര്‍ലമെന്ററി ബോര്‍ഡുകളിലും വനിതകള്‍
വനിതാ പ്രാതിനിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി ബോര്‍ഡുകളില്‍ വനിതകളെ കൂടി ഉള്‍പ്പെടുത്തി. നിരവധി വനിതകള്‍ കൂടി മല്‍സര രംഗത്തുള്ള സാഹചര്യത്തിലാണിത്. വനിതകളുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ വനിതാ പാര്‍ലമെന്റംഗങ്ങളുടെ നിര്‍ദേശങ്ങളും നിര്‍ണായകമാകും.
ജില്ലാ പാര്‍ലമെന്ററി ബോര്‍ഡുകളിലേക്ക് സംസ്ഥാന കമ്മിറ്റി വനിതാ അംഗങ്ങളെ നിര്‍ദേശിച്ചിട്ടുണ്ട്. നിയോജക മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡുകളിലേക്ക് ജില്ലാ കമ്മിറ്റികള്‍ വനിതാ അംഗങ്ങളെ നിയോഗിക്കും. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി പാര്‍ലമെന്ററി ബോര്‍ഡുകളിലേക്ക് നിയോജക മണ്ഡലം കമ്മിറ്റി വനിതാ അംഗങ്ങളെ നിര്‍ദേശിക്കും.
ജില്ലാ പാര്‍ലമെന്ററി ബോര്‍ഡുകളിലേക്ക് സംസ്ഥാന കമ്മിറ്റി നിയോഗിച്ച വനിതകള്‍ ഇവരാണ്- കാസര്‍ഗോഡ്- പി സഫിയ, കണ്ണൂര്‍- സാജിദ ടീച്ചര്‍, വയനാട്- ജയന്തി രാജന്‍, കോഴിക്കോട്- അഡ്വ. പി കുല്‍സു, മലപ്പുറം- സുഹറ മമ്പാട്, പാലക്കാട് - ഷംല ഷൗക്കത്ത്, തൃശൂര്‍- അഡ്വ. നഫീസ, എറണാകുളം- സാജിത നൗഷാദ്, ഇടുക്കി- ബ്രസീലിയ ഷംസുദ്ദീന്‍, ആലപ്പുഴ- ഷാഹിന നിയാസി, കോട്ടയം- സറീന ഹസീബ്, പത്തനംതിട്ട- ഷീന പടിഞ്ഞാറ്റകര, കൊല്ലം- മീര റാണി, തിരുവനന്തപുരം- സബീന മറ്റപ്പള്ളി.












Click it and Unblock the Notifications