'നേമത്ത് സംഭവിച്ചത് തൃശ്ശൂരില്‍ ആവര്‍ത്തിച്ചോയെന്ന് പരിശോധിക്കും'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമായി ഫലത്തെ കണക്കാക്കാൻ സാധിക്കില്ലെന്നും പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി , ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ കോൺഗ്രസ് വോട്ട് ബി ജെ പിയിലേക്ക് പോയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഇതേ വിധിയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ സർക്കാരിനെതിരായ ഭരണവിരദ്ധ വികാരമല്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് രണ്ടാമതും സർക്കാർ അധികാരത്തിലേറിയില്ലേ.

സ്ഥാനാർത്ഥി നിർണയം, സംഘടന പ്രവർത്തനം, രാഷ്ട്രീയ പശ്ചാത്തലം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി , ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കും. ഞങ്ങൾ നൂറ് ശതമാനം ശരിയാണ് എന്ന് പറഞ്ഞല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. ജനങ്ങളാണ് എല്ലാത്തിന്റേയും അവസാനത്തെ വിധി. ആ വിധി ഞങ്ങൾ അംഗീകരിക്കും', ഗോവിന്ദൻ പറഞ്ഞു.
നേമം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനടയാക്കിയത് കോണ്‍ഗ്രസ് വോട്ടുകൾ മറിഞ്ഞതാണ്. അതുപോലെ തൃശൂരിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. തൃശൂരില്‍ കോണ്‍ഗ്രസിന് ഒരു ലക്ഷം വോട്ടിന്റെ കുറവുണ്ട്. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. വോട്ട് കുറഞ്ഞതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കും അദ്ദേഹം പറഞ്ഞു.
അതേസമയം തൃശൂരിലെ ബി ജെ പി വിജയത്തിൽ സി പി എമ്മിന് പങ്കുണ്ടെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സുരേഷ് ഗോപിയും സി പി എമ്മും തമ്മിൽ കരാറുണ്ടായിരുന്നു. പിണറായിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് കേന്ദ്രസർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിക്കാണും.ആ ഉറപ്പിന്റെ പുറത്ത് സി പി എം ബി ജെ പിക്ക് വോട്ട് ചെയ്ത് കൊടുത്തൂവെന്നാണ് മനസിലാക്കാൻ സാധിച്ചത്', സുധാകരൻ പറഞ്ഞു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ചിട്ടയായ പ്രവർത്തനമാണ് കൂറ്റൻ വിജയം നേടാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 20 ൽ 18 സീറ്റാണ് യു ഡി എഫ് സംസ്ഥാനത്ത് നേടിയത്.












Click it and Unblock the Notifications