മുനവറലി തങ്ങള്‍ക്കെതിരെ കേസ്; പികെ ഫിറോസും ഫാത്തിമയും പ്രതികള്‍, കൊച്ചി സ്തംഭിച്ചതില്‍ നടപടി
കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജാഥ നടത്തി ഗതാഗതം സ്തംഭിപ്പിച്ചതില്‍ പോലീസ് നടപടി. സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ പികെ ഫിറോസ്, ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് കേസ്. കൂടാതെ കണ്ടാലറിയുന്ന 2000ത്തോളം പേരെയും പ്രതിചേര്‍ക്കും. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസെടുത്തത്.
കഴിഞ്ഞ മൂന്ന് ദിവസം മറീന്‍ ഡ്രൈവില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം നടന്നിരുന്നു. ഇതിന്റെ സമാപനം കുറിച്ചാണ് ഞായറാഴ്ച വൈകീട്ട് റാലി നടത്തിയത്. സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരെല്ലാം പങ്കെടുത്തു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ കൊച്ചിയിലേക്ക് എത്തിയതോടെ കൊച്ചി സ്തംഭിച്ചു.

സമാപന റാലി നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത്രയധികം ആളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചില്ല. ഗോശ്രീ പാലം മുതല്‍ പൂര്‍ണമായും അടഞ്ഞ പോലെയായി. വൈപ്പിന്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. സന്ധ്യയോടെയാണ് റാലി കഴിഞ്ഞത്. എന്നിട്ടും റോഡിലെ കുരുക്ക് അഴിഞ്ഞില്ല. റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിന് അര്‍ധരാത്രിയായി.
അനുമതിയില്ലാതെ സംഘം ചേരുക എന്ന ബിഎന്‍എസ് 189(2) വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. പോലീസ് പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ജനക്കൂട്ടം റാലിയിലേക്ക് എത്തിയതാണ് റോഡ് സ്തംഭിക്കാന്‍ കാരണം. മാത്രമല്ല, റോഡില്‍ മുഴുവനായും പ്രവര്‍ത്തകര്‍ നിറഞ്ഞതോടെ വാഹനങ്ങള്‍ക്ക് നീങ്ങാന്‍ സാധിച്ചില്ല. റാലി കഴിഞ്ഞിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇതിടയാക്കിയിരുന്നു. പിന്നാലെയാണ് പോലീസ് നേതാക്കളെ പ്രതി ചേര്‍ത്ത് കേസെടുത്തത്.
ആറ് വര്‍ഷത്തിന് ശേഷമാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗോശ്രീ ജങ്ഷന്‍ മുതല്‍ മറീന്‍ ഡ്രൈവിലേക്ക് റാലി നടത്താന്‍ നേരത്തെ അനുമതി നല്‍കിയതാണ്. ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ പാര്‍ക്ക് അവന്യു റോഡ്, ഷണ്‍മുഖം റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ചാത്യാത്ത് ജങ്ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications
