മുസ്ലിം ലീഗ് പുലര്‍ത്തുന്ന മൗനം ദുരൂഹം; സാദിഖലി തങ്ങള്‍ക്ക് തുറന്ന കത്തെഴുതി വി ശിവന്‍കുട്ടി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരും മുസ്ലിം ലീഗ് മന്ത്രിമാരും സ്വീകരിക്കുന്ന നിലപാടുകളിലെ ദുരൂഹത സൂചിപ്പിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്തെഴുതി. കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിനേറ്റ പ്രഹരമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ പച്ചക്കൊടി കാണിച്ചു. മദ്യത്തിന്റെ നികുതി കുറച്ച് മദ്യപാനം പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചു. ഇതെല്ലാം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. എന്തുകൊണ്ട് കര്‍ശന നിലപാട് സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രിയെ വിളിച്ച് ശക്തമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നു. അല്ലെങ്കില്‍ മന്ത്രിമാരോട് രാജിവെക്കാന്‍ പറയാനുള്ള ആര്‍ജവം കാണിക്കേണ്ടതല്ലേ എന്നും ശിവന്‍കുട്ടി ചോദിക്കുന്നു.

വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ച തുറന്ന കത്ത് വായിക്കാം: ബഹുമാനപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഭിവാദ്യങ്ങള്‍.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ അങ്ങേയറ്റം ഗൗരവതരമായ ചില വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്തെഴുതുന്നത്. മതേതര കേരളം വലിയ ആശങ്കയോടെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്നത്. ഭരിക്കുന്ന കക്ഷികളിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യങ്ങളില്‍ പുലര്‍ത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണ്.
മതേതരത്വത്തിന്റെ പാരമ്പര്യം പേറുന്നവരാണ് മുസ്ലിം ലീഗ് എന്ന് അവകാശപ്പെടുമ്പോള്‍, ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിരോധാഭാസമായി മാറുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്നുള്ള മന്ത്രി ഷാജിയുടെ പ്രസ്താവന, മതേതര കേരളത്തിന്റെ ആത്മവീര്യത്തിന് മേല്‍ പതിച്ച പ്രഹരമാണ്. സര്‍ക്കാര്‍ പണം മുടക്കി പണിത അഞ്ചു ലക്ഷം വീടുകളില്‍ ഒരു ഭരണകര്‍ത്താവിന്റെയും ചിത്രം പതിപ്പിക്കരുതെന്ന് നിര്‍ബന്ധബുദ്ധിയോടെ നിലപാടെടുത്തവരാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. എന്നാല്‍, ഇന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ആ പാരമ്പര്യത്തെ കാറ്റില്‍പ്പറത്തി സംഘപരിവാര്‍ അജണ്ടകള്‍ക്ക് കുടപിടിക്കുകയാണ്.
പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പച്ചക്കൊടി കാണിക്കാന്‍ ലീഗ് മന്ത്രിമാര്‍ തയ്യാറായതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതി ഇതിനെ വിമര്‍ശിക്കുന്നതിന് പകരം, ഈ തീരുമാനങ്ങള്‍ തിരുത്താന്‍ മുഖ്യമന്ത്രിയെ വിളിച്ച് കര്‍ശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാന്‍ അങ്ങ് തയ്യാറല്ലെങ്കില്‍, മന്ത്രിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?
ഇതിനെല്ലാം പുറമെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതിലെ സംഘപരിവാര്‍ രാഷ്ട്രീയം. സംഘപരിവാര്‍ പശ്ചാത്തലമുള്ള ഒരാളെ ഇത്തരമൊരു സുപ്രധാന പദവിയില്‍ നിയമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പോലും മറച്ചുവെക്കപ്പെട്ടത് ആരുടെ താല്പര്യപ്രകാരമാണ്? വോട്ടര്‍ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ബി.ജെ.പിക്ക് അനായാസം ഇടപെടാന്‍ വഴിയൊരുക്കുന്നതല്ലേ ഈ നിയമനം?
മതേതരത്വവും കേരളത്തിന്റെ സാമൂഹിക സുസ്ഥിതിയും സംരക്ഷിക്കാന്‍ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം കാവി അജണ്ടകള്‍ക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സി.പി.ഐ(എം) പോരാട്ടം തുടരുക തന്നെ ചെയ്യും.
സ്‌നേഹത്തോടെ,
വി. ശിവന്‍കുട്ടി
സി.പി.ഐ(എം) സംസ്ഥാന സമിതി അംഗം, മുന്‍ മന്ത്രി.















Click it and Unblock the Notifications