കുട്ടികള്‍ക്ക് തെറ്റുപറ്റി: നിര്‍മല കോളേജിലെ പ്രാർത്ഥനാ മുറി വിവാദത്തില്‍ ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി
തൊടുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജിലെ പ്രാർത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാനേജുമെന്റുമായി ചർച്ച നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് പ്രധാന രണ്ട് മഹല്ല് കമ്മിറ്റികള്‍ കോളേജിലെത്തി നടത്തിയ ചർച്ചയില്‍ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധത്തില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. അനിഷ്ടകരമായ സംഭവങ്ങളാണ് പ്രാർത്ഥന മുറിയുമായി ബന്ധപ്പെട്ട് കോളേജില്‍ നടന്നതെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി എസ് എ ലത്തീഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം മതം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണം. വിഷയത്തില്‍ കുട്ടികള്‍ക്ക് തെറ്റുപറ്റി. അതില്‍ ഖേദം പ്രകടപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം നടത്തിയ വിദ്യാർത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെവിൻ കെ കുര്യാക്കോസും വ്യക്തമാക്കി. മതസ്പര്‍ധയുണ്ടാക്കരുത്. പ്രാർത്ഥിക്കാന്‍ പ്രത്യേക സ്ഥലം വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഒരു മതവിഭാഗത്തിന് മാത്രമായി അങ്ങനെ ഒരിടം നൽകാൻ സാധിക്കില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേർത്തു.
അതേസമയം, മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മറ്റി വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ് എഫ് ഐയെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ് എഫ് ഐ.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ് എഫ് ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പ്രിൻസിപ്പാൾ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം എസ് എഫ് ഐയുടെ തലയിൽ കെട്ടിവെക്കുന്നത് സംഘപരിവാർ, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്.
എസ് എഫ് ഐ ഏരിയാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ആ ക്യാമ്പസിൽ പഠിക്കുന്ന എസ് എഫ് ഐ നേതൃത്വം ആരും തന്നെ ആ സമരത്തിൻ്റെ ഭാഗമായിട്ടില്ല. സംഘപരിവാർ - കാസ നുണ ഫാക്ടറികളിൽ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ ഉൾപ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണ്. സത്യം തിരിച്ചറിഞ്ഞ്, അത് പ്രചരിപ്പിക്കാൻ എസ് എഫ് ഐയെ സ്നേഹിക്കുന്നവർ തയ്യാറാകണമെന്നും ആർഷോ ആവശ്യപ്പെട്ടു.












Click it and Unblock the Notifications