'വഖഫിൽ ലീഗിൻ്റെ കൊടും ചതി, സംഘ്പരിവാറിന് ഏണി വെച്ചു കൊടുക്കുന്ന നീക്കം', തുറന്നടിച്ച് കെടി ജലീൽ
അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ അറിയിച്ചതിൽ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ. രണ്ട് അമുസ്ലിം പ്രതിനിധികളെ വെക്കാതെയാണ് പിണറായി സർക്കാർ വഖഫ് ബോർഡ് പുനസംഘടിപ്പിച്ചതെന്നും ആ ഉദാത്ത തീരുമാനമാണ് മുസ്ലിംലീഗ് പിച്ചിച്ചീന്തി അറബിക്കടലിൽ എറിഞ്ഞത് എന്നും കെടി ജലീൽ തുറന്നടിച്ചു.
'' വഖഫിൽ ലീഗിൻ്റെ കൊടും ചതി. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ബന്ധപ്പെട്ട സമുദായത്തിനാണ്. ദേവസ്വം സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഹൈന്ദവ സമുദായത്തിനെന്ന പോലെ. വഖഫ് സ്വത്തുക്കൾ പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള വഖഫ് ബോർഡുകളുടെ അധികാരത്തിൽ വെള്ളം ചേർക്കാൻ ലക്ഷ്യമിട്ട് മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ച വേളയിൽ തന്നെ ഇക്കാര്യം സി.പി.എം ഉൾപ്പടെയുള്ള ഇടതു പാർട്ടികളും കോൺഗ്രസും ലീഗും ശക്തമായി ചൂണ്ടിക്കാണിച്ചിരുന്നു.
താഴേതട്ടിൽ വഖഫ് സ്വത്തുക്കളുടെ കൈകാര്യാധികാരം മഹല്ല് കമ്മിറ്റികൾക്കും മദ്രസ്സാ കമ്മിറ്റികൾക്കും യതീംഖാന-അറബിക് കോളേജ് കമ്മിറ്റികൾക്കും, ന്യൂനപക്ഷ പദവിയുള്ള വിദ്യാലയങ്ങളുടെ കമ്മിറ്റികൾക്കും, വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത മറ്റു സ്വത്തുക്കളുടെ നടത്തിപ്പു കമ്മിറ്റികൾക്കുമാണല്ലോ? വൈകാതെ ഈ കമ്മിറ്റികളിലും അമുസ്ലിങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനുള്ള "ടെസ്റ്റ് ഡോസാണ്" കേന്ദ്ര സർക്കാർ പാസ്സാക്കിയ വഖഫ് ഭേദഗതി നിയമമെന്ന് ആർക്കാണ് അറിയാത്തത്?
രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്താണ് ബി.ജെ.പി സർക്കാർ ഭേദഗതി ചെയ്തതു പ്രകാരമുള്ള വഖഫ് നിയമ പ്രകാരം ഒരു സംസ്ഥാന വഖഫ് ബോർഡ് രാജ്യത്ത് ആദ്യമായി നിലവിൽ വന്നത്. അതിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ വെക്കണമെന്ന വ്യവസ്ഥ മാത്രം പാലിക്കാതെ മറ്റെല്ലാ വ്യവസ്ഥകളും പാലിച്ച് ബോർഡ് പുനസംഘടിപ്പിച്ചു. രണ്ട് പ്രതിനിധികൾ ഇല്ലെന്നു കരുതി ബോർഡിൻ്റെ പ്രവർത്തനം തടസ്സപ്പെടുകയില്ല എന്നാണ് മുസ്ലിം സമുദായ നേതാക്കളും നിയമവിദഗ്ദ്ധരും അഭിപ്രായപ്പെട്ടത്. ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത നിലപാടും അതുതന്നെയാണ്.

മോദി സർക്കാർ കൊണ്ടുവന്ന കരിനിയമം ഇടതുസർക്കാർ കേരളത്തിൽ നടപ്പിലാക്കിയാൽ അത് ബി.ജെ.പി പ്രചരണായുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതര ബി.ജെ.പി വിരുദ്ധ സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കി അവിടങ്ങളിലും നിയമം നടപ്പിലാക്കിക്കാൻ കേരളത്തെ ചൂണ്ടിക്കാട്ടാനും കേന്ദ്ര സർക്കാർ തത്രപ്പെടും. അതിനു തടയിടാനാണ് രണ്ടാം പിണറായി സർക്കാർ വിയോജിപ്പുള്ള കാര്യത്തിൽ തീരുമാനമെടുക്കാതെ വഖഫ് ബോർഡ് പുന സംഘടിപ്പിച്ച് രാജ്യത്തിനു തന്നെ മാതൃക കാട്ടിയത്.
ആ ഉദാത്ത തീരുമാനമാണ് മുസ്ലിംലീഗ് പിച്ചിച്ചീന്തി അറബിക്കടലിൽ എറിഞ്ഞത്. ബി.ജെ.പിയുടെ കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും മുൻ യു.ഡി.എഫ് സർക്കാരിൻ്റെ ചീഫ് വിപ്പ് പി.സി ജോർജിൻ്റെ മകനുമായ ഷോൺ ജോർജാണ്, കേന്ദ്ര വഖഫ് നിയമം അനുസരിച്ച് കേരള വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല എന്നാരോപിച്ച് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വാഭാവികമായും കോടതി സർക്കാരിനോട് അഭിപ്രായം ആരായും.
അതിനുള്ള മറുപടിയായാണ് കേരളത്തിലെ ലീഗ് ഉൾപ്പെടുന്ന വി.ഡി സതീശൻ സർക്കാർ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾകൊള്ളിച്ച് വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഹൈകോടതിയെ അറിയിച്ചത്. പി.എം ശ്രീക്കു ശേഷം ലീഗിൻ്റെ കടുത്ത സമുദായ വഞ്ചനയും കൊടിയ ചതിയുമാണ് വഖഫ് ബോർഡ് വിഷയത്തിലും വെളിപ്പെട്ടിരിക്കുന്നത്. ഇതെങ്ങാനും ഇടതു സർക്കാരാണ് ചെയ്തിരുന്നതെങ്കിൽ ഒന്നാലോചിച്ച് നോക്കൂ. എന്തുമാത്രം വർഗ്ഗീയതയാകും ലീഗും ലീഗനുകൂല സമുദായ സംഘടനകളും നാട്ടിൽ ചീറ്റിയിട്ടുണ്ടാവുക?
വഖഫ് നിയമത്തിൽ സംഘി സർക്കാർ ഭേദഗതി ചെയ്ത പ്രകാരം രണ്ട് അമുസ്ലിങ്ങളെ സംസ്ഥാന വഖഫ് ബോർഡിൽ എടുത്താൽ, മുസ്ലിംലീഗ് ഭാഗഭാക്കായ സർക്കാർ കൈക്കൊണ്ട നടപടി ചൂണ്ടിക്കാട്ടിയാകും മറ്റു സംസ്ഥാനങ്ങളിൽ നിയമം കർശനമായി നടപ്പിലാക്കാൻ സർക്കാർ മുതിരുക. വൈകാതെ മഹല്ല്-മദ്രസ്സാ കമ്മിറ്റികളിലും അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരന്നതിലേക്ക് ലീഗിൻ്റെ നിലപാട് നയിക്കുമെന്ന് ഉറപ്പാണ്. അതിനുള്ള ഏണിയാണ് മുസ്ലിംലീഗ് പുതിയ നീക്കത്തിലൂടെ സംഘ്പരിവാറിന് വെച്ചു കൊടുത്തിരിക്കുന്നത്.
ദേവസ്വം ബോർഡുകളിലെയും ക്ഷേത്ര കമ്മിറ്റികളിലെയും അംഗത്വം ഹൈന്ദവർക്കും വഖഫ് ബോർഡുകളിലെയും മഹല്ല് കമ്മിറ്റികളിലെയും അംഗത്വം മുസ്ലിങ്ങൾക്കും ചർച്ചിൻ്റെയും സഭാസ്വത്തുക്കളുടെയും അവകാശം ക്രൈസ്തവർക്കും സമ്മതിച്ചു നൽകലാണ് ഒരു മതേതര സർക്കാർ ചെയ്യേണ്ടത്. മറിച്ചുള്ള നീക്കം ഒരാളുടെ സ്വത്തിൽ അയൽക്കാരന് നിയന്ത്രണാധികാര പങ്ക് വകവെച്ച് കൊടുക്കുന്നതിന് തുല്യമാകും. മുസ്ലിം സമുദായത്തിൻ്റെ അവകാശത്തിനു നേർക്കുള്ള മോദി സർക്കാരിൻ്റെ കടന്നു കയറ്റത്തിന് പച്ചപ്പരവതാനി വിരിച്ച് വെഞ്ചാമരം വീശാൻ മുസ്ലിംലീഗ് അവസരമൊരുക്കിയത് ലീഗിൻ്റെ ചരിത്രത്തിലെ മഹാപരാധമായി കാലം രേഖപ്പെടുത്തും.
കേരള സർക്കാരിൻ്റെ ഈ കൊടും വഞ്ചനക്കെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും രംഗത്തു വരണം. ലീഗിനെയും ബി.ജെ.പിയേയും പേടിച്ച് മൗനത്തിൽ ഒളിക്കാനാണ് മുസ്ലിംസമുദായ സംഘടനകളുടെയും ഇസ്ലാമിക പണ്ഡിതൻമാരുടെയും ഖാളിമാരുടെയും ഇമാമുമാരുടെയും സമുദായ നേതാക്കളുടെയും ഭാവമെങ്കിൽ നാളെ ദൈവസന്നിധിയിൽ മറുപടി പറയാൻ അവർ ബാദ്ധ്യസ്ഥരാകും''.


Click it and Unblock the Notifications