സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് യാതൊരു ബന്ധവുമില്ല; ഗവർണറെ തള്ളി എംവി ഗോവിന്ദൻ
തിരുവനന്തപുരം: സവർക്കർക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവും ഇല്ലെന്നും ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ കഴിഞ്ഞ ദിവസം സവർക്കറെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച അവരുടെ സൗജന്യത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് രക്ഷപ്പെട്ട് പോയ ഒരാളാണ് സവർക്കറെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ സ്ഥാപിച്ച ബോർഡിനെതിരെ ഗവർണർ വിമർശിച്ചിരുന്നു. സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രു ആവുന്നത് എന്നാണ് ഗവർണർ ചോദിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 30 ന് പരീക്ഷാ ഭവന് സമീപം എസ് എഫ് ഐ വെച്ച ബോർഡാണ് ഗവർണറെ പ്രകോപിപ്പിച്ചത്.
ഇതേക്കുറിച്ച് സംസാരിക്കാൻ കരുതിയിരുന്നില്ലെന്നും ബോർഡ് കണ്ടത് കൊണ്ട് സംസാരിക്കേണ്ടി വന്നതാണെന്നും പറഞ്ഞുകൊണ്ടാണ് ആർലേക്കർ ഇതേക്കുറിച്ച് സംസാരിച്ചത്. ' ഞങ്ങൾക്കാവശ്യം ചാൻസലറെയാണ്, സവർക്കറെയല്ല എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ഗവർണർ ഇതാ നിങ്ങൾക്കൊപ്പമുണ്ട്യ നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത്? എന്നാണ് ഗവർണർ ചോദിച്ചത്. എന്ത് തെറ്റാണ് സവർക്കർ ഈ രാജ്യത്തോട് ചെയ്തത്. വീടിനെയും വീട്ടുകാരെയും അദ്ദേഹം ഓർക്കാറില്ലായിരുന്നു,. മറ്റുള്ളവരെക്കുറിച്ചാണ് എന്നും ചിന്തിച്ചത്. രാഷ്ട്രീയത്തിന്റെ വലിയ പ്രശ്നമാണ് ഇതെവന്നും ഇത്തരം പ്രവർത്തനങ്ങളെ തടയണമെന്നും വി സിയോട് ഗവർണർ പറഞ്ഞു.
' സർവകലാശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു, ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത്. സവർക്കറെയല്ല എന്ന്. എന്ത് തരം ചിന്തയാണ് അത് ? സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നത് ? സവർക്കർ എന്താണ് ചെയ്തത് ? ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാകാലത്തും പ്രവർത്തിച്ചത്. വീടിനെക്കുറിച്ചോ, വീട്ടുകാരെക്കുറിച്ചോ അല്ല സമൂഹത്തെക്കുറിച്ചാണ് അദ്ദേഹം എല്ലാ കാലത്തും ചിന്തിച്ചത്,' എന്നാണ് ഗവർണർ പറഞ്ഞത്.












Click it and Unblock the Notifications