മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ അവതരിപ്പിച്ച സിനിമ;എമ്പുരാൻ കണ്ട് എംവി ഗോവിന്ദൻ
എമ്പുരാന്‍ എഡിറ്റഡ് പതിപ്പ് എത്തും മുൻപ് തീയ്യേറ്റിലെത്തി സിനിമ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍.ഭാര്യ പികെ ശ്യാമളയ്‌ക്കൊപ്പമാണ് ഗോവിന്ദന്‍ എത്തിയത്. കലയെ കലയായി കാണണമെന്നും ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടതെന്നും സിനിമ കണ്ടതിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
'മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായിട്ട് അവതരിപ്പിച്ച ഒരു സിനിമയെന്നാണ് എനിക്ക് തോന്നിയത്. കലയെ കലയായി തന്നെ കാണണം. സിനിമ സാമൂഹികജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന ഒരു കലാരൂപമാണ്. ഭരണകൂടഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മകമായ നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടല്‍കൂടി ആ വിവാദത്തിന്റെ ഭാഗമായി നടന്നുവെന്നാണ് ഇത് തെളിയിക്കുന്നത്', എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അസഹിഷ്ണുതയുടെ കത്രിക വെയ്ക്കും മുൻപ് താനും എമ്പുരാൻ കണ്ടുവെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാലും പ്രതികരിച്ചു. ' ശക്തമായ രാഷ്ട്രീയമാണ് എമ്പുരാൻ പറയുന്നത്. മലയാള സിനിമയുടെ നിർണായക നാഴികക്കല്ല് കൂടിയാണത്. അതുകൊണ്ടുതന്നെയാണ് കുടുംബസമേതം ഇന്ന് എമ്പുരാൻ കണ്ടത്.
പൊതു ഇടങ്ങളിൽ അവഹേളനം നടത്തിയും ഒരു കലാകാരന്റെ കുടുംബത്തെ അപമാനിക്കുകയും അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത് ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേർക്കുള്ള ആക്രമണം തന്നെയാണിത്. വെല്ലുവിളികളും ഭീരുത്വം നിറഞ്ഞ ഭീഷണികളും നേരിടുമെന്ന് ബോധ്യമുണ്ടായിട്ടും സിനിമ നിർമ്മിക്കാനും അത് പുറത്തിറക്കാനും ധൈര്യം കാണിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പൃഥ്വിരാജും മുരളി ഗോപിയും കാണിച്ച ധൈര്യം തെല്ലൊന്നുമല്ല അവരെ ഭയപ്പെടുത്തിയതെന്ന് വ്യക്തം. അതിനേറെ അഭിനന്ദനങ്ങൾ. ഇരുവരെയും ഒറ്റതിരിഞ്ഞ് ആക്രമിച്ച് ആക്രമിച്ച് ഭയപ്പെടുത്താമെന്നും പിന്തിരിപ്പിക്കാമെന്നുമുള്ള ധാരണയാണെങ്കിൽ തെറ്റി. കേരളാ സമൂഹവും ജനാധിപത്യ വിശ്വാസികളും അവർക്ക് പിറകിൽ ഒറ്റക്കെട്ടായി അണിനിരക്കും.
അതേസമയം, മലയാള സിനിമാ ലോകത്ത് തളം കെട്ടിക്കിടക്കുന്ന മൗനം അങ്ങേയറ്റം ഭയപ്പെടുത്തുന്നതും നിരാശാജനകവുമാണ്. സഹപ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ പാലിക്കുന്ന നിശബ്ദത അപകടകരമാണ്. നാളെ നിങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കലും കത്രിക വെയ്ക്കപ്പെടുമെന്നോർക്കുക.
രാഷ്ട്രീയം പറയുന്ന സിനിമകളിൽ എല്ലായ്‌പ്പോഴും ഇതേ കത്രിക വെയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇനിമുതൽ സിനിമകളിൽ നിന്ന് രാഷ്ട്രീയം മാറ്റിനിർത്തേണ്ടി വരുമെന്ന ആശങ്കയുണ്ട്. എന്നാൽ ഇനിയും മലയാള സിനിമ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ സംസാരിക്കണം. അത് കണ്ട് അസ്വസ്ഥപ്പെടുന്നവർ അസ്വസ്ഥപ്പെടട്ടെ. എമ്പുരാന്റെ മുന്നിലും പിന്നിലുമുള്ള ഓരോരുത്തരോടും ഐക്യപ്പെടുന്നു. ആക്രമിക്കാൻ നിങ്ങളെ വിട്ടുകൊടുക്കില്ല. ഒപ്പമുണ്ടാവും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications