ഡിവൈഎഫ്‌ഐ സമരത്തിന് പിന്തുണ നല്‍കിയതിന് കാരണമുണ്ട്: അഡ്വ. ഷിബു മീരാന്‍ പറയുന്നു
ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും വിദ്യാര്‍ഥികളും സമര രംഗത്തുണ്ട്. ഇത് രാജ്യത്തിന്റെ ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമരമാണ് എന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കുന്നു എന്ന് ഷിബു മീരാന്‍ പറഞ്ഞിരുന്നു. ഒറ്റക്കെട്ടായി നടത്തേണ്ട സമരമാണിത് എന്ന ബോധ്യമുള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ഷിബു മീരാന്‍ വ്യക്തമാക്കി. എന്നാല്‍ അവിടെയും ചിലര്‍ ലീഗ് വിരോധം പ്രചരിക്കുന്നു എന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. ഡല്‍ഹി സമരത്തില്‍ മുസ്ലിം ലീഗും പോഷക സംഘടനകളും നല്‍കുന്ന പങ്ക് വിശദീകരിക്കുകയാണ് ഷിബു മീരാന്‍.

അഡ്വ. ഷിബു മീരാന്റെ ഫേസ്ബുക്ക് കുറിപ്പ്: ''ചില ചൊറിച്ചിലുകള്‍ക്കു മരുന്നില്ല. ചില ചോദ്യങ്ങള്‍ക്ക് മറുപടിയും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്റെ വിജയ പരാജയങ്ങള്‍ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നതാണ് എന്നത് ഒരു പച്ച പരമാര്‍ത്ഥമാണ്. ഒരു മൂപ്പിളമ തര്‍ക്കത്തിനും ഇടയില്ലാത്ത വണ്ണം ഒറ്റക്കെട്ടായി നാം നടത്തേണ്ടുന്ന സമരമാണത്.
ഒക്ടോബര്‍ 2 ന്റെ സമര മുഖത്ത് വച്ച് ഒരു മാധ്യമത്തോട് സംസാരിക്കുമ്പോള്‍ ഡി വൈ എഫ് ഐ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നു എന്നു പറഞ്ഞത് ആ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ്. എന്നാല്‍ അവിടെയും ചിലരുണ്ട്...നിരന്തരമായ ലീഗ് വിരോധം പ്രണവായു പോലെ ശ്വസിച്ച് രാഷ്ട്രീയ അതിജീവനം നടത്തുന്നവര്‍.
രണ്ടു പതിറ്റാണ്ടു കാലം നീണ്ട വരാന്ത വാസം കഴിഞ്ഞു അകത്തു കയറാന്‍ അവസരം ലഭിച്ചപ്പോള്‍ കൂറ് കളിക്കാനുള്ള വ്യഗ്രതയില്‍ അവരിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും.. ലീഗെവിടെ ലീഗെവിടെ എന്ന്. ഇതവര്‍ക്കുള്ള മറുപടിയില്ല. കാര്യം പറഞ്ഞാല്‍ തിരിയുന്ന നേര്‍ബുദ്ധി നഷ്ടമാകാത്തവര്‍ക്ക് വേണ്ടിയാണ്. ഒക്ടോബര്‍ 2 ന് തന്നെ ഡല്‍ഹിയില്‍ യൂത്ത് ലീഗ് എം എസ് എഫ് പ്രവര്‍ത്തകര്‍ സമര മുഖത്തുണ്ട്.
ഡിവൈഎഫ്‌ഐയെ പോലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉല്‍ഘാടനത്തിനു വേണ്ടി കേരളത്തില്‍ നിന്ന് ആള് വന്നപ്പോ ഇതും കൂടി ഇരിക്കട്ടെ എന്നു കരുതി നടത്തിയ സമരമല്ല...ഡല്‍ഹി അടക്കം കേരളത്തിന് വെളിയില്‍ 20 ഓളം കേന്ദ്രങ്ങളില്‍ അന്ന് നമ്മള്‍ സമരം ചെയ്തു. എംപിമാര്‍ എവിടെ എന്നാണെങ്കില്‍ ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ചില്‍ ഇന്നവിടെ ഇ ടി മുഹമ്മദ് ബഷീറും, സമദാനി സാഹിബും അടക്കം ലീഗിന്റെ എല്ലാ എം പി മാരും പങ്കെടുക്കുന്നുണ്ട്.
ഇതോടെ അവസാനിച്ചില്ല. ഒക്ടോബര്‍ 10 മുതല്‍ യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ അവിടെ സമര മുഖത്തുണ്ടാകും. അവിടെ മുഖ്യ തിരഞ്ഞെടുപ്പ് ദല്ലാളിനേതിരായ ഈ സമരത്തില്‍ ആരുമായും ചേര്‍ന്നു നില്‍ക്കും... ഒരുമിച്ചു തന്നെ സമരം ചെയ്യും. മറ്റൊന്നും നമുക്കതിന് തടസ്സമല്ല. ഒരിക്കല്‍ കൂടി പറയട്ടെ. എത്ര പുല്ലു തിന്നാലും നിറയാത്ത ചില ജീവികളുണ്ട്. എത്ര പറഞ്ഞാലും തിരിയാത്ത ചില മനുഷ്യരും. അവരെ ഉദ്ദേശിച്ചല്ല ഈ പറഞ്ഞതൊന്നും.
ഈ നാടിന്റെ മേല്‍വിലാസം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ എന്നതില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ മതാധിപത്യം എന്നതിലേക്കു മാറ്റി എഴുതാനുള്ള ശ്രമം വിജയത്തോടടുക്കുന്ന കാലത്ത് മത നിരപേക്ഷ ശക്തികള്‍ ഒരുമിച്ചു നില്‍ക്കണം എന്നാഗ്രഹിക്കുന്ന കുറെ മനുഷ്യരുണ്ട്. അവര്‍ക്കു വേണ്ടിയാണ്.. ആ സമര മുന്നണിയിലേക്ക് പിന്നെയും പിന്നെയും ഇരമ്പിയെത്താന്‍, ആരുടെ കൂടെയും ഒരുമിക്കാന്‍, അവസാനം വരെ പൊരുതി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് മറ്റൊന്നും മറ്റൊന്നും തടസമല്ല.''


Click it and Unblock the Notifications
