' മുഖ്യമന്ത്രിയെ മുസ്ലീം ലീഗ് നിശ്ചയിച്ച് നൽകാറില്ല, മുഖ്യമന്ത്രി ചർച്ചയല്ല ഇപ്പോൾ വേണ്ടത്'; എംകെ മുനീർ
കോഴിക്കോട്: മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് കൊടുക്കാറില്ലെന്നും കോൺഗ്രസ് തീരുമാനിക്കുന്ന വ്യക്തിയെ പിന്തുണയ്ക്കുന്നതാണ് ലീഗിന്റെ രീതിയെന്നും എംകെ മുനീർ. മുഖ്യമന്ത്രി പദവിയേക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത് അനുചിതമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വേറൊരു പാർട്ടിയുടെ മുഖ്യമന്ത്രിയെ മുസ്ലീം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെയൊരു പാരമ്പര്യം ഞങ്ങൾക്കില്ല. കോൺഗ്രസ് പാർട്ടിയുടെ തീരുമാനം വന്നശേഷം മുസ്ലീം ലീഗ് അതിന്റെ കൂടെ നിൽക്കാറാണ് പതിവ്. പിന്നെ മുഖ്യമന്ത്രിയെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ലിത്. തിരഞ്ഞെടുപ്പിലേക്ക് ഇനിയൊരു വർഷമുണ്ട്. ഈ സമയത്തിനിടയിൽ എന്തൊക്കെ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ നമ്മുക്കൊരു ധാരണയില്ല. ഇനി തദ്ദേശ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് എങ്ങനെ നിൽക്കണം, ആരെയൊക്കെ സ്ഥാനാർത്ഥികൾ ആക്കണം, എങ്ങനെ പരമാവധി പഞ്ചായത്തുകൾ പിടിച്ചടക്കണം എന്നതിനൊക്കെയായിരിക്കണം പ്രഥമ പരിഗണന.

മുന്നണി വിപുലീകരണത്തിന് നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ല.അത് മുന്നണിയിൽ കൂട്ടായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താൻ മധ്യസ്ഥത വഹിക്കണമെന്ന് യു ഡി എഫ് നേതൃത്വം നിർദ്ദേശിച്ചാൽ ലീഗ് അത്തരം കാര്യങ്ങൾ ആലോചിക്കും. കുഞ്ഞാലിക്കുട്ടി സാഹിബികെ ജോസ് കെ മാണിയുമൊക്കെ അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്നവരാണ്. അവർ പരസ്പരം കാണുമ്പോൾ സൗഹൃദം പങ്കിടും സംസാരിക്കും അപ്പോഴേക്കും മുന്നണി മാറ്റം എന്ന വാർ്ത്തകൾ ശരിയല്ല. ഇതിനൊക്കെ അപ്പുറമാണ് രാഷ്ട്രീയം', അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ പ്രശംസിച്ച് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പോസ്റ്റ് പങ്കുവെച്ചിരുന്നു. യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാമെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്‌റെ കുറിപ്പ് ഇങ്ങനെ-'പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി രമേശ് ചെന്നിത്തലയായിരുന്നു. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്‌നേഹ വിരുന്നൊരുക്കി ഫൈസാബാദ്.
ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം', പോസ്റ്റിൽ പറഞ്ഞു.
.












Click it and Unblock the Notifications