സ്വർണ ശേഖരത്തില്‍ ബ്രിട്ടനെ വെല്ലും കേരളത്തിലെ മുത്തൂറ്റും മണപ്പുറവുമെല്ലാം; കൈവശമുള്ളത് 381 ടൺ സ്വർണം
കേരളത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ ശേഖരത്തില്‍ വന്‍ വർധനവ്. സംസ്ഥാനത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ ബി എഫ് സി) ഒരു രാജ്യമായിരുന്നെങ്കിൽ ലോക സ്വർണ ശേഖരത്തിൽ 16-ാം സ്ഥാനത്തെത്തുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്വർണ ശേഖരത്തില്‍ ബ്രിട്ടൻ, സ്പെയിൻ, ഓസ്ട്രിയ എന്നിവയെയെല്ലാം മുത്തൂറ്റും മണപ്പുറവുമൊക്കെ അടങ്ങുന്ന കേരളത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിലാക്കും.
സംസ്ഥാനത്തെ പ്രമുഖ സ്വർണവായ്പാ സ്ഥാപനങ്ങള്‍ എല്ലാം ചേർന്ന് 381 ടൺ സ്വർണം കൈവശം വയ്ക്കുന്നുവെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. യു കെയുടെ ഔദ്യോഗിക സ്വർണ ശേഖരം 310 ടൺ മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ് (43.69 ടൺ), കെ.എസ്.എഫ്.ഇ. (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ കമ്പനികളുടെ സംയുക്ത ശേഖരം സ്പെയിന്റെ (282 ടൺ) റിസർവിനെയും മറികടക്കുന്നു. നിലവിലെ റെക്കോർഡ് വിലയിൽ ഈ ശേഖരത്തിന്‍റെ ആകെ മൂല്യം 4.6 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.

"ടയർ-3, ടയർ-4, ടയർ-5 നഗരങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്ക് സ്വർണവായ്പയാണ് ആദ്യ ചോയ്സ്. മക്കളുടെ കോളേജ് ഫീസ്, വീട് പെയിന്റ് ചെയ്യൽ, വർക്ക്ഷോപ്പിനുള്ള യന്ത്രം വാങ്ങൽ എന്നിവയ്ക്കെല്ലാം സ്വർണവായപ്കള്‍ വ്യാപകമായി എടുക്കപ്പെടുന്നു" ഇൻഡൽ മണി സി ഇ ഒ ഉമേഷ് മോഹനനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സ്വർണവില കുതിച്ചുയർന്നതോടെ വായ്പകളും വലിയ തോതില്‍ വർധിച്ചു. ഗ്രാമിന് ലഭിക്കുന്ന വായ്പയുടെ മൂല്യം ഉയർന്നു. ഇതോടെ കൂടുതൽ ആഭരണങ്ങൾ വിപണിയിലെത്തുന്നു. അൺസെക്യൂർഡ് വായ്പകൾക്കുള്ള നിയമങ്ങള്‍ ആർ ബി ഐ കടുപ്പിച്ചതും എൻ ബി എഫ് സി കളെ തുണച്ചു. "സ്വർണവില വർധന താഴ്ന്ന വരുമാന വിഭാഗത്തിന് വലിയ അനുഗ്രഹമായി എന്ന് പറയാം. അൺസെക്യൂർഡ് വായ്പകൾക്ക് നിയന്ത്രണം വന്നതോടെ ക്രെഡിറ്റ് ക്രഞ്ച് - സ്വർണവായ്പകൾ ആ വിടവ് നികത്തി," ഉമേഷ് മോഹനന്‍ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെ സ്വർണവായ്പകളിൽ 37% മാത്രമാണ് സംഘടിത മേഖലയിലുള്ളത്. 63% വായ്പകളും അൺറെഗുലേറ്റഡ് - പണയഷോപ്പുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക പലിശക്കാർ വഴിയാണ് നടക്കുന്നത്."വില കൂടിയതിനാൽ കൂടുതൽ വായ്പയെടുക്കാൻ ഉപഭോക്താക്കൾ ഓടിയെത്തുന്നില്ല. 12 മാസത്തെ വായ്പാ കാലാവധിയിൽ 5-6 മാസത്തിനുള്ളിൽ മിക്കവരും സ്വർണം വീണ്ടെടുക്കുന്നു." മുത്തൂറ്റ് ഫിൻകോർപ് സി ഇ ഒ ഷാജി വർഗീസ് പറയുന്നു.
തിരിച്ചടവില്ലാത്ത പണയ ഉരുപ്പടികളുടെ ലേല നിരക്ക് 2.5%ൽ നിന്ന് 1% ആയി കുറഞ്ഞത് ഉത്തരവാദിത്തമുള്ള വായ്പയെ സൂചിപ്പിക്കുന്നു. "കുറഞ്ഞ സ്വർണത്തിന് കൂടുതൽ തുക ലഭിക്കുന്നു, പക്ഷേ അമിത ലിവറേജിംഗില്ല," ഷാജി വർഗീസ് വ്യക്തമാക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവാണ്. രാജ്യത്തെ സ്വർണവായ്പാ വിപണിയിൽ 2950-3350 ടൺ സ്വർണം വൗൾട്ടുകളിൽ പൂട്ടിയിട്ടത് പോലെയാണ്. കേരളം തന്നെയാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളതും.












Click it and Unblock the Notifications