മുസ്ലിം ലീഗില്‍ 4 എംഎല്‍എമാര്‍ക്ക് സീറ്റില്ല; യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന, 2 വനിതകള്‍ മല്‍സരിക്കും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍. 11 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാനും 4 പേരെ മാറ്റി നിര്‍ത്താനുമാണ് ആലോചന. ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ മല്‍സര രംഗത്തുണ്ടാകും. പികെ ഫിറോസിനെ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ മല്‍സരിപ്പിക്കും.
2021ലെ പോലെ 27 സീറ്റില്‍ തന്നെയാകും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ലീഗ്. മലപ്പുറത്ത് പാര്‍ട്ടി മല്‍സരിക്കുന്ന 12 സീറ്റുകളും ജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ലീഗിന്. മലപ്പുറത്തെ മൊത്തം 16 മണ്ഡലങ്ങളില്‍ തവനൂര്‍, പൊന്നാനി, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആണ് മല്‍സരിക്കുക.

മൂന്നു തവണ ജയിച്ചവര്‍ മാറി നില്‍ക്കട്ടെ എന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ നയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പുറത്തെടുക്കുന്നില്ല. പകരം വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. മുതിര്‍ന്നവര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥി പട്ടികയാണ് ഒരുങ്ങുന്നത്. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ടേം വ്യവസ്ഥ ബാധകമാകില്ല.
തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ്, മലപ്പുറം എംഎല്‍എ പി ഉബൈദുള്ള, മഞ്ചേരി എംഎല്‍എ യുഎ ലത്തീഫ്, കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് എന്നിവര്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയില്ല. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, ടിവി ഇബ്രാഹീം, പികെ ബഷീര്‍, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, എകെഎം അഷ്‌റഫ്, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ വീണ്ടും മല്‍സരിച്ചക്കും.
സാധ്യതയുള്ള വനിതാ നേതാക്കള്‍
ഇത്തരണ രണ്ട് വനിതകളെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് വിവരം. ഇതിലൊന്ന് ഉറപ്പായി ജയിക്കാന്‍ സാധ്യതയുള്ള സീറ്റായിരിക്കും. സുഹ്‌റ മമ്പാട്, നൂര്‍ബിന റഷീദ്, ജയന്തി രാജന്‍ എന്നിവരില്‍ രണ്ടുപേരെ മല്‍സരിപ്പിക്കും. പികെ നവാസിന് ഇത്തവണ സീറ്റ് നല്‍കണം എന്ന അഭിപ്രായമുള്ള മുസ്ലിം ലീഗ് നേതാക്കളുണ്ട്. എന്നാല്‍ ഇക്കാര്യം വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നാണ് പ്രതികരണം. മുജീബ് കാടേരിക്കും സീറ്റുണ്ടാകും.
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് കഴിഞ്ഞ തവണയും നഷ്ടമായ മണ്ഡലമാണ് താനൂര്‍. പികെ ഫിറോസിനെ പരാജയപ്പെടുത്തി വി അബ്ദുറഹ്മാനാണ് ഇവിടെ ജയിച്ചത്. ഇത്തവണ ആര് താനൂരില്‍ മല്‍സരിക്കണം എന്ന ചോദ്യം ലീഗില്‍ സജീവമാണ്. പ്രാദേശികമായ നേതാക്കള്‍ മല്‍സരിക്കട്ടെ എന്ന ആവശ്യം താനൂരിലുണ്ട്. എന്നാല്‍ വി അബ്ദുറഹ്മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടുമെത്തിയാല്‍ ശക്തനായ നേതാവിനെ മുസ്ലിം ലീഗ് ഇറക്കിയേക്കും.
എംകെ മുനീര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ കോഴിക്കോട് സൗത്തില്‍ മല്‍സരിക്കും. കൊടുവള്ളിയില്‍ മറ്റൊരാളെ കൊണ്ടുവരും. തെക്കന്‍ കേരളത്തിലും ഇത്തവണ പ്രമുഖ നേതാക്കളെ ലീഗ് മല്‍സരിപ്പിച്ചേക്കും. കളമശേരി മുസ്ലിം ലീഗിന് പ്രതീക്ഷയുള്ള മണ്ഡലമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.












Click it and Unblock the Notifications