ബലിപെരുന്നാളിന് രണ്ട് ദിവസം അവധി നല്‍കണം; ആവശ്യവുമായി മുസ്ലീം സംഘടനകള്‍
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിദ്യാലയങ്ങള്‍ക്ക് രണ്ട് ദിവസം അവധി നല്‍കണം എന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ). ഇക്കാര്യം ആവശ്യപ്പെട്ട് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനും വിദൂര ജില്ലകളിലുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും വെള്ളിയാഴ്ച കൂടി അവധി നല്‍കണം എന്നാണ് തമീമുദീന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂണ്‍ 28 ന് ആണ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അവധിക്ക് പകരമായി നിശ്ചയിച്ചിട്ടുള്ള ജൂലൈ 1 ശനിയാഴ്ച പ്രവൃത്തിദിനം അല്ലാത്ത മറ്റൊരു ശനിയാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കണം എന്നും തമീമുദ്ദീന്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ 28 നും 29 നും അവധി നല്‍കണം എന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇത് സംബന്ധിച്ച നിവേദനവും നല്‍കിയിട്ടുണ്ട്. നേരത്തെ ജൂണ്‍ 28 ന് ആയിരുന്നു സര്‍ക്കാര്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മുസ്ലിങ്ങള്‍ ദുല്‍ഹിജ്ജ 10 ന് ആചരിക്കുന്ന ബലി പെരുന്നാള്‍ 29 വ്യാഴാഴ്ചയായിരിക്കും എന്നാണ് കേരളത്തിലെ ഖാസിമാര്‍ ഐക്യ കണ്‌ഠേന പ്രഖ്യാപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 28 ലെ അവധി നിലനിര്‍ത്തിക്കൊണ്ട് തന്നെ ജൂണ്‍ 29 നും അവധി നല്‍കണം എന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ബലി പെരുന്നാള്‍ ഞായറാഴ്ചയായിരുന്നു. അതിനാല്‍ തന്നെ പിന്നീട് അവധി ദിവസം അനുവദിക്കാത്തത് ചോദ്യം ചെയ്ത് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തലേ ദിവസം രണ്ടാം ശനിയായിരുന്നതിനാലാണ് പെരുന്നാളിന് വേണ്ടി പ്രത്യേക അവധി അനുവദിക്കാത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.












Click it and Unblock the Notifications