'പാത്രം കൊട്ടാൻ പറഞ്ഞ മോദി ഇപ്പോൾ മിണ്ടുന്നില്ല, മദ്യവും കുരുമുളകും ഓംലറ്റും'; രൂക്ഷവിമർശനം
തിരുവനന്തപുരം; ദിനം പ്രതി 4,000 ത്തോളം കൊവിഡ് കേസുകളാണ് ഇപ്പോൾ കർണാടകത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിൽ മാത്രം 2000 ത്തിന് മുകളിലാണ് കേസുകൾ. കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞത് ദൈവത്തിന് മാത്രമേ ഇനി സംസ്ഥാനത്തെ രക്ഷിക്കാൻ ആകുള്ളൂ എന്നായിരുന്നു.
ഇത്തരത്തിൽ കൊവിഡ് കേസുകൾ കൈവിട്ട അവസ്ഥയിൽ നീങ്ങുമ്പോൾ ബിജെപി,കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രതിരോധ നടപടികളിൽ വരുത്തുന്ന വീഴ്ചകളെ വിമർശിക്കുകയാണ് സിപിഎം നേതാവ് എംവി ജയരാജൻ. വൈദ്യശാസ്ത്രമാർഗത്തിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുകയാണ് കേരളമെന്നും അദ്ദേഹം പറയുന്നു. പോസ്റ്റ് വായിക്കാം

മദ്യവും കുരുമുളകും ഓംലറ്റ് കഴിച്ചാൽ
'രക്ഷകർ ആരാണ്'
ജീവന്റെ വിലയുള്ള ജാഗ്രതക്കായി നമുക്ക് ഒരുമിക്കാം .ഇടത്തുപക്ഷമാണ് രക്ഷ.
ദൈവത്തിന് മാത്രമേ ജനങ്ങളെ രക്ഷിക്കാനാവൂ എന്ന് കർണ്ണാടകയിലെ ബിജെപി ആരോഗ്യമന്ത്രി നിസ്സഹായതയോടെ പറയുമ്പോൾ , കോൺഗ്രസ്സ് നേതാവും ഉള്ളാൾ മുൻസിപ്പൽ കൗൺസിലറുമായ രവിചന്ദ്ര ഗട്ടി മദ്യവും കുരുമുളകും ഓംലറ്റ് കഴിച്ചാൽ കോവിഡ് മാറുമെന്നാണ് പറയുന്നത്. വൈദ്യശാസ്ത്രമാർഗത്തിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുകയാണ് കേരളം.

പാത്രം കൊട്ടാൻ പറഞ്ഞ മോദി മിണ്ടുന്നില്ല
അതുകൊണ്ടാണ് കേരളത്തെ മാതൃകയാക്കണമെന്ന് ലോകമാകെ പറയുന്നത്. കർണ്ണാടക ബിജെപി സർക്കാർ ഉൾപ്പെടെ കോൺഗ്രസ്സും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാന സർക്കാരുകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാവാതെ ഏതാണ്ട് കൈവിട്ടതുപോലെയുള്ള രീതിയിലാണ് ഇപ്പോഴുള്ളത്. ആദ്യകാലത്ത് പാത്രം കൊട്ടിയും ടോർച്ച് തെളിയിച്ചും വൈറസിനെ തുരത്താനാഹ്വാനം ചെയ്ത പ്രധാനമന്ത്രിയാവട്ടെ, ഇപ്പോൾ യാതൊന്നും മിണ്ടുന്നുമില്ല.

ഒരു തരം വെപ്രാളമാണ്
ജനങ്ങളോട് പറയാനൊന്നുമില്ലതാനും. എല്ലാ ദിവസവും ഉന്നത ഉദ്യോഗസ്ഥന്മാരുമായും കളക്ടർമാരുമായും വീഡിയോ കോൺഫറൻസിലൂടെയും അല്ലാതെയും വിവരശേഖരണവും വിലയിരുത്തലും നടത്തി എന്താണ് ചെയ്യേണ്ടത് എന്തൊക്കെ ചെയ്തുകൂടാ എന്ന് നമ്മോട് പറയുന്ന ഏക മുഖ്യമന്ത്രിയും സർക്കാരും ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ. യുഡിഎഫും ബിജെപിയും തങ്ങൾക്ക് സാധിക്കാത്ത കാര്യം എൽഡിഎഫ് സർക്കാർ നടത്തുന്നത് കാണുമ്പോഴുള്ള അസൂയയിലാണ് എന്ന് മാത്രമല്ല, ഒരുതരം വെപ്രാളം അവരെ ബാധിച്ചിരിക്കുന്നു.

യുഡിഎഫും ബിജെപിയും ചെയ്യുന്നത്
അത് അന്ധമായ രാഷ്ട്രീയവിദ്വേഷത്തിലേക്ക് വഴിതുറന്നിരിക്കുന്നു. സ്വർണ്ണം കടത്തിയില്ലെങ്കിലും അഴിമതി നടത്തിയില്ലെങ്കിലും കൊള്ളരുതായ്മകൾനടത്തിയില്ലെങ്കിലും കുറ്റം ചെയ്തത് ബിജെപി-ലീഗ് ബന്ധമുള്ളവരാണെന്ന് തെളിഞ്ഞാലും അതിന് ഉത്തരവാദികൾ കേരള മുഖ്യമന്ത്രിയും സർക്കാരുമാണെന്ന് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ യുഡിഎഫും ബിജെപിയും ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ സാഡിസമാണ്. കോവിഡല്ല, മുഖ്യമന്ത്രിയെ കുറ്റംപറയലാണ് ഈ ദുരിതകാലത്തും ഇവരുടെ പ്രധാന രാഷ്ട്രീയ അജണ്ട. എൽഡിഎഫ് സർക്കാരിനാവട്ടെ കോവിഡിൽ നിന്ന് എങ്ങിനെ ജനങ്ങളെ രക്ഷിക്കാം എന്ന ഒരൊറ്റ അജണ്ടയും.

ജനകീയ മാതൃക
സമ്പർക്കം വഴി കോവിഡ് ബാധിതർ 60 ശതമാനമായാലും രോഗലക്ഷണം പ്രകടിപ്പിക്കാത്തവർക്ക് രോഗം വന്നാലും ഉറവിടം കണ്ടെത്താതിരുന്നാലും ബിജെപി - കോൺഗ്രസ് സർക്കാരുകളെപ്പോലെ ജനങ്ങളെ കൈവിടാത്തതാണ് ഇടതുപക്ഷത്തിന്റെ സവിശേഷത. അതിനാലാണ് 50000 കിടക്കകളുള്ള പ്രഥമതല ചികിത്സാകേന്ദ്രങ്ങൾ ഇപ്പോൾ ആരംഭിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ, ഗുരുതരമായ രോഗബാധയില്ലാത്തവരെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും സംയുക്തമായ സംരംഭമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയൊരു ജനകീയ മാതൃക LDF സർക്കാർ സ്വീകരിച്ചിരിക്കുകയാണ്.

ജീവന്റെ വിലയുള്ള ജാഗ്രതയുടെ പക്ഷത്ത്
ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നത് നിങ്ങൾ ഏത് പക്ഷത്താണ് എന്നതാണ്. അതിനുള്ള ഉത്തരം കോവിഡിന്റെ കാര്യത്തിൽ നാം ഇടതുപക്ഷത്താണെന്നായിരിക്കും. 'ജീവന്റെ വിലയുള്ള ജാഗ്രത'യുടെ പക്ഷത്താണ് നാം അണിനിരക്കേണ്ടത്. നമുക്കൊരുമിക്കാം, ജാതി-മത-രാഷ്ട്രീയത്തിനതീതമായി കോവിഡ് വിരുദ്ധ പക്ഷത്ത്. നമുക്ക് തിരസ്കരിക്കാം, പ്രളയവും വരൾച്ചയും വൈറസും ദുരിതംസൃഷ്ടിക്കുന്ന നാളുകൾ സ്വപ്നം കാണുന്ന 'തിരുവഞ്ചൂരിയന്മാരെ'.
800 കടന്ന് കൊവിഡ് കേസുകള്‍; സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് രോഗം; 629 പേര്‍ക്ക് സമ്പര്‍ക്കം വഴി..!!