'അല്പം കൂടുന്നുണ്ട്, പാകത്തിന് മതി': പിഎംഎ സലാമിന് മറുപടിയുമായി എസ്കെഎസ്എസ്എഫ്
കോഴിക്കോട്: ലീഗ് - സമസ്ത തർക്കത്തില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന് മറുപടിയുമായി എസ് കെ എസ് എസ് എഫ്. എസ് കെ എസ് എസ് എഫിൻ്റെ പ്രസിഡൻ്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിൻ്റെ മനോനില കൂടിയാണ് വെളിവാക്കുന്നതെന്നാണ് എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി റഷീദ് അലി ഫൈസി വെള്ളായിക്കോട് അഭിപ്രായപ്പെടുന്നത്.
'എസ് കെ എസ് എസ് എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങൾ പതിനാല് വർഷം പ്രസിഡൻ്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങൾ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോൾ ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങൾക്ക് നേതാക്കൾ തന്നെയാണ്. എസ് കെ എസ് എസ് എഫിൻ്റെ പ്രസിഡൻ്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിൻ്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർടി സെക്രട്ടറി ആയാൽ മതി വഹാബി വാക്താവാകേണ്ട.' റഷീദ് അലി ഫൈസി വെള്ളായിക്കോട് ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിന് പിന്നാലെ, പി എം എ സലാം സമുദായത്തിൽ ചിദ്രതയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കി എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്ത് വന്നു. പി എം എ സലാം സമുദായത്തിൽ ചിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആദ്യം സമസ്ത അധ്യക്ഷനെ വാർത്താ സമ്മേളനത്തിൽ വെച്ച് അദ്ദേഹം അവഹേളിച്ചു. ഇപ്പോൾ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോൾ ഒപ്പിടുന്നയാൾ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിൻ്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്ത് വരുന്നത്.
സമസ്തയും മുസ് ലിം ലീഗും കാലങ്ങളായി നിലനിർത്തിപ്പോരുന്ന സൗഹൃദത്തെ തകർക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും സമസ്തക്കും അതിൻ്റെ നേതാക്കൾക്കുമെതിരെ വന്നാൽ അവർ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications