ലീഗിനെ സ്വീകരിക്കാം, കോണ്‍ഗ്രസിനെ തള്ളണം, പ്രതീക്ഷിക്കാത്ത പലരും എല്‍ഡിഎഫിലെത്തുമെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍: കോണ്‍ഗ്രസിനെ തള്ളിപറയുകയാണെങ്കില്‍ മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ലീഗിന്റെ മുന്നണി പ്രവേശം അപ്പോള്‍ മാത്രം ആലോചിക്കാവുന്ന കാര്യമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ വാതില്‍ ആര്‍ക്ക് മുന്നിലും അടയ്ക്കില്ല. മുന്നണി ശക്തപ്പെടുകയാണ്. മുന്നണി വിപുലീകരണം എല്‍ഡിഎഫിന്റെ നയമാണ്. ഇടതുമുന്നണിയിലേക്ക് പ്രതീക്ഷിക്കാത്ത പലരും വരുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന പിജെ കുര്യന്‍, മാണി സി കാപ്പന്‍ എന്നിവരെ എല്‍ഡിഎഫിലേക്ക് ജയരാജന്‍ സ്വാഗതം ചെയ്തു.

ആര്‍എസ്പി പുനര്‍ചിന്തനം നടത്താന്‍ തയ്യാറാവണം. അവര്‍ യുഡിഎഫിലേക്ക് പോയതോടെ ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ആ പാര്‍ട്ടി ഈ നിലയിലെത്താന്‍ കാരണം. അവര്‍ പുനപരിശോധന നടത്തിയാല്‍ വളരെ നല്ലത്. എല്‍ഡിഎഫ് നയങ്ങള്‍ അംഗീകരിച്ച് വന്നാല്‍ പിജെ കുര്യനുമായും സഹകരിക്കാന്‍ തയ്യാറാണ്. മാണി സി കാപ്പന്‍ വന്നാലും ഇത് തന്നെയാണ് നിലപാടെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് വേണമോ വേണ്ടയോ എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് കാലത്താണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ജയരാജന്‍ വ്യക്തമാക്കി.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത നേതാക്കള്‍ക്കായി വാഹനം രുക്കി കൊടുത്തത് സിപിഎം തന്നെയാണ്. നേതാക്കള്‍ക്ക് നല്ല സൗകര്യമൊരുക്കി നല്‍കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. പാര്‍ട്ടി നേതാക്കളെ ഓട്ടോയില്‍ കയറ്റാനാവില്ല. മിനിമം പോയാല്‍ ഇന്നോവയാണ് പരിഗണിക്കുക. മുമ്പ് ആഢംബര വാഹനം അംബാസിഡറായിരുന്നു. ഇന്ന് ഇന്നോവ ആഡംബര വാഹനമല്ല. അതുകൊണ്ടാണ് ഫോര്‍ച്യൂണര്‍ ഉപയോഗിച്ചത്. സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തിന് മറുപടി നല്‍കുകയായിരുന്നു ഇപി ജയരാജന്‍.
പി ശശിക്ക് പൊളിറ്റിക്കല്‍ സെക്രട്ടറിയാവാന്‍ ഒരു അയോഗ്യതയുമില്ലെന്ന് ഇപി വ്യക്തമാക്കി. പി ജയരാജന്‍ നേരത്തെ ശശിയുടെ നിയമനത്തെ വിമര്‍ശിച്ചിരുന്നു. വീഴ്ച്ചകള്‍ ഇനിയും അദ്ദേഹത്തില്‍ നിന്നുണ്ടാവാമെന്നായിരുന്നു പി ജയരാജന്റെ വിമര്‍ശനം. ഇത് ഇപി ജയരാജന്‍ തള്ളി. പി ശശിയുടെ നിയമനം ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി എടുത്തത്. ഒരാള്‍ക്കെതിരെ നടപടിയെടുത്താല്‍ അതൊരിക്കലും ആജീവനാന്തമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം സുരക്ഷിതരാണ്. ഇടതുഭരണത്തില്‍ ക്രൈസ്തവര്‍ക്ക് ആശങ്ക വേണ്ട. ലൗ ജിഹാദും, നാര്‍ക്കോട്ടിക് ജിഹാദും ഇല്ല. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
അതേസമയം കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് സിപിഐ എതിരല്ല. എന്നാല്‍ പദ്ധതിക്ക് സിപിഐ എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇപി പറഞ്ഞു. അതേസമയം നേതൃത്വം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ദൗത്യമാണെന്നും, ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications